Home rss national malayalam പുതിയ വാർത്ത സർഗാത്മക സംവാദത്തിന്റെ ഇടം

സർഗാത്മക സംവാദത്തിന്റെ ഇടം

5
0

Source :- SIRAJLIVE NEWS

തമിഴ്- ദ്രാവിഡ സംസ്‌കാരത്തിന്റെ പ്രതിരോധ പാരമ്പര്യവും ചരിത്രപരമായ ബഹുസ്വരതയും നിലനില്‍ക്കുന്ന ചെന്നൈ നഗരം സമാനതകളില്ലാത്ത ഒരു സർഗാത്മക നവീകരണ പ്രക്രിയക്ക് സാക്ഷ്യം വഹിക്കുകയാണ്. കലയും സാഹിത്യവും വെറും വാണിജ്യപരമായ ഉപഭോഗവസ്തുക്കളായോ കേവല വിനോദോപാധികളായോ റീ ബ്രാന്‍ഡ് ചെയ്യപ്പെടുന്ന കാലത്ത് അക്ഷരങ്ങളെ ധാർമിക ജാഗരണത്തിന്റെ ഉപാധിയാക്കുകയാണ് ധാര്‍മിക വിപ്ലവ വിദ്യാർഥി പ്രസ്ഥാനം.

ആറാമത് എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയില്‍ പ്രൗഢമായ വേദിയൊരുങ്ങുമ്പോള്‍ കേവലമൊരു കലാമത്സരത്തിനപ്പുറം യുവതയുടെ പ്രബുദ്ധമായ സാംസ്‌കാരിക ഇടപെടലായും ആത്മവിമലീകരണത്തിന്റെ സാക്ഷ്യപത്രമായും അത് മാറുന്നു. ഭാഷകളുടെയും വംശ വൈവിധ്യങ്ങളുടെയും മഹത്തായ സംഗമഭൂമിയായ ചെന്നൈയില്‍ അഖിലേന്ത്യാ തലത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രഭാമയരായ വിദ്യാർഥി പ്രതിഭകള്‍ ഒത്തുചേരുമ്പോള്‍ രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഒരു പുതിയ ചരിത്രാധ്യായം കൂടിയാണ് കുറിക്കപ്പെടുന്നത്.

സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ നിന്ന് മുളപൊട്ടി വിപുലമായി പടര്‍ന്നുപന്തലിക്കുന്ന ബൃഹത്തായ ഒരു സാംസ്‌കാരിക പ്രക്രിയയാണ് സാഹിത്യോത്സവ്. ലോക കലാ- സാഹിത്യ ചരിത്രത്തില്‍ തന്നെ പ്രായോഗിക ഘടന കൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒരു മള്‍ട്ടി- ടയര്‍ സംഘാടന മാതൃകയാണ് സാഹിത്യോത്സവിന്റെ ഏറ്റവും വലിയ സവിശേഷത. പരസ്യപ്രചാരണങ്ങള്‍ക്കും കൃത്രിമമായ അറ്റന്‍ഷന്‍ സീക്കിംഗ് മാര്‍ക്കറ്റിംഗുകള്‍ക്കുമപ്പുറം കോടിക്കണക്കിന് മനുഷ്യരെ നേരിട്ട് ബന്ധിപ്പിക്കുന്ന സൂക്ഷ്മതല സംഘാടനത്തിന്റെ ഉത്തമ ഉദാഹരണമാണ് സാഹിത്യോത്സവ് കാലം.

വീടകങ്ങളില്‍ ഫാമിലി സാഹിത്യോത്സവിലൂടെയാണ് ഈ സർഗപ്രയാണത്തിന് തുടക്കമാകുന്നത്. കുടുംബാംഗങ്ങളുടെയും അയല്‍പക്കങ്ങളുടെയും സാന്നിധ്യത്തില്‍ കുരുന്നുകള്‍ കല അവതരിപ്പിക്കുന്നതോടെ സർഗാത്മകത ഓരോ വീടിന്റെയും ജീവിതസംസ്‌കാരമായി മാറുന്നു. പിന്നീട് സെക്ടര്‍, ഡിവിഷന്‍, ജില്ലാ സാഹിത്യോത്സവുകള്‍ അതത് പ്രദേശങ്ങളിലെ വലിയ സാംസ്‌കാരിക ഉണര്‍വുകളായിത്തീരുന്നു. സംസ്ഥാനതലമടക്കം ഏഴ് പടവുകള്‍ കടന്ന് വരുന്ന ആയിരത്തിലധികം പ്രതിഭകളാണ് ചെന്നൈയിലെ ദേശീയ സാഹിത്യോത്സവ് വേദിയില്‍ സംഗമിക്കുന്നത്. അക്ഷരാർഥത്തില്‍ ഒരു ജനകീയ മുന്നേറ്റമായി മാറി, സമൂഹത്തിലെ സകല മനുഷ്യരെയും സർഗാത്മകതയുടെ ശൃംഖലയില്‍ കോര്‍ത്തിണക്കാന്‍ ഈ സംവിധാനത്തിന് സാധിക്കുന്നു എന്നത് അഭിമാനകരമാണ്.

കഴിഞ്ഞ 33 വര്‍ഷമായി ഇന്ത്യയിലെ വിദ്യാർഥി യുവജന സമൂഹത്തില്‍ ധാർമിക ബോധവും സാമൂഹിക ഉത്തരവാദിത്വവും വളര്‍ത്തുന്നതില്‍ എസ് എസ് എഫ് നിർണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. കേവല രാഷ്ട്രീയ കോലാഹലങ്ങള്‍ക്കോ അരാജകപ്രവണതകള്‍ക്കോ വശപ്പെടാതെ, വിജ്ഞാനത്തെയും ധർമത്തെയും ആത്മീയ വിശുദ്ധിയെയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തന ശൈലിയാണ് പ്രസ്ഥാനം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. എസ് എസ് എഫിന്റെ ധാർമിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും ശോഭനമായ പ്രതിഫലനങ്ങളില്‍ ഒന്നാണ് സാഹിത്യോത്സവ്.

ലഹരി, വിദ്വേഷം, ആസൂത്രിതമായ സാംസ്‌കാരിക ജീർണത എന്നിവയില്‍ നിന്ന് യുവതലമുറയെ കാത്തുസൂക്ഷിക്കാന്‍ സാഹിത്യോത്സവ് ഒരു സാംസ്‌കാരിക പ്രതിരോധ കവചമായി പ്രവര്‍ത്തിക്കുന്നു. കലാലയങ്ങളിലും തെരുവുകളിലും നന്മയുടെ സുഗന്ധം പരത്താനും സർഗാത്മകതയെ വ്യക്തിശുദ്ധീകരണത്തിനും സാമൂഹിക പുരോഗതിക്കുമായി വിനിയോഗിക്കാനും പഠിപ്പിച്ച ദീര്‍ഘകാല പാരമ്പര്യമാണ് എസ് എസ് എഫിന്റേത്. ചരിത്രപ്രസിദ്ധമായ ചെന്നൈ നഗരത്തില്‍ ഈ അക്ഷരമേള നടക്കുമ്പോള്‍, അത് അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ പ്രൗഢമായ നവീകരണ ചരിത്രത്തിനുള്ള ഉത്തമ ഉദാഹരണമായി മാറുന്നു.

ഈ മുന്നേറ്റത്തിന്റെ വേരുകള്‍ ചെന്നുകിടക്കുന്നത് കേരള മുസ്്ലിം ചരിത്രത്തിന്റെ ജ്ഞാന വേഗം വർധിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലാണ്. സമസ്ത അതിന്റെ നൂറാം വാര്‍ഷികത്തിന്റെ നിറവിലാണ് ഇന്ന്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം ഇന്ത്യയിലെ മുസ്്ലിം സമുദായത്തിന് മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ പകര്‍ന്നുനല്‍കി, അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പദ്ധതികളാവിഷ്‌കരിച്ചു. അതിന്റെ നൂറുമേനി ഇന്ന് ഈ സമൂഹം ആസ്വദിക്കുന്നതിന്റെ കൂടി ആഘോഷമാണല്ലോ സെന്റിനറി. ഈ അർഥത്തില്‍ ഇത്തവണത്തെ ദേശീയ സാഹിത്യോത്സവിന് കൂടുതല്‍ പ്രസക്തിയുണ്ട്.

സാമൂഹികമായും സാമ്പത്തികമായും നിലനില്‍ക്കുന്ന വേര്‍തിരിവുകളെ ഇല്ലായ്മ ചെയ്യാനും വലിയ വിടവുകളെ നികത്താനും സാഹിത്യോത്സവ് വഹിക്കുന്ന പങ്ക് നിഷേധിക്കാനാകാത്തതാണ്. വിദൂര ഗ്രാമങ്ങളിലെ നിഷ്‌കളങ്കമായ അന്തരീക്ഷത്തിലും പ്രാദേശിക പള്ളിക്കൂടങ്ങളിലും വളരുന്ന വിദ്യാർഥികളും രാജ്യത്തെ പ്രബല സർവകലാശാലാ ക്യാമ്പസുകളിലെ ധൈഷണിക യൗവനവും ഒരേ വേദിയില്‍ മുഖാമുഖം നില്‍ക്കുന്നുവെന്നത് കേരളത്തിനു പുറത്തെ, അവസരങ്ങള്‍ വിരളമായ നാടുകളിലെ സാഹിത്യോത്സവുകളുടെ മനോഹരമായ കാഴ്ചയാണ്.

ഗ്രാമങ്ങളിലെ തിണ്ണപ്പള്ളിക്കൂടങ്ങളില്‍ നിന്ന് അക്ഷരത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച ഒരു വിദ്യാർഥിക്ക് ഇന്ത്യയിലെ പ്രീമിയം സര്‍വകലാശാലാ വിദ്യാർഥികളോട് സർഗാത്മകമായി സംവദിക്കാനും മത്സരിക്കാനും കളമൊരുങ്ങുന്നു. ഈ അക്കാദമിക സമ്പര്‍ക്കം ഗ്രാമീണ പ്രതിഭകളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അവരില്‍ പ്രതിഭാ നിരീക്ഷണത്തിനും വികസനത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. ഉന്നത കലാലയങ്ങളിലെ വിദ്യാർഥികള്‍ക്ക് ഗ്രാമീണ യാഥാർഥ്യങ്ങളോടുള്ള പ്രതിബദ്ധത ഓർമിപ്പിക്കാനും സാധിക്കുന്നു. ഗ്രാമവും ക്യാമ്പസും തമ്മിലുള്ള ഈ അപൂര്‍വ സമന്വയം രാജ്യത്തിന്റെ ഭാവി നിർമിതിക്ക് വലിയ ബൗദ്ധിക കരുത്താണ് പകരുന്നത്. മനുഷ്യന് ലഭിച്ച സർഗശേഷിയും ബുദ്ധിപരമായ കഴിവുകളും അഹങ്കരിക്കാനോ അശ്ലീലം പരത്താനോ വാണിജ്യപരമായ ചൂഷണങ്ങള്‍ക്കോ ഉള്ളതല്ല. മനസ്സിനെയും സമൂഹത്തെയും ശുദ്ധീകരിക്കാനുള്ള ഉപാധിയാണെന്നാണ് ഇസ്്ലാമിക ദര്‍ശനം.

വിദ്വേഷ പ്രസംഗങ്ങളും തെറ്റായ ആശയങ്ങളും സാംസ്‌കാരിക ജീർണതകളും അതിവേഗം പ്രചരിക്കുന്ന വര്‍ത്തമാനകാലത്ത്, വാക്കിന്റെയും എഴുത്തിന്റെയും വിശുദ്ധി വീണ്ടെടുക്കേണ്ടത് വിദ്യാർഥി ബാധ്യതയാണ്. ഉപയോഗിക്കുന്ന ഓരോ വാക്കിനും ആശയത്തിനും കനത്ത ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് സാഹിത്യോത്സവ് ഓർമിപ്പിക്കുന്നു. കവിതയും പ്രസംഗവും ചിത്രരചനയും കേവലമായ ആസ്വാദനങ്ങള്‍ക്കും വിനോദത്തിനുമപ്പുറം വ്യക്തിയെ തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ആത്മവിമലീകരണത്തിന്റെ ഉപാധികളാണ്. ഈ ബോധവത്കരണം യുവതലമുറയെ വഴിതെറ്റലുകളില്‍ നിന്നും ലഹരിയുള്‍പ്പെടെയുള്ള ആധുനിക സാമൂഹിക വിപത്തുകളില്‍ നിന്നും കാത്തുസൂക്ഷിക്കുന്ന ശക്തമായ പ്രതിരോധ സംവിധാനമായി പ്രവര്‍ത്തിക്കുന്നു.

വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭരണഘടനാ മൂല്യങ്ങളുടെ തകര്‍ച്ചയും സാംസ്‌കാരികമായ ധ്രുവീകരണവുമാണ്. പരസ്പര വിദ്വേഷവും അസഹിഷ്ണുതയും നിർമിച്ച് മനുഷ്യരെ ഭിന്നിപ്പിക്കുന്ന അന്തരീക്ഷത്തില്‍, അക്ഷരങ്ങളെയും കലയെയും സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പാലങ്ങളാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദേശീയ സാഹിത്യോത്സവ് ഉയര്‍ത്തിപ്പിടിക്കുന്നത് മതേതരത്വത്തിന്റെ, ജനാധിപത്യപരമായ സഹവര്‍ത്തിത്വത്തിന്റെ, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണ സന്ദേശമാണ്. വിദ്യാർഥികളുടെ സര്‍ഗാത്മകമായ ഈ ഉണര്‍വ് യഥാർഥത്തില്‍ രാജ്യത്തിന്റെ തന്നെ ഉണര്‍വാണ്. അക്ഷരങ്ങളിലൂടെ ചിന്തിക്കാനും കലയിലൂടെ പ്രതികരിക്കാനും സൗഹൃദത്തിലൂടെ അതിരുകള്‍ മായ്ക്കാനും യുവതലമുറ തയ്യാറാകുന്നത് നാളെയുടെ ജനാധിപത്യത്തെ സുരക്ഷിതമാക്കും.

വലിപ്പച്ചെറുപ്പമില്ലാതെ, പ്രാദേശിക ഭാഷാ വൈവിധ്യങ്ങളേയും ഇന്ത്യയുടെ വിവിധങ്ങളായ സംസ്‌കാരങ്ങളെയും ഉന്നതമായ മാനവിക മൂല്യങ്ങളോടെ നെഞ്ചേറ്റാന്‍ സാഹിത്യോത്സവ് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. രാജ്യത്തെ വീണ്ടെടുക്കുക എന്നാല്‍ അതിലെ മനുഷ്യരുടെ ആത്മാവിനെയും സംസ്‌കാരത്തെയും കണ്ടെത്തി സംരക്ഷിക്കലാണ്. ആത്മാവുള്ള, ആത്മീയ വിശുദ്ധിയും ധാർമിക ബോധവുമുള്ള ഒരു വിദ്യാർഥി സമൂഹത്തിനു മാത്രമേ ഈ രാജ്യത്തെ നേരായ ദിശയിലേക്ക് നയിക്കാനാകൂ. ധാർമികതയില്‍ അധിഷ്ഠിതമായ വിദ്യയും സത്യത്തോടും അനീതിയോടുമുള്ള സർഗാത്മക പ്രതിരോധവും കൊണ്ട് രാജ്യത്തിന്റെ വീണ്ടെടുപ്പിനായി അണിനിരക്കാന്‍ പ്രസ്ഥാനം നല്‍കുന്ന ഊർജം തികച്ചും സവിശേഷമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തെളിച്ചു തന്ന പ്രകാശ വീഥിയില്‍ ധാര്‍മിക വിദ്യാർഥി പ്രസ്ഥാനത്തിന്റെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള അഭിമാന സഞ്ചാരമാണ് സാഹിത്യോത്സവ്.

Content Highlights:
The 6th National Sahityotsav organized by SSF is set to take place in Chennai, serving as a platform for moral and cultural renaissance among students. Thousands of talents from across India gather to promote creativity, secular values, unity, and social harmony against cultural decay.