Source :- DESHABHIMANI NEWS
ഹൈദരാബാദ്
പുതുവത്സരസമ്മാനമായി എട്ടാം സന്തോഷ് ട്രോഫി കിരീടം മലയാളക്കരയ്‌ക്ക് സമ്മാനിക്കാൻ കേരളം ഇറങ്ങുന്നു. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ചൊവ്വ രാത്രി 7.30നാണ് ഫൈനൽ. എതിരാളി 32 തവണ കിരീടം നേടിയ ബംഗാൾ.
ഗ്രൂപ്പ് ഘട്ടംമുതൽ 10 കളിയിൽ 35 ഗോൾ അടിച്ചുകൂട്ടിയാണ് കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്. സെമിയിൽ മണിപ്പുരിനെ 5–-1ന് തകർത്ത ആത്മവിശ്വാസമാണ് കരുത്ത്. ബംഗാൾ ചാമ്പ്യൻമാരായ സർവീസസിനെ 4–-2ന് മറികടന്നു. പരമ്പരാഗത ശക്തികളായ കേരളവും ബംഗാളും അഞ്ചാംതവണയാണ് ഫൈനലിൽ മുഖാമുഖം കാണുന്നത്. മുമ്പ് നാലുതവണയും ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചയിച്ചത്. കേരളം രണ്ടുവർഷംമുമ്പാണ് അവസാന കിരീടം നേടിയത്. ബംഗാളിന്റെ നേട്ടം 2017ൽ.
ടർഫ് ഗ്രൗണ്ടിൽനിന്ന് സ്വാഭാവിക പുൽമൈതാനത്തേക്ക് കളി മാറിയതും കാലാവസ്ഥയും കേരളത്തിന് അനുകൂലമാണ്. പകരക്കാരായെത്തുന്ന താരങ്ങൾ മികച്ച പ്രകടനത്തോടെ കളിപിടിക്കുന്നത് ആവേശകരം. ക്വാർട്ടറിൽ വിജയഗോളിന് അവസരമൊരുക്കിയ വി അർജുനും സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും ഉദാഹരണം. പ്രതിരോധനിരയിൽ മനോജിന് കളിക്കാനാകാത്തതും നിജോ ഗിൽബർട്ടിന്റെ പരിക്കും ആശങ്കയാണ്.
ദേശീയ ചാമ്പ്യൻഷിപ്പിൽ മറ്റാർക്കും സാധ്യമാകാത്ത കുത്തകയാണ് ബംഗാളിന്റേത്. ഇക്കുറി 47–-ാം ഫൈനലാണ്. കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത മുന്നേറ്റനിരയാണ് ശക്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ