Home rss business malayalam ഹൂതി ആക്രമണങ്ങൾക്കിടെ പാകിസ്താന്റെ നിലപാട് ചർച്ചയിൽ; മക്ക കരാറിന് ആദ്യ പരീക്ഷണം

ഹൂതി ആക്രമണങ്ങൾക്കിടെ പാകിസ്താന്റെ നിലപാട് ചർച്ചയിൽ; മക്ക കരാറിന് ആദ്യ പരീക്ഷണം

7
0

Source :- EVARTHA NEWS

സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ പാകിസ്താന്റെ പ്രതികരണവും മക്ക സംയുക്ത പ്രതിരോധ കരാറിന്റെ പ്രായോഗിക സ്വാധീനവും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഓഗസ്റ്റ് ഏഴിന് ഒപ്പുവെച്ച കരാർ പ്രകാരം, ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരായ സായുധ ആക്രമണം മൂന്നുപേർക്കുമെതിരായ ആക്രമണമായി കണക്കാക്കും.

ഹൂതികളുടെ ആക്രമണങ്ങൾ സൗദി നഗരങ്ങളെയും ഊർജ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട സാഹചര്യത്തിലാണ് കരാർ ആദ്യത്തെ പ്രധാന പരീക്ഷണം നേരിടുന്നത്. സെപ്റ്റംബർ 19ന് റിയാദിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണശ്രമം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിരുന്നു. മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, പാകിസ്താൻ നേരിട്ട് സൈനിക ഇടപെടൽ നടത്തിയിട്ടില്ലെന്നത് ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത് മക്ക കരാർ ഒരു പ്രതിരോധ കരാറാണെന്നും അതിന്റെ പ്രവർത്തന സംവിധാനങ്ങളും ഘടനകളും രൂപപ്പെടുത്താൻ സമയം ആവശ്യമാണെന്നുമാണ്. കരാർ ഇപ്പോൾ തന്നെ പൂർണമായും പ്രവർത്തനക്ഷമമായതായി കാണേണ്ടതില്ലെന്നും പാകിസ്താൻ വക്താവ് വ്യക്തമാക്കിയിരുന്നു.

കരാർ പ്രകാരമുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സൗദി, പാകിസ്താൻ, തുർക്കി രാജ്യങ്ങളിലെ സൈനിക മേധാവികളുടെ യോഗം വിളിച്ചുചേർക്കാനുള്ള നീക്കവും ഇപ്പോൾ നടക്കുകയാണ്. ന്യൂയോർക്കിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചകൾക്ക് പിന്നാലെയാണ് റിയാദിൽ സൈനിക മേധാവികളുടെ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിക്കുന്നത്.

ഇതിനിടെ, സൗദിക്ക് ആവശ്യമായ സൈനിക-സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ പ്രതിരോധ ആവശ്യങ്ങളിൽ സാങ്കേതിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരിക്കാൻ തുർക്കിക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ ഭാഗത്ത് നിന്ന് നേരിട്ടുള്ള സൈനിക നടപടിക്ക് പകരം നയതന്ത്രപരമായ സമീപനമാണ് ഇതുവരെ മുൻഗണന നേടുന്നത്. യെമൻ സംഘർഷം കൂടുതൽ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പ്രാദേശിക സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിലപാടാണ് ഇസ്ലാമാബാദ് സ്വീകരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

മക്ക കരാർ ഒപ്പുവെച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ഹൂതി ആക്രമണങ്ങൾ ശക്തമായതോടെ, കൂട്ടായ പ്രതിരോധ വ്യവസ്ഥകൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കരാർ അംഗരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണത്തിന്റെ അടുത്ത ഘട്ടം വ്യക്തമാക്കാൻ സൈനിക മേധാവികളുടെ ചർച്ച നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.