Source :- DESHABHIMANI NEWS

ഭുവനേശ്വർ >  കേരളം മണിപ്പുരിന്റെ വലനിറച്ച രാത്രി.​ സന്തോഷ്​ ട്രോഫി ഫുട്‌ബോളി ന്റെ 78-ാംപതിപ്പിൽ തകർപ്പൻ ജയത്തോടെയാണ്‌ കേരളം കലാശക്കളിക്ക്‌ അർഹത നേടിയത്‌. ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്​റ്റേഡിയത്തിൽ നടന്ന രണ്ടാംസെമിയിൽ ഒന്നിനെതിരെ അഞ്ചുഗോളിനാണ്‌ മണിപ്പുരിനെ തകർത്തുവിട്ടത്‌.  പകരക്കാരനായെത്തി ഹാട്രിക്​ നേടിയ മുഹമ്മദ്​ റോഷാലാണ്​ സൂപ്പർതാരം. നസീബ്​ റഹ്​മാൻ, മുഹമ്മദ്​ അജ്​സൽ എന്നിവർ പട്ടിക പൂർത്തിയാക്കി. മണിപ്പുരിന്റെ ആശ്വാസഗോൾ ഷുങ്ജിങ്തായ്‌ റഗൂയി​ പെനൽറ്റിയിലൂടെ കണ്ടെത്തി.  കളിയവസാനം പ്രതിരോധക്കാരൻ മനോജ്​ ചുവപ്പുകാർഡ്​ കണ്ട്​ പുറത്തായത്‌ തിരിച്ചടിയായി.

ഏഴുതവണ ജേതാക്കളും എട്ട്‌ പ്രാവശ്യം റണ്ണറപ്പുമായ കേരളം പതിനാറാംതവണയാണ്‌ ഫെെനലിന് ഒരുങ്ങുന്നത്‌. ഏറ്റവും കൂടുതൽ ചാമ്പ്യൻമാരെന്ന ബഹുമതിയുള്ള (32 തവണ) ബംഗാളാണ്‌ നാളെ എതിരാളി. 2022ൽ മലപ്പുറം മഞ്ചേരിയിൽ ബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ്‌ കേരളം അവസാനമായി കിരീടം നേടിയത്‌. 

ക്വാർട്ടറിൽ കശ്‌മീരിനെതിരെയുള്ള ടീമിൽ ഒരുമാറ്റവുമായാണ്‌ കോച്ച്‌ ബിബി തോമസ്‌ കേരളത്തെ ഒരുക്കിയത്‌. പ്രതിരോധം കാക്കാൻ മുഹമ്മദ്​ അസ്ലമിന്​ പകരം  മുഹമ്മദ്​ മുഷറഫെത്തി. കേരളത്തിന്റെ മുന്നേറ്റത്തോടെയാണ്‌ കളിക്ക്‌ ജീവൻവച്ചത്‌.  നസീബും അജ്‌സലും ചേർന്ന്‌ നടത്തിയ നീക്കം വിഫലമായി. തൊട്ടുപിന്നാലെ അജ്​സലിന്റെ ഷോട്ട്‌ മണിപ്പുർ ഗോളി സല സനാതൻ സിങ് തടുത്തിട്ടു. തിരിച്ചുവന്ന പന്ത്‌  ​മുഷറഫ്‌ തൊടുത്തെങ്കിലും പോസ്റ്റിന്റെ അരികുപറ്റി പുറത്തേക്ക്‌.  22–-ാംമിനിറ്റിൽ റിയാസ്​ നൽകിയ പന്ത്​ തന്ത്രപൂർവം അജ്​സൽ ഒഴിവാക്കിയപ്പോൾ മണിപ്പുർ പ്രതിരോധം കബളിപ്പിക്കപ്പെട്ടു. ആളൊഴിഞ്ഞ വലയിലേക്ക്‌ നസീബ്‌ പന്തടിച്ചുകയറ്റി. വൈകാതെ മണിപ്പുർ തിരിച്ചടിച്ചു.  കോർണർ കിക്കിന്റെ അപകടം ഒഴിവാക്കാനുള്ള ശ്രമത്തിൽ പന്ത്‌ നിജോ ഗിൽബർട്ടിന്റെ കൈയിൽ തട്ടി. റഫറി പെനൽറ്റിക്ക്‌ വിസിലൂതി.  ഷുങ്ജിങ് റഗൂയിയൂടെ കിക്ക്​ സമനില ഗോളൊരുക്കി. പിന്നീട്‌ കേരളം ഇരച്ചുകയറുന്നതാണ്‌ കണ്ടത്‌.  മണിപ്പുർ പ്രതിരോധം ആടി ഉലഞ്ഞു.  അജ്​സലിന്റെ ഷോട്ട്​ ഗോളി രക്ഷപ്പെടുത്തി. നസീബ്​ പന്ത്​ വലയിലെത്തിച്ചെങ്കിലും ഓഫ്​സൈഡായി. തൊട്ടടുത്ത മിനിറ്റിൽ റിയാസ്‌ ഒരുക്കിയ പന്ത്‌  ഗോളാക്കി അജ്​സൽ ലീഡ്‌ സമ്മാനിച്ചു.  68–-ാംമിനിറ്റിൽ നിജോ ഗിൽബർട്ട്​ പരിക്കേറ്റ്​ മടങ്ങിയപ്പോൾ മുഹമ്മദ്​ റോഷാൽ പകരക്കാരനായെത്തി.  

അഞ്ചുമിനിറ്റിനകം റോഷാൽ നിർണായക ലീഡ്​ നേടി. മണിപ്പുരിന്റെ പ്രതിരോധക്കാരൻ​ നിങ്​ഗോംബാം കബിരാജ്​ സിങ്ങിൽനിന്ന്​ പന്ത്​ തട്ടിയെടുത്ത റോഷാൽ മുന്നേറി. രണ്ട്‌ പ്രതിരോധക്കാരെയും ഗോളിയെയും മറികടന്ന്‌ നിറയൊഴിച്ചു. റിയാസ്‌ ലക്ഷ്യം കാണാൻ ശ്രമിച്ച്‌ പരാജയപ്പെട്ടതിനുപിന്നാലെ  റോഷാൽ രണ്ടാംഗോൾ നേടി. 88–-ാംമിനിറ്റിൽ ബോക്‌സിലെത്തിയ കോർണർകിക്കിൽനിന്നായിരുന്നു ഗോൾ.  പരിക്കുസമയത്ത്‌ രണ്ടാം മഞ്ഞക്കാർഡ്​ കണ്ട്​ മനോജ്​ പുറത്തായി. അവസാന വിസിലിന്‌ രണ്ട്‌ മിനിറ്റ്‌മാത്രം ശേഷിക്കെ പെനൽറ്റിയിലൂടെ റോഷാൽ ഹാട്രിക്കും കേരളത്തിന്റെ വിജയവും പൂർത്തിയാക്കി. 

ഗോളിൽ 
റോഷാൽ 
ജാലം

 മുഹമ്മദ്‌ റോഷാൽ കളം നിറഞ്ഞതോടെയാണ്‌ കരുത്തരായ മണിപ്പുരിനെ കേരളം അനായാസം മറികടന്നത്‌. ഈസ്റ്റ്‌ ബംഗാളിന്റെ മധ്യനിര താരമായ കോഴിക്കോട്ടുകാരൻ കിട്ടിയ മൂന്ന്‌ അവസരങ്ങളും മുതലാക്കി. ഗോകുലം കേരള, എംഎസ്‌പി ഫുട്‌ബോൾ അക്കാദമി, വയനാട്‌ യുണൈറ്റഡ്‌ എഫ്‌സി എന്നിവയ്‌ക്കായും ഇരുപത്തൊന്നുകാരൻ പന്ത്‌ തട്ടിയിട്ടുണ്ട്‌.   മണിപ്പുർ പ്രതിരോധതാരത്തിൽനിന്ന്‌ റാഞ്ചിയ പന്തുമായി റോഷാൽ തനിച്ച്‌ മുന്നേറിയാണ്‌ ആദ്യഗോൾ നേടിയത്‌. രണ്ട്‌ പ്രതിരോധ താരങ്ങൾക്കിടയിലൂടെ തൊടുത്ത ഗോൾ സന്തോഷ്‌ ട്രോഫി 78–-ാംപതിപ്പിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നുമായി.

ചാമ്പ്യനെ തുരത്തി 
ബംഗാൾ

പൊരുതിക്കളിച്ച ചാമ്പ്യൻമാരായ സർവീസസിനെ 4–-2ന്‌ മറികടന്ന്‌ പശ്ചിമബംഗാൾ സന്തോഷ്‌ ട്രോഫി ഫൈനലിലേക്ക്‌ മുന്നേറി. ആദ്യപകുതിയിൽ മൂന്ന്‌ ഗോളടിച്ച ബംഗാളിനെ രണ്ടാംപകുതിയിൽ രണ്ട്‌ ഗോൾ മടക്കി സർവീസസ്‌ വെല്ലുവിളിച്ചെങ്കിലും കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ നാലാംഗോൾ നേടി ബംഗാൾ വിജയം ഉറപ്പിച്ചു.     ബംഗാളിനായി റോബി ഹാൻസ്‌ദ ഇരട്ടഗോൾ നേടി. മനാറ്റോസ്‌ മാജി, നരോഹരി ശ്രേഷ്‌ഠ എന്നിവർ പട്ടിക തികച്ചു. പട്ടാള ടീമിനായി മലയാളിതാരം വി ജി ശ്രേയസ്‌ ഗോൾ മടക്കി. ബംഗാൾ പ്രതിരോധതാരം ജുവൽ അഹ്‌മദ്‌ മസുംദാറിന്റെ സെൽഫ്‌ ഗോളും സർവീസസിന്‌ തുണയായി.   17–-ാംമിനിറ്റിൽ സർവീസസ്‌ പ്രതിരോധതാരം നവ്‌ജോത്‌ സിങ്ങിന്റെ പിഴവിൽനിന്ന്‌ മാജിയാണ്‌ ബംഗാളിനായി ലീഡ്‌ നേടിയത്‌. ആദ്യപകുതിയുടെ പരിക്കുസമയത്ത്‌ നരോഹരി ശ്രേഷ്‌ഠയുടെ പാസിൽ റോബി ഹാൻസ്‌ദ ലീഡുയർത്തി. തൊട്ടുപിന്നാലെ നരോഹരിയും ലക്ഷ്യംകണ്ടു. 54–-ാംമിനിറ്റിൽ സർവീസസ്‌ ഒരു ഗോൾ മടക്കി. ദിലോൻ ഖർക ചേത്രിയുടെ ക്രോസിൽ ശ്രേയസ്‌ ലക്ഷ്യംകണ്ടു. 75–-ാം മിനിറ്റിൽ മസുംദാറുടെ സെൽഫ്‌ ഗോളിൽ സർവീസസ്‌ തിരിച്ചുവരവിനൊരുങ്ങി.  എന്നാൽ, കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സീസണിലെ 11–-ാം ഗോളോടെ റോബി ഹാൻസ്‌ദ ബംഗാളിന്റെ വിജയം ഉറപ്പിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ