Source :- SIRAJLIVE NEWS

കോഴിക്കോട്| സഊദി അറേബ്യയിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ ഡോ. സഹൽ നൂറാനിക്ക് അവസരം ലഭിച്ചു.സഊദി അറേബ്യയിലെ അൽ- ഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്ആൽ ബിൻ സുഊദ് ബിൻ അബ്ദിൽ അസീസിൻ്റെ ക്ഷണപ്രകാരമാണ് പങ്കെടുക്കുന്നത്.

അൽ- മുസ്തഖ്ബിൽ യൂണിവേഴ്സിറ്റി, മലിക് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, സുപ്രീം കൗൺസിൽ ഫോർ അറബ് – ആഫ്രിക്കൻ ഇക്കോണമി, യൂസുഫ് അബ്ദുൽ ലത്വീഫ് ജമീൽ ചെയർ ഫോർ പ്രൊഫറ്റിക്ക് മെഡിസിൻ എന്നിവർ സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ആരോഗ്യ സുരക്ഷ രംഗത്തെ പരിഹാരങ്ങൾക്കും ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയുടെ ഭാവി ആലോചനകൾക്കും ജീവിത നിലവാര വളർച്ചക്കും പ്രവാചക ഗവേഷണങ്ങളിലെ പുതിയ മാനങ്ങളാണ് കോൺഫറൻസ് ചർച്ചയാക്കുന്നത്. പുതിയ വൈദ്യശാസ്ത്ര ഗവേഷണങ്ങളെക്കുറിച്ചുള്ള സമഗ്രമായ പരിശോധനയും അവലോകനവും അവയുടെ പ്രയോഗവും പരിണിത ഫലവും ചർച്ച ചെയ്യുന്നതോടൊപ്പം സഊദി മിഷൻ 2030 വൈദ്യശാസ്ത്ര ഗവേഷണത്തിലെ ലക്ഷ്യങ്ങൾ കരസ്ഥമാക്കലുമാണ് ലക്ഷ്യമാക്കുന്നത്. 2025 ജനുവരി 12ന് ബുറൈദയിൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികൾ, യൂണിവേഴ്സിറ്റി ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കോഴിക്കോട് മർകസ് യുനാനി മെഡിക്കൽ കോളേജിൽ നിന്നും ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറിയിൽ പഠനം പൂർത്തീകരിച്ച ഡോ. സഹൽ നൂറാനി ജാമിഅ മദീനത്തുന്നൂർ ആദ്യ സയൻസ് ബാച്ചിലെ വിദ്യാർഥിയാണ്. മർകസ് നോളജ് സിറ്റി വിറാസിൽ നിന്നും ബാച്ച്ലർ പഠനം പൂർത്തിയാക്കുകയും മുത്വവ്വൽ പഠനം നടത്തുകയും ചെയ്യുന്നു. വിവിധ അക്കാദമിക കോൺഫ്രൻസുകളിലും ജേർണലുകളിലും വൈദ്യശാസ്ത്ര ഗവേഷണ പഠനങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വെണ്ണക്കോട് സ്വദേശികളായ അബ്ദുല്ല സഖാഫി – നസീറ ദമ്പതികളുടെ മകനാണ്.