Source :- SIRAJLIVE NEWS
തിരുനബി(സ)യുടെ സമുദായമെന്ന നിലയില്‍ അവിടുത്തെ ഓര്‍ക്കുകയും ഇഷ്ടവും ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ദൈനംദിന ജീവിതത്തിലും ആരാധനകളിലും വിശ്വാസികള്‍ സദാ ഓര്‍ക്കുന്ന നബിയാണ് ഇബ്റാഹീം(അ). നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂമിയില്‍ ജീവിച്ച ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ഓര്‍മകള്‍ അന്ത്യനാള്‍ വരെ ലോകത്തുള്ള സര്‍വ വിശ്വാസികളും അഞ്ച് നേരത്തെ നിസ്കാരങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ സവിശേഷമായും സ്മരിക്കണമെന്നതിന്റെ പൊരുളെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ. ഇത്രമേല്‍ പവിത്രതയും പ്രാധാന്യവും ഇബ്റാഹീമി സ്മരണകള്ക്കുണ്ടാകാനുള്ള കാരണമെന്താകും! ഏത് കാലത്തെയും ജനതയെ നവീകരിക്കാനുതകുന്നതും അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ പര്യാപ്തമായതും ഏത് ദുര്‍ബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും സ്രഷ്ടാവിലേക്കടുക്കാനും പ്രേരിപ്പിക്കുന്നതുമായ ഒട്ടേറെ പാഠങ്ങള്‍ ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിതത്തിലുടനീളം ഉണ്ടെന്നതു തന്നെയാണ് അതില്‍ പ്രധാനം.
നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമായപ്പോഴും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു കുടുംബം സ്രഷ്ടാവിനെ അനുസരിക്കാനും അവന്റെ മുമ്പില്‍ സമര്‍പ്പിക്കാനും അനുഭവിച്ച ത്യാഗങ്ങള്‍ ഓരോ വിശ്വാസിയും എക്കാലവും സ്മരിക്കണമെന്ന സന്ദേശമാണ് ബലിപെരുന്നാളിനുമുള്ളത്. കൈയിലൊന്നുമില്ലാതെ, കൂടെയാരുമില്ലാതെ മരുഭൂമിയിലലഞ്ഞ ഒരു മാതാവും മകനും, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പിഞ്ചോമനയെ ബലിനല്‍കണമെന്ന നാഥന്റെ കല്പ്പനയുണ്ടായപ്പോള് മറുത്തൊന്നും ചിന്തിക്കാതെ പൂര്‍ണമനസ്സോടെ അതിനു തയ്യാറായ ഒരു പിതാവും മകനും… പെരുന്നാളിന്റെ പൊരുളുകള്‍ തേടിയിറങ്ങുമ്പോള്‍ ഈ അനുഭവങ്ങള്‍ നമ്മെ ഏറെ ചിന്തിപ്പിക്കും.
പ്രയാസങ്ങളെ അതിജീവിക്കുന്നവര്‍ക്ക് മഹോന്നതമായ പദവിയാണ് കൈവരാന്‍ പോകുന്നെന്നതിന്റെ സാക്ഷ്യമാണ് ഇബ്റാഹീം നബി(അ)യുടെ ജീവിത ചരിത്രം. തനിക്കു ചുറ്റും നിലനില്‍ക്കുന്ന അനാചാരങ്ങളെയും അധര്‍മങ്ങളെയും കുറിച്ച് ചെറുപ്രായത്തിലേ അവിടുന്ന് ജനങ്ങളെ ബോധവത്കരിച്ചു. സത്യമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. എന്നാല്‍ പാരമ്പരാഗതമായി നിലനിന്നിരുന്ന തെറ്റായ ജീവിത ക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരില്‍ വലിയൊരു വിഭാഗം തയ്യാറായില്ല. മാത്രവുമല്ല, സത്യപ്രബോധനം നടത്തിയതിന്റെ പേരില്‍ നംറൂദ് എന്ന ഭരണാധികാരി ഇബ്റാഹീം നബി(അ)ക്ക് നേരെ വിവിധ രൂപത്തില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞു.
കത്തിജ്വലിക്കുന്ന തീകുണ്ഡാരത്തിലേക്ക് എറിഞ്ഞു. അവിടെയെല്ലാം അല്ലാഹു സഹായമേകി. അഗ്നിനാളത്തെ, പട്ടുപോലെ മാര്ദവമാക്കി. ഇബ്റാഹീം നബിക്കൊന്നും സംഭവിച്ചില്ല. തുടര്‍ന്നും ഒട്ടേറെ വൈതരണികളെ അദ്ദേഹം അതിജീവിച്ചു. പത്നിയായ ഹാജര്‍ ബീവിയും മകന് ഇസ്മാഈല്‍ നബിയും അതീവ നിഷ്ഠയോടെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അംഗീകരിച്ചു. സാത്വികമായി ജീവിച്ചു. പൈശാചിക ബോധനകളെ അവഗണിച്ചു. അവരുടെ ജീവിതത്തിന്റെ മഹാസ്മരണയാണ് ഹജ്ജും ബലിപെരുന്നാളും. ഹജ്ജിന്റെ വിശിഷ്ട കര്‍മങ്ങള്‍ക്ക് ഈ നബി കുടുംബത്തിന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ഇഴയടുപ്പമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നുണ്ട്, ഇബ്റാഹീം നബിയെ അല്ലാഹു ഖലീലാക്കി എന്ന്. അവരുടെ വഴിയേ പിന്തുടരുന്നവര് നന്മ പ്രാപിച്ചവരാണ് എന്ന്. അത്രമേല്‍ മഹത്തരമായ പദവി അവിടുത്തേക്കു നല്കി.
ചുരുക്കത്തില്‍, ജീവിതം അല്ലാഹുവിനു സമര്‍പ്പിതമാക്കുകയാണ് ഇബ്റാഹീമിയ്യാ മില്ലത്തിന്റെ ആകെത്തുക. ശരിയായ ഏകദൈവവിശ്വാസം ഒരാളെ എങ്ങനെയാണ് നിര്‍ഭയനും അല്ലാഹുവില്‍ പൂര്‍ണമായി ഭാരമേല്പ്പിക്കുന്നവനും ആക്കുന്നതെന്ന് കൂടിയാണ് ഇബ്റാഹീം(അ)ന്റെ മാര്‍ഗം നമുക്കു പകര്ന്നുനല്കുന്ന പാഠം. ആ മാര്‍ഗം അനുധാവനം ചെയ്യുന്നവനെ വിജയിയായും അല്ലാത്തവനെ പരാജിതനായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. “സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക’ (2:130), “സദ്്വൃത്തനായിക്കൊണ്ട് അല്ലാഹുവിന് കീഴ്പ്പെടുകയും സത്യത്തിലേക്ക് ചായ്്വുള്ളവനായി ഇബ്റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന് ആരുണ്ട്?’ (4:125).
ഈ ലോകത്തെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത് അല്ലാഹു അരുളിയ പ്രകാരം ജീവിതത്തെ ക്രമപ്പെടുത്തി സമ്പൂര്‍ണമായ വിശ്വാസം ഹൃദയത്തില്‍ ഏറ്റുവാങ്ങുമ്പോഴാണ്. അങ്ങനെ വരുമ്പോള്‍ വിശ്വാസിക്ക് പ്രയാസങ്ങള്‍ വിഷമകരമേ ആകില്ല. അല്ലാഹു തനിക്കായി നിശ്ചയിച്ച ജീവിതമിതാണെന്ന് ഉള്‍ക്കൊണ്ട് അതില്‍ സമാധാനം കണ്ടെത്താന്‍ അപ്പോള്‍ സാധിക്കും. അത്തരത്തില്‍ ജീവിതത്തെ ക്രമീകരിക്കാനും എപ്പോഴും സമാധാനചിത്തരായി നിലനില്ക്കാനുമുള്ള ഒട്ടനേകം പാഠങ്ങള്‍ ഇബ്റാഹീം നബിയുടെ ജീവിതത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കുന്നുണ്ട്.
ദൈനംദിന ജീവിതത്തിനിടയില്‍ പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകുന്ന അനവധി പേരുണ്ട് നമുക്ക് ചുറ്റും. രോഗികള്‍, സാമ്പത്തിക പരാധീനതയുള്ളവര്‍, കുടുംബപ്രശ്നമുള്ളവര് തുടങ്ങി പലവിധ കാരണങ്ങളാല്‍ അകം വേവുന്നവര്‍. ജീവിതം അസഹനീയമാണെന്ന് വിധിയെഴുതുന്നവര്‍ക്കും നല്ലൊരു നാളെയില്ലേ എന്നാശങ്കപ്പെടുന്നവര്ക്കും ഓരോ വര്‍ഷവും ബലിപെരുന്നാള്‍ ശക്തമായ സന്ദേശം നല്കുന്നു. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്ത നിലക്കാണ് അല്ലാഹു സംവിധാനിച്ചതെങ്കിലും എല്ലാവര്ക്കും സന്തോഷിക്കാനുള്ള വകയുണ്ടതില്‍.
അനുഭവത്തിന്റെ തീക്ഷ്ണതക്കനുസരിച്ച് അനുസ്മരണത്തിന്റെയും ആനുകൂല്യത്തിന്റെയും തീക്ഷ്ണത അല്ലാഹു നല്‍കുമെന്ന് ബലിപെരുന്നാള്‍ നിരന്തരം ഉദ്ഘോഷിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടും വീടും വിട്ട് നാട്ടുകാരാരുമില്ലാത്ത മരുഭൂമിയില്‍ എത്തിപ്പെട്ട ഹാജര്‍ ബീവി ഒരിക്കല്‍ പോലും നിനച്ചിരിക്കില്ല താനിത് ചെയ്യുന്നത് ലോകം കണ്ട ഏറ്റവും വലിയ ചരിത്ര സാക്ഷ്യമായി മാറാന്വേണ്ടിയാണെന്ന്. ഇന്ന് ഹാജര്‍ ബീവിയുടെ കാല്പാടുകള് തേടി ലക്ഷോപലക്ഷം മക്കയിലണയുന്നുവെങ്കില്‍ പരീക്ഷണങ്ങള്‍ നേരിടുന്നവര്‍ക്ക് എന്നും ഇത് പാഠമാണ്. സാറാ ബീവിയും ഹാജര്‍ ബീവിയും മകന് ഇസ്മാഈല്‍ നബിയും ഭര്‍ത്താവ് ഇബ്റാഹീം നബിയും അനുഭവിച്ചതും പിന്നീട് അവര്‍ക്ക് കിട്ടിയതുമോര്ക്കുമ്പോഴും എല്ലാ പരീക്ഷണങ്ങളും അവസാനം നല്ലതിലേ കലാശിക്കൂവെന്ന ശുഭചിന്ത മനുഷ്യനില്‍ ഉയര്‍ന്നു വരണം. ഏത് തീച്ചൂളയിലും അല്ലാഹുവിനെ കൈവിടാതിരിക്കാനും എല്ലാം അവനില്‍ ഭരമേല്പ്പിക്കാനും സാധിക്കണം. അപ്പോള്‍ ക്രമേണ നമ്മുടെ വഴിയും തെളിഞ്ഞു വരും.
നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചുവെന്നത് തന്നെയാണ് ഇബ്റാഹീം നബി(അ)നെയും കുടുംബത്തെയും ഇത്ര പവിത്രതയുള്ളവരാക്കിയത്. അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവര്‍ക്ക് ആത്യന്തിക വിജയമുണ്ടെന്ന് ഈ അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ചെറുപ്രായം മുതലേ പരീക്ഷണങ്ങളെമ്പാടുമുണ്ടായിട്ടും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ അവിടുന്ന് മുതിര്‍ന്നില്ല. നിയമങ്ങള്‍ നല്ല വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിക്കും. നിയമങ്ങളൊന്നുമില്ലാത്ത ലിബറല്‍ ജീവിതം സ്വപ്നം കാണുന്നവര്‍ ഇക്കാലത്ത് ഏറി വരുന്നുണ്ടോ എന്നത് ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇത്രയും ആധുനികമായ, ലിബറല്‍ ചിന്താഗതികളും ജീവിത രീതികളും പിടിമുറുക്കുന്ന ഒരു സമൂഹമാണിപ്പോള്‍ നിലവിലുള്ളത്. അവിടെ വിശ്വാസവും ആദര്‍ശവും മുറുകെപ്പിടിക്കുകയെന്നത് വലിയ കടമ്പ തന്നെയാണ്. മുന്‍ഗാമികളുടെ ചരിത്രവും ജീവിത പാഠങ്ങളും നമ്മെ പ്രാപ്തമാക്കേണ്ടതും അത്തരം നേരായ ജീവിതത്തിനാണ്. ഇബ്റാഹീമി സ്മരണകള്‍ അതിനുള്ള ഊര്‍ജം നമുക്ക് നല്‍കും.
അല്ലാഹുവിനെ ആരാധിക്കാനും ഈ ഭൂമിയില്‍ നന്മചെയ്യാനും സൃഷ്ടിക്കപ്പെട്ട നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ലഹരി പോലുള്ള പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദൃഢപ്രതിജ്ഞ ചെയ്യാന്‍ ഈ ആഘോഷവേളകള്‍ നാം ഉപയോഗപ്പെടുത്തണം. വ്യക്തിപരമായ ആരാധനകളും കടപ്പാടുകളും നിര്‍വഹിക്കുന്നതോടൊപ്പം നമ്മുടെ മക്കളെ, കുടുംബാംഗങ്ങളെ ദീനീ ചിട്ടകള്‍ പഠിപ്പിക്കാനും ഇലാഹീ സ്മരണകള്‍ അവരുടെ ഉള്ളില്‍ നിറയ്ക്കാനും തിരുനബി സ്നേഹത്തിന്റെ മാധുര്യം അനുഭവിപ്പിക്കാനും നാം സമയം കണ്ടെത്തണം. മുഴുവന്‍ അംഗങ്ങളും റബ്ബിനെ അനുസരിച്ച് ജീവിക്കുന്ന, അവന് നന്ദി പറയുന്ന, അവന്റെ വിധിയിലും പരീക്ഷണങ്ങളിലും തൃപ്തിപ്പെടുന്ന കുടുംബാന്തരീക്ഷം നാം രൂപപ്പെടുത്തണം.
ലോകമെങ്ങും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഈ ബലിപെരുന്നാള്‍ വരുന്നത്. പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും സാമ്പത്തികമായും സാമൂഹികപരമായുമുള്ള അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട സാഹചര്യമുണ്ട്. ഒട്ടനേകം പേര്‍ക്കാണ് ഈ കാലയളവില്‍ തൊഴില്‍ നഷ്ടമായത്. വിലക്കയറ്റവും വിഭവ ദൗര്‍ലഭ്യതയും വേറെ. ഇവയെല്ലാം സാധാരണ മനുഷ്യരുടെ ജീവിതം ഏറെ ദുസ്സഹമാക്കിയിട്ടുണ്ട്. പലവിധത്തില്‍ നമുക്കുചുറ്റും പ്രയാസമനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കാനും രോഗികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, കുട്ടികള്‍, തൊഴില്‍രഹിതര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സ്നേഹവും സന്തോഷവുമെത്തിക്കാനും പെരുന്നാള്‍ ദിവസം ഉത്സാഹിക്കണം. ലഹരി ഉപയോഗം, അക്രമങ്ങള്‍, തിന്മകള് എന്നിവക്കെതിരെ മുന്നോട്ട് വരാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ആഘോഷ വേളകള്‍ ഉപയോഗപ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ.







