Source :- ANWESHANAM NEWS
ദുബായ്: ഇന്ത്യയുടെയും പാകിസ്താന്റെയും രാഷ്ട്രീയ പോരാട്ടം കാരണം ഐസിസി ടൂർണമെന്റിന്റെ ഭാവി അപകടത്തിൽ ആകുന്ന സാഹചര്യത്തിൽ ആയിരുന്നു. ടൂർണമെന്റിനായി അതിർത്തി കടക്കാൻ ഇന്ത്യ വിസമ്മതിച്ചതിനുശേഷം 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി നിർദിഷ്ട ഹൈബ്രിഡ് മോഡൽ സ്വീകരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുന്നതും ഐസിസിയെ കൂടുതൽ സങ്കീർണ്ണതയിലാക്കി. ഒടുവിൽ ഇതാ ഇരുകൂട്ടർക്കും ആയി പുതിയൊരു തീരുമാനമെടുത്തിരിക്കുകയാണ് ഐസിസി. ഇന്ത്യയിലും പാക്കിസ്ഥാനിലും നടക്കാനിരിക്കുന്ന ഐസിസി ടൂർണമെന്റ്കളിലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മത്സരങ്ങൾ നടക്കുക നിഷ്പക്ഷവേദികളിൽ ആയിരിക്കും. ഇക്കാര്യം ഐസിസി ഔദ്യോഗികമായി അംഗീകരിച്ചു.
2024 മുതല്‍ 2027 വരെ ഐസിസിക്ക് കീഴില്‍ ഇരു രാജ്യങ്ങളിലുമായി നടക്കുന്ന ടൂര്‍ണമെന്റുകളിലെ മത്സരങ്ങള്‍ക്കാണ് നിഷ്പക്ഷ വേദിയൊരുക്കുക. എന്നാല്‍ മത്സരങ്ങള്‍ നടക്കുന്നത് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് കീഴിയിലായിരിക്കും. ചുരുക്കത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു വേദിയില്‍ നടക്കും. പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന്റെ പുറത്തുള്ള മറ്റൊരു വേദിയില്‍ നടക്കും.
ഇതോടെ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടക്കും. 2026ല്‍ ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്തും നടക്കും. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവാന്‍ സാധ്യത കൂടുതലാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, വനിതാ ലോകകപ്പ് എന്നിവ കളിക്കാന്‍ പാകിസ്ഥാന്‍ ടീമും ഇന്ത്യയിലേക്ക് വരില്ല. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹൈബ്രിഡ് മോഡലില്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചത്.
അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ മാറ്റുരക്കുക. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള വേദികള്‍.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെടുന്നതാണ് എ ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ലാഹോറായിരന്നു ഇന്ത്യ-പാക് മത്സരത്തിന് വേദിയാവേണ്ടിയിരുന്നത്.
STORY HIGHLIGHT: icc confirms nuetral venues for india and pakistan matches