Source :- SIRAJLIVE NEWS
അബൂദബി | അബൂദബി റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, ജനുവരി 27 മുതൽ ചരക്ക് ട്രക്കുകൾ, ടാങ്കറുകൾ, നിർമാണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ഗതാഗതം കൂടുതലുള്ള സമയങ്ങളിൽ നിരോധിക്കും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ രാവിലെ ഒമ്പത് വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകിട്ട് ഏഴ് വരെയും നിയന്ത്രണങ്ങൾ തുടരും. വെള്ളിയാഴ്ചകളിൽ, പ്രഭാത സമയങ്ങളിലും തുടർന്ന് 11 മുതൽ ഉച്ചക്ക് ഒന്ന് വരെയുമായിരിക്കും അധിക നിയന്ത്രണം.
തിരക്കുള്ള സമയങ്ങളിൽ ഭാരവാഹനങ്ങളുടെ സാവധാനത്തിലുള്ള സഞ്ചാരം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറക്കുന്നതിനാണിത്. ഹെവി വാഹനങ്ങൾ പുതുക്കിയ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസുമായി ചേർന്ന് പരിശോധന നടത്തും.
ട്രക്ക് നീക്കത്തിന് ദുബൈയിലും ജനുവരി ഒന്ന് മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെ എമിറേറ്റ്സ് റോഡിന്റെ ഒരു ഭാഗത്താണ് ട്രക്കുകൾ നിരോധിച്ചത്.