Home rss business malayalam ഹോർമുസിൽ ‘അനധികൃത പാതകൾ’ അടച്ചുപൂട്ടുമെന്ന് ഇറാൻ; കപ്പൽ ഗതാഗതത്തിൽ വീണ്ടും ആശങ്ക

ഹോർമുസിൽ ‘അനധികൃത പാതകൾ’ അടച്ചുപൂട്ടുമെന്ന് ഇറാൻ; കപ്പൽ ഗതാഗതത്തിൽ വീണ്ടും ആശങ്ക

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ലോകത്തിലെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലെ പാറക്കെട്ടുകൾ തകർത്ത് നിർമിച്ചെന്ന് ആരോപിക്കപ്പെടുന്ന അനധികൃത ചെറുവഴികൾ ഉടൻ പൂർണമായി അടച്ചുപൂട്ടുമെന്ന് ഇറാൻ. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) ഉപദേഷ്ടാവ് മുഹമ്മദ് റസാ നഖ്ദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചില ചെറുകിട ബോട്ടുകൾ ഇത്തരം വഴികളിലൂടെ ഇന്ധനം കടത്തുന്നുണ്ടെന്നും അനധികൃത നീക്കങ്ങൾ അനുവദിക്കില്ലെന്നും നഖ്ദി പറഞ്ഞു. ഹോർമുസിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന അമേരിക്കയുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും വാദങ്ങളും ഇറാൻ തള്ളി.

ഇറാന്റെ അനുമതിയില്ലാതെ വലിയ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ കഴിയില്ലെന്നും ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നുമാണ് ഇറാൻ സൈനിക നേതൃത്വം അവകാശപ്പെടുന്നത്. അനധികൃത എണ്ണക്കടത്ത് തടയാൻ കൂടുതൽ നാവികസേനാ ബോട്ടുകൾ മേഖലയിൽ വിന്യസിച്ചതായും ഡ്രോണുകളും റഡാറുകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായും ഇറാൻ വ്യക്തമാക്കി.

അതേസമയം, ഹോർമുസിലെ നിയന്ത്രണങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഗൾഫ് മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തിലെ തടസ്സം എണ്ണവിലയിലും ഗതാഗതച്ചെലവിലും വർധനവിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണത്തെയും പ്രതിസന്ധി ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഹോർമുസിൽ സ്വന്തം നിയമങ്ങൾ നടപ്പാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങളുടെ ആരോപണം. അതേസമയം, തങ്ങളുടെ പരമാധികാരവും സമുദ്രാതിർത്തികളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ നിലപാട്.

പ്രദേശത്തെ സംഘർഷം തുടരുന്നതിനിടെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിന്റെ പൂർണ അടച്ചുപൂട്ടൽ ഒഴിവാക്കാൻ നയതന്ത്ര ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇറാന്റെ പുതിയ പ്രഖ്യാപനത്തോടെ ആഗോള ക്രൂഡ് ഓയിൽ വിപണിയിലും വീണ്ടും അനിശ്ചിതത്വം ശക്തമായിരിക്കുകയാണ്.