Source :- SIRAJLIVE NEWS
ധാക്ക | ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ക്രൂഡ് ബോംബ് സ്‌ഫോടനങ്ങളുടെയും അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ധാക്ക മെട്രോപോളിറ്റന്‍ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. നഗരത്തിലേക്കുള്ള നാല് പ്രധാന പ്രവേശന കവാടങ്ങളിലും പോലീസ് വിന്യാസം നടത്തിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളിലായി 200 ലധികം ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന തുടരുകയാണ്.
ധാക്കയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടപടികള്‍ ശക്തമാക്കിയത്. മിര്‍പൂര്‍ (146), തേജ്ഗാവ് (79), മോട്ടിജീല്‍ (63), വാരി (57), രാംന (52), ഉത്തറ (45), ലാല്‍ബാഗ് (43), പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ (41) എന്നിങ്ങനെയാണ് പ്രധാന അറസ്റ്റുകള്‍.
ഞായറാഴ്ച ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് മുന്നിലും, മുമ്പ് സുപ്രീം കോടതിക്ക് സമീപവും ജാത്രാബാരി പോലീസ് സ്റ്റേഷന് മുന്നിലും ക്രൂഡ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ധാക്കയിലും പരിസരത്തുമായി നിരവധി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മൈമെന്‍സിങ് ടൗണിലും രാജ്ബാരിയിലെ ദൗലത്ദിയ ബസ് ടെര്‍മിനലിലും നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് അക്രമികള്‍ തീവെച്ചു.
Content Highlights: Police in Dhaka intensified security following crude bomb blasts. Over 500 people were arrested within 24 hours. Checkpoints were set up at main entrances.



