Source :- SIRAJLIVE NEWS

കല്‍പറ്റ | വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കോണ്‍ഗ്രസ് മുന്‍ നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവര്‍ പ്രതികളായ കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസില്‍ കല്‍പറ്റ സെഷന്‍സ് കോടതിയാണ് ഹരജികള്‍ പരിഗണിക്കുന്നത്. എന്‍ എം വിജയന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്നും വിജയന്റേതായി പോലീസ് കണ്ടെത്തിയ കത്തുകള്‍ ആത്മഹത്യാകുറിപ്പായി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, കത്ത് എന്‍ എം വിജയന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കണ്ടെടുക്കപ്പെട്ട കത്തില്‍ തന്നെ വൈരുധ്യം ഉണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആത്മഹത്യാ കുറിപ്പിനു പുറമെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.