SOURCE :- ANWESHANAM NEWS

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ രണ്ടാമത്തെ ​ഗാനമായ ബംബൂസിയ അണ്ടർ വാർട്ടർ സോങ് പ്രോമോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഫാന്റസി പീരീഡ് ജോണറിൽ ഒരുങ്ങുന്ന സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പുറത്ത് വന്ന അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കടലിനടിയിലെ കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് ബംബൂസിയ ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിന്റെ പശ്ചാത്തലം. അനിമേഷനായി ഒരുക്കിയിരിക്കുന്ന ഗാനത്തിൽ നീരാളിക്ക് ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാലാണ്.

ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് കൃഷ്ണദാസ് പങ്കി ആണ്. മോഹൻലാൽ, അഞ്ജന പത്മനാഭൻ, അമൃതവർഷിണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ സിനിമയിലെ ഇസബെല്ലാ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നു. മോഹൻലാൽ പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.

മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പിന്നീടത് മാറ്റി. പിന്നാലെ ഒക്ടോബർ മൂന്നിന് റിലീസ് ചെയ്യുമെന്നും മോഹൻലാൽ ഔദ്യോ​ഗികമായി അറിയിച്ചു. പക്ഷേ ഇതിലും മാറ്റം വരികയായിരുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.

SOURCE : ANWESHANAM