Source :- SIRAJLIVE NEWS
കോഴിക്കോട് | വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും മാനവിക മൂല്യങ്ങളും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്‌മൈല്‍ ക്ലബിന്റെ മെന്റേഴ്‌സ് സംഗമം പ്രൗഢമായി. പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലബിന് കീഴില്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കേണ്ട വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികള്‍ സംഗമത്തില്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികളുടെ മാനസിക-ബൗദ്ധിക വികാസത്തിനും സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനും മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ മെന്റര്‍മാരുടെ പങ്ക് വലുതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അനസ് അമാനി പുഷ്പഗിരി, മുനവ്വര്‍ അമാനി, ശുഐബ് വായാട്, മുഹമ്മദ് ബാസിം നൂറാനി, സഅദ് ഖുതുബി, പി ടി റാഷിദ് പാലേരി, ഹാഷിര്‍ ഫറോഖ് സംഗമത്തില്‍ സംബന്ധിക്കുകയും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
വിവിധ ജില്ലകളില്‍ നിന്നുള്ള ക്ലബ് മെന്റര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ കര്‍മരേഖക്ക് അന്തിമരൂപം നല്‍കി.







