Source :- SIRAJLIVE NEWS
പാലക്കാട് ആനക്കര സ്‌കൂളില്‍ അധ്യാപകനു നേരെ വിദ്യാര്‍ഥി കൊലവിളി നടത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയ സ്‌കൂളില്‍ ഒരു പ്ലസ്്വണ്‍ വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. ക്ലാസ്സധ്യാപകന്‍ വിദ്യാര്‍ഥിയില്‍ നിന്ന് ഫോണ്‍ വാങ്ങി പ്രധാന അധ്യാപകന് കൈമാറി. ഇതോടെ വിദ്യാര്‍ഥി മൊബൈല്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുക മാത്രമല്ല, തന്നില്ലെങ്കില്‍ അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് പൊതുജന മധ്യത്തില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കി വിദ്യാര്‍ഥി.
കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തിലാണ് കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകനെ ക്രൂരമായി മര്‍ദിച്ചത്. ഓണപ്പരീക്ഷ നടക്കുന്ന വേളയില്‍ ക്ലാസ്സില്‍ കയറാതെ പുറത്ത് സംസാരിച്ചിരിക്കുന്ന കുട്ടികളോട് ക്ലാസ്സില്‍ കയറിയിരിക്കാന്‍ ആവശ്യപ്പെട്ടതിനായിരുന്നു പരാക്രമം. പുറത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ അധ്യാപകന്റെ നിര്‍ദേശം മാനിച്ച് ക്ലാസ്സില്‍ പ്രവേശിച്ചെങ്കിലും രണ്ട് പേര്‍ കയറാന്‍ വിസമ്മതിച്ചു. അധ്യാപകന്‍ വീണ്ടും കയറാന്‍ നിര്‍ദേശിച്ചതോടെ അവര്‍ അധ്യാപകന്റെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയുമായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ അധ്യാപകന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.
2023 ഒക്ടോബര്‍ 27ന് കുറ്റിപ്പുറം പേരശ്ശനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടന്നു അധ്യാപകനു നേരെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ പരാക്രമം. കലോത്സവ പരിശീലനം നടക്കുന്ന ക്ലാസ്സുകളില്‍ അനാവശ്യമായി കറങ്ങി നടന്ന ഒരു വിദ്യാര്‍ഥിയെ ശാസിച്ചതിനാണ് അധ്യാപകന്റെ കൈ പിന്നിലേക്ക് വലിച്ച് പുറത്ത് ആഞ്ഞുചവിട്ടിയത്. അധ്യാപകന്റെ വയറിനു താഴെയും കാല് കൊണ്ട് ചവിട്ടി. ഒരു കോളജ് അധ്യാപകന് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വന്നത് 2024 ജനുവരിയില്‍ എറണാകുളം മഹാരാജാസിലാണ്. വിദ്യാര്‍ഥികളുടെ അക്രമത്തിനും ഭീഷണിക്കും അധ്യാപകര്‍ വിധേയരാകേണ്ടി വന്ന സംഭവങ്ങള്‍ വേറെയും ധാരാളം. ഹയര്‍ സെക്കന്‍ഡറി തലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
വിദ്യാര്‍ഥികളെ ഗുണദോഷിച്ചതിന് അധ്യാപകര്‍ക്കു നേരെ വ്യാജപീഡന പരാതി ഉന്നയിച്ച് സമൂഹമധ്യത്തില്‍ അവഹേളിതരാക്കുന്ന സംഭവങ്ങളും നടന്നു വരുന്നു. പോലീസില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതോ ആയ ഇത്തരം സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. പുറത്തറിയുന്നതിലും എത്രയോ മടങ്ങ് സംഭവിക്കുന്നുണ്ടെന്നാണ് പരിശീലന ക്ലാസ്സുകളിലെയും മറ്റും അധ്യാപകരുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. പല സ്‌കൂളുകളിലും സ്റ്റാഫ് റൂമില്‍ അധ്യാപക ചര്‍ച്ച തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ്.
കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം സ്ഥിതിവിശേഷമല്ല ഇത്. ആഗോളതലത്തില്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ക്കു നേരെയുള്ള വിദ്യാര്‍ഥികളുടെ പരാക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ 2018ല്‍ നടന്ന ഒരു പഠനത്തില്‍, ഇത്തരം സംഭവങ്ങളുടെ തോത് വര്‍ഷാന്തം മൂന്ന് മടങ്ങെങ്കിലും വര്‍ധിക്കുന്നതായി കണ്ടെത്തി. ബ്രിട്ടന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 2017ല്‍ സ്‌കൂളിലെ അക്രമങ്ങളെ ചൊല്ലി അറുനൂറോളം വിദ്യാര്‍ഥികളെ വിദ്യാലയത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന പഠനത്തില്‍ അവിടെ ഏഴ് ശതമാനം അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതായി കണ്ടെത്തി. ശാരീരിക ആക്രമണത്തില്‍ എത്താതെ വിദ്യാര്‍ഥികളുടെ അധിക്ഷേപകരമായ സംസാരത്തിന് വിധേയരാകുന്ന അധ്യാപകരുടെ എണ്ണം പതിനൊന്ന് ശതമാനം വരും.
വിദ്യാഭ്യാസത്തോടും അധ്യാപകരോടുമുള്ള വിദ്യാര്‍ഥികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും പുതുതലമുറയുടെ സ്വഭാവത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുണകരമല്ലാത്ത മാറ്റത്തിലേക്കാണ് ഈ സംഭവങ്ങളത്രയും വിരല്‍ ചൂണ്ടുന്നത്. അധ്യാപകനെ ബഹുമാനിക്കുകയും പിതൃതുല്യരായി കരുതുകയും ചെയ്ത രീതി പഴങ്കഥയായി മാറിയിരിക്കുന്നു. പഴയ കാലം കാണിച്ചു തന്ന ശീലങ്ങളല്ല പുതിയ വിദ്യാര്‍ഥി തലമുറയുടേത്. അധ്യാപകരുമായുള്ള നല്ല ബന്ധത്തിലാണ് തന്റെ ശോഭനമായ ഭാവിയെന്ന തിരിച്ചറിവ് അവര്‍ക്കില്ലാതായി. എന്താണ് ചെയ്യാവുന്നതെന്നും ചെയ്തുകൂടാത്തതെന്നും അവര്‍ക്കറിയില്ല. സോഷ്യല്‍ മീഡിയയുടെ സ്വാധീനവും ലഹരി മരുന്നുകളുടെ വ്യാപനവും കാരണം പുതിയൊരു ലോകത്താണ് വിദ്യാര്‍ഥികള്‍ വിഹരിക്കുന്നത്.
അധ്യാപകന്‍ എന്തെങ്കിലും ഉപദേശിക്കുന്നതും ഗുണദോഷിക്കുന്നതും ഇഷ്ടമില്ല. വിദ്യാര്‍ഥിയുടെ പഠന മികവ് ലക്ഷ്യമാക്കിയുള്ള ഗുണദോഷങ്ങളും ഉപദേശങ്ങളും അധ്യാപക പീഡനമായി ആരോപിക്കപ്പെടുന്നു. അധ്യാപകരെ നിശബ്ദരാക്കാന്‍ നല്ലൊരു ആയുധമാണ് പീഡന പരാതിയെന്ന് വിദ്യാര്‍ഥി ലോകം മനസ്സിലാക്കുന്നു. പോക്‌സോ നിയമവും ബാലാവകാശ ചട്ടങ്ങളും അധ്യാപക ലോകത്തിന്റെ മേല്‍ ഡമോക്ലസിന്റെ വാളായി തൂങ്ങിനില്‍ക്കുകയാണ്. മാത്രമല്ല, വിദ്യാര്‍ഥി എന്ത് വേണ്ടാവൃത്തിയും അതിക്രമവും കാണിച്ചാലും അവനെ പിന്തുണക്കാന്‍ വിദ്യാര്‍ഥി സംഘടനകളും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മാതൃരാഷ്ട്രീയ സംഘടനകളും രംഗത്തു വരികയും ചെയ്യും.
രക്ഷിതാക്കള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ വലിയൊരു പങ്ക്. പഠനത്തില്‍ പിന്നാക്കമായതിനെ ചൊല്ലി, ക്ലാസ്സിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വിദ്യാര്‍ഥിയെ ഗുണദോഷിക്കുകയോ ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ അത് ചോദ്യം ചെയ്യാനെത്തുന്നത് പതിവു സംഭവമാണ്. അധ്യാപകന്‍ ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കേണ്ട സ്ഥിതിവിശേഷമാണ് സ്‌കൂള്‍-കോളജ് തലങ്ങളില്‍ നിലനിൽക്കുന്നത്.