Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ ഡി സി | അമേരിക്കയുടെ സുവര്‍ണയുഗം പിറന്നിരിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യത്തിന്റെ വിമോചന ദിനമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മാറ്റങ്ങള്‍ തുടങ്ങുകയാണ്. അമേരിക്കയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മഹത്തരമാക്കും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിശ്വാസ വഞ്ചനയുടെ കാലം കഴിഞ്ഞുവെന്ന് ജോ ബൈഡന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ബൈഡന്‍ സര്‍ക്കാര്‍ ചെയ്തത്.

ഭരണ കാര്യക്ഷമതക്ക് പുതിയ സമിതിയെ നിയോഗിക്കും. കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ല. ആണും പെണ്ണുമെന്ന രണ്ട് വര്‍ഗങ്ങള്‍ മാത്രമേ ഉണ്ടാകൂ.

അലാസ്‌ക മേഖലയില്‍ എണ്ണ ഖനനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനവും പ്രസിഡന്റ് നടത്തി. ചൈനയുടെ നിയന്ത്രണം നിര്‍ത്തലാക്കി പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്നും ട്രംപ് പറഞ്ഞു.