Source :- SIRAJLIVE NEWS
ഗസ്സ | 1948ലെ ഫലസ്തീനികളുടെ നിർബന്ധിത കൂട്ടപ്പലായനം, നകബയുടെ 75ാം വാർഷികമായ 2025ൽ ഏറെ നാളത്തെ ത്യാഗം സഹിച്ച് ആത്മധൈര്യം കൈവിടാതെ ബാക്കിയായ ഫലസ്തീനികൾ പോർവിമാനങ്ങൾ പറക്കാത്ത ഗസ്സയുടെ ആകാശത്തിന് ചുവട്ടിൽ തണൽ തേടാനൊരുങ്ങുന്നു. 1948ലെ അറബ്- ഇസ്‌റാഈൽ യുദ്ധത്തെ തുടർന്ന് ലക്ഷക്കണക്കിന് ഫലസ്തീനികൾ സ്വന്തം വീടുകളിൽ നിന്ന് കുടിയിറക്കെപ്പട്ടതിന്റെ 75ാം വർഷമാണ് 2025. എല്ലാ വർഷവും മെയ് 15നാണ് ഫലസ്തീനികൾ നകബയുടെ ഓർമ പുതുക്കുന്നത്.
15 മാസത്തെ ഗസ്സാ വംശഹത്യയിൽ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് നിർബന്ധിത കുടിയിറക്കലിന് വിധേയരായത്. അവരിൽ പലരും ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബാക്കിയായവർ താത്കാലിക കൂടാരങ്ങളിൽ നിന്ന് ഭയപ്പാടില്ലാത്ത ഗസ്സയുടെ മണ്ണിലേക്ക് ഇറങ്ങുകയാണ്.
നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഫലസ്തീന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് നകബയുടെ 75ാം ആണ്ട് ഓർമപ്പെടുത്തുന്നത്. 1948ൽ 20ഓളം നഗരങ്ങളിലായി താമസിച്ചിരുന്ന ഫലസ്തീനികൾക്ക് സ്വന്തം വീടും നാടും നഷ്ടപ്പെട്ടു. ഇതിന് സമാനമാണ് ഇന്ന് ഗസ്സാ നഗരവും ഗസ്സയുടെ നാലു ദിക്കുകളും. സ്വന്തം വീടുകൾ നിന്നിടത്ത് കോൺക്രീറ്റ് ചാരങ്ങൾ മാത്രമാണ് ഗസ്സക്കാർ കാണുന്നത്.
ഇന്നലെ ദാർ അൽ ബലാഹിലെ കൂടാരങ്ങൾക്ക് നടുവിൽ ഒന്നിച്ച ഗസ്സക്കാരുടെ സായാഹ്നക്കാഴ്ച ലോകത്തിന്റെ കരളലയിപ്പിച്ചു. പലരും ആലിംഗനം ചെയ്തും പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടും പുതിയ സ്വാതന്ത്ര്യത്തെ വരവേൽക്കാനൊരുങ്ങി. മധ്യ ഗസ്സയിലെ നുസ്വീറാത്തിൽ കൂടാരത്തിൽ അഹ്്മദ് അൽ ഹന തന്റെ ഭാര്യയുടെയും രണ്ട് മക്കളുടെയും ഫോട്ടോ നെഞ്ചിലമർത്തി പൊട്ടിക്കരഞ്ഞു. ആഗസ്റ്റിൽ തിരക്കേറിയ മാർക്കറ്റിൽ ഇസ്‌റാഈൽ വ്യോമാക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടത്.
ഇസ്‌റാഈൽ ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് സൽമ അബൂദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. പടിഞ്ഞാറൻ ഖാൻ യൂനുസിലെ ക്യാമ്പിൽ ഇന്നവൾ ഒറ്റക്കാണ്. ഉറ്റവരെല്ലാം ക്രൂരതയുടെ ഇരകളായി ലോകത്തോട് വിടപറഞ്ഞു. ഇങ്ങനെ നിരവധി നെഞ്ചുരുകും കാഴ്ചകളാണ് ഗസ്സയിലെ താത്കാലിക കൂടാരങ്ങളിൽ.