Source :- SIRAJLIVE NEWS

ചലച്ചിത്രം മികച്ച സംവേദന കലയാണ്. 1890കളിലാണ് തോമസ് ആൽവാ എഡിസന്റെ കമ്പനിയായ എഡിസൺ കമ്പനി സിനിമയുടെ ആദ്യപതിപ്പായ കൈനെറ്റോസ്‌കോപ് കണ്ടുപിടിക്കുന്നത്. 1895ൽ പാരീസിൽ പ്രദർശിപ്പിക്കപ്പെട്ട “ലുമീറെ ബ്രദേഴ്സ്’ ആണ് ആദ്യ സിനിമ. എന്നാൽ ശബ്ദമുള്ള ആദ്യസിനിമ 1927ൽ ഇറങ്ങിയ “ദ ജാസ് സിംഗർ’ ആണ്. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹേബ് ഫാൽക്കേ 1913ൽ സംവിധാനം ചെയ്ത “രാജാ ഹരിചന്ദ്ര’യാണ് ആദ്യ ഇന്ത്യൻ സിനിമ. അധികാര രാഷ്ട്രീയത്തിന്റെ അരികുപറ്റിയും ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഉപകരണമായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സിനിമ അറിയപ്പെടുന്നുണ്ട്.

തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും ഇഴപിരിക്കാനാവാത്തവണ്ണം പരസ്പര ബന്ധിതമാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സിനിമാ കുലപതിയായ (കലൈഞ്ജർ) കരുണാനിധിയുടെ മകനാണ്. അദ്ദേഹവും ദീർഘകാലം അവിടെ മുഖ്യമന്ത്രിയായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ ജയലളിത, എം ജി ആർ മുതലായവരും സിനിമയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്കും പിന്നെ അധികാരത്തിലേക്കുമെത്തുന്നത്. ഇപ്പോൾ ശക്തമായി വരുന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ സ്ഥാപകൻ പ്രമുഖ നടൻ വിജയ് ആണ്. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന എൻ ടി രാമറാവു ഒരുകാലത്ത് ആന്ധ്രയുടെ അവസാന വാക്കായിരുന്നു. ഒരു കലാവിഷ്‌കാരം എന്നതിനപ്പുറത്തേക്ക് സിനിമക്ക് പ്രാധാന്യം കൈവന്നതിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാം.

ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർഷത്തോളം സമരം ചെയ്ത ധീരനായ പോരാളിയും രക്തസാക്ഷിയുമായ ഉമർ മുഖ്താറിന്റെ കഥ പറയുന്ന മുസ്തഫാ അക്കാദ് സംവിധാനം ചെയ്ത മരുഭൂമിയിലെ സിംഹം (1981), റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി (1982) മുതലായവ ചരിത്രത്തെ സത്യസന്ധമായി പ്രകാശിപ്പിച്ച ചലച്ചിത്ര സൃഷ്ടികളാണ്. എന്നാൽ ഇറ്റാലിയൻ ഏകാധിപതി മുസോളിനിയുടെ പാത പിന്തുടർന്ന് ഫാസിസം അതിഭീകരമായി നടപ്പാക്കിയ ഹിറ്റ്‌ലർ, സിനിമയെ പ്രധാന ആയുധമാക്കിയാണ് നാസി ഏകാധിപത്യം ജർമനിയിൽ സ്ഥാപിച്ചെടുത്തത്. അതോടെ പ്രൊപഗണ്ട സിനിമകൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയുണ്ടായി.

ഹിറ്റ്‌ലറിന്റെ മന്ത്രിസഭയിൽ പ്രൊപഗണ്ട മന്ത്രിയായ പോൾ ജോസഫ് ഗീബൽസിന്റെ “ഒരു കള്ളം പലതവണ ആവർത്തിച്ചാൽ ആളുകൾ അത് വിശ്വസിക്കും’ എന്ന സിദ്ധാന്തം പ്രാവർത്തികമാക്കുന്ന ഏറ്റവും അനുയോജ്യമായ മാധ്യമമായി മാറി അക്കാലത്തെ സിനിമകൾ. സിനിമക്കായി ഒരു വകുപ്പ് തന്നെ ഉണ്ടാക്കി. “ജർമൻ സിനിമയുടെ രക്ഷാധികാരി’ എന്നാണ് ഗീബൽസ് അറിയപ്പെടുന്നത്.

ജർമനിയിൽ മാത്രമല്ല ഹോളിവുഡിൽ പോലും നാസിസത്തെ എതിർക്കുന്ന സിനിമകൾ നിർമിക്കുന്നില്ലെന്ന് “ദ ഡിപാർട്ടമെന്റ്ഓഫ് ഫിലിം’ ഉറപ്പുവരുത്തി. നാസി വാർത്തകളുടെ ഷോട്ടുകൾ അമേരിക്കൻ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. 1920 മുതൽ 1945 വരെ നാസി മുഖപത്രമായ “റേഷ്യൽ ഒബ്സർവറി’ൽ സിനിമകളുടെ റിവ്യൂ വലിയ പ്രാധാന്യത്തോടെ കൊടുത്തതും ഈ ലക്ഷ്യത്തോടെയാണ്. ജർമനിയിൽ അക്കാലത്ത് നിർമിക്കപ്പെട്ട ആറിലൊന്നും നാസി പ്രൊപഗണ്ട സിനിമകളായിരുന്നു.

നാസിസം പിന്തുടരുന്ന ഇന്ത്യൻ സംഘ്പരിവാർ ഗീബൽസിന്റെ പാതയിൽത്തന്നെയാണ്. സിനിമക്ക് മാത്രമായി “ചിത്ര ഭാരതി’ എന്ന സംഘടനയുണ്ട് അവർക്ക്. ബി ജെ പി വേരുപിടിക്കുന്നത് തന്നെ രാജീവ് ഗാന്ധിയുടെ ഭീമാബദ്ധത്തിൽ നിന്നാണ്. ഹിന്ദുക്കളെ കോൺഗ്രസ്സിന്റെ കൂടെ നിർത്താനാണ് അദ്ദേഹം ദൂരദർശനിലൂടെ മഹാഭാരതവും രാമായണവും സീരിയലായി സംപ്രേക്ഷണം ചെയ്തത്. ആർ എസ് എസ് അത് തങ്ങൾക്ക് നേട്ടമാകുന്ന വിധത്തിൽ ഉപയോഗപ്പെടുത്തി. ഹിന്ദു ദുരഭിമാനം കത്തിച്ചുകൊണ്ട് ബാബരി മസ്ജിദ് തകർക്കുകയും ആ വിഭജനത്തിലൂടെ ബി ജെ പി എന്ന പുതിയ പാർട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു.

2014ന് ശേഷം ബോളിവുഡ് ഇൻഡസ്ട്രിയെ ബി ജെ പി വരുതിയിലാക്കി. ഡസൻ കണക്കിന് സിനിമകളാണ് ദേശീയതലത്തിൽ സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി നിർമിക്കപ്പെട്ടത്. 2020ന് ശേഷം ഇറങ്ങിയ ഹിന്ദുത്വ ആശയത്തെ പ്രതിനിധീകരിക്കുന്ന കശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, റാം സേതു, തിരംഗ, ബ്രഹ്മാസ്ത്ര, അവസാനമിറങ്ങിയ ഛാവ വരെ മെഗാ ബജറ്റ് പ്രൊപഗണ്ട സിനിമകളാണ്. ബോളിവുഡ് സിനിമകളുടെ ഉള്ളടക്കം ഹിന്ദു-മുസ്്ലിം പ്രണയ പരിസരത്തുനിന്ന് അതിതീവ്ര ദേശീയതയിലേക്കും ഹിന്ദുത്വയിലേക്കും മാറി
ക്കഴിഞ്ഞു.

അക്ബർ ചക്രവർത്തിയുടെ മകൻ സലീം രാജകുമാരനും (ജഹാൻഗീർ ചക്രവർത്തി) കൊട്ടാര നർത്തകി അനാർകലിയും തമ്മിലുള്ള പ്രണയം ഇതിവൃത്തമാക്കിയ “മുഗൾ ഇ അസം’ എന്ന സിനിമ ഉയർത്തിവിട്ടത് ഇന്ത്യൻ ഭൂഖണ്ഡത്തിൽ പ്രണയ തരംഗമായിരുന്നു. തല്ലുമാല, മാർകോ പോലുള്ള സിനിമകൾ യുവ ഹൃദയങ്ങളിൽ അക്രമവാസന വളർത്തുകയും അത് ക്യാമ്പസിന്റെ സ്വാസ്ഥ്യം കെടുത്തുകയും ചെയ്ത വസ്തുത നമുക്കനുഭവമുള്ള കാര്യമാണല്ലോ. സിനിമ മാത്രമല്ല, അതിലഭിനയിക്കുന്നവരും യുവാക്കളുടെ റോൾ മോഡലുകളാണ്.

മഹാഭാരതം സീരിയലിൽ കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജിനെ ദൈവമായിട്ടാണ് ഹൈന്ദവ വിശ്വാസികളിലൊരു വിഭാഗം കണ്ടത്. സിനിമ മനസ്സുകളെ മെസ്മെറൈസ് ചെയ്യും. ഛാവ കണ്ടിട്ട് അതിൽ കാണിക്കുന്ന മധ്യപ്രദേശിലെ ബുർഹാൻപൂരിലെ അസീർഗർ മുഗൾ കോട്ടയിലേക്ക് മൊബൈൽ വെളിച്ചവുമായി സ്വർണനിധി കണ്ടെത്താൻ പ്രേക്ഷകർ പോയത് നമ്മൾ കണ്ടു. ഛത്രപതി സംഭാജി രാജാവും മുഗൾ ചക്രവർത്തി ഔറംഗസീബും തമ്മിലുണ്ടായ യുദ്ധങ്ങളുടെ കഥയാണ് ഛാവ. ആ സിനിമ കണ്ടിട്ട് ജനം മഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളിൽ മുസ്്ലിംകൾക്കെതിരെ കലാപം അഴിച്ചുവിട്ടു. ഇത്തരം “പ്രത്യയശാസ്ത്ര സിനിമ’കൾക്ക് സർക്കാർ നികുതിയിളവുകൾ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുമുണ്ട്.

2020ന് ശേഷം രണ്ട് ഡസൻ ബിഗ് ബജറ്റ് സിനിമകളെങ്കിലും ബോളിവുഡിൽ ഹിന്ദുത്വയെ പ്രതിനിധീകരിച്ച് ഇറങ്ങിയിട്ടണ്ട്. കശ്മീർ ഫയൽസ് കണ്ടിട്ട് ഹിന്ദു ജാഗരൺ മഞ്ചിന്റെ പ്രവർത്തകർ തിയേറ്ററിൽ വെച്ചുതന്നെ മുസ്്ലിംകളെ വെടിവെക്കൂ എന്നാക്രോശിച്ചു. അതിപുരുഷ്, സ്വതന്ത്ര സവർക്കർ, സബർമതി റിപോർട്ട്, ആർട്ടിക്കിൾ 370, ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്, മേൻ ദീൻ ദയാൽ ഹൂം തുടങ്ങി അനേകം സിനിമകൾ പ്രത്യേകമായ അജൻഡയുമായി പുറത്തിറക്കിക്കൊണ്ടേയിരിക്കുകയാണ്.

ഹിന്ദു അഭിമാനം ഉയർത്തിപ്പിടിച്ചും മുസ്്ലിം വിദ്വേഷം ഊതിക്കത്തിച്ചുമുള്ള ഏകപക്ഷീയവും അതിശയോക്തി കലർന്നതുമായ ആഖ്യാനങ്ങൾ വഴി മുസ്്ലിംകളെ ഊരുവിലക്കാനും അവരുടെ കച്ചവടങ്ങൾ ബഹിഷ്‌കരിക്കാനുമുള്ള ആഹ്വാനങ്ങളാണ് ഈ സിനിമകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഒരുവർഷം 1,500-2,000 സിനിമകൾ ബോളിവുഡിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സിനിമാ വ്യവസായത്തെ ഹിന്ദുത്വയുടെ പിടിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഏറെക്കുറെ വിജയിച്ചിരിക്കു
കയാണ്.

എംപുരാൻ എന്ന 180 കോടി മുതൽ മുടക്കിൽ നിർമിച്ച ആദ്യ മലയാള പാൻ ഇന്ത്യൻ സിനിമയെ കുറിച്ചുള്ള വിവാദം അടങ്ങിയിട്ടില്ല. 2002ലെ ഗുജറാത്ത് മുസ്്ലിം വംശഹത്യയാണ് ഇതിലെ ഒരു പ്രമേയം. അഞ്ച് ദിവസം കൊണ്ട് 200 കോടിയുടെ റെക്കോർഡ് കലക്്ഷനാണ് സിനിമ നേടിയത്. എന്നാൽ ഇരുപതിലധികം “വെട്ടുകളേറ്റ’ സിനിമയാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. വലിയൊരു സന്ദേശമാണ് ഈ ഇടപെടൽ നൽകുന്നത്. ബോളിവുഡിൽ മാത്രമല്ല, ഏതു ഭാഷയിലുള്ള സിനിമയും തങ്ങൾക്കനുകൂലമായി മാത്രമേ ഇറങ്ങാവൂ, അല്ലെങ്കിൽ അത്തരം സിനിമകൾക്ക് എംപുരാന്റെ ഗതിയായിരിക്കും ഉണ്ടാകുകയെന്ന് ബോധ്യപ്പെടുത്തുന്നതിൽ ഭരണകൂടം വിജയിച്ചിരിക്കുന്നു. നല്ല ഹിന്ദുവും ചീത്ത മുസ്്ലിമും ഉള്ളടക്കമായ സിനിമകൾ മാത്രമാകും ഇനിയുള്ള കാലം ഇന്ത്യയിൽ
ഇറങ്ങുക.

ജർമൻ പൊതുജനാഭിപ്രായവും പെരുമാറ്റവും രൂപപ്പെടുത്തുന്നതിൽ “പ്രൊപഗണ്ട മന്ത്രാലയം’ വഹിച്ച പങ്കാണ് സംഘ്പരിവാർ മാതൃകയാക്കുന്നത്. അതിവർഗീയതയുടെയും അതിദേശീയതയുടെയും പ്രത്യയശാസ്ത്രത്തിന് ചുറ്റും കറങ്ങുന്ന, ചരിത്രത്തെ കുഴിച്ചുമൂടി കെട്ടുകഥകൾ മെനഞ്ഞുണ്ടാക്കി ഇസ്്ലാമോഫോബിയ ആവോളം കുത്തിനിറക്കുന്ന ആറ്റംബോംബുകളാണ് ഇനി വരാൻപോകുന്നത്. “കല കലക്കുവേണ്ടി’ എന്ന ആശയം “കല കൊലക്കുവേണ്ടി’ എന്ന് തിരുത്താൻ ഇന്ത്യൻ ഫാസിസം ഹിംസാത്മകമായി ഒരുങ്ങിക്കഴിഞ്ഞു.