Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ ബി എസ് എഫ് വധിച്ചു. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബി എസ് എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബി എസ് എഫുമായി ഏറ്റുമുട്ടിയത്.

വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൊഹുറയ്ക്ക് സമീപം റസേര്‍വാനിയില്‍ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം ഷെല്ലില്‍ ഇടിച്ചായിരുന്നു മരണം. റസേര്‍വാനിയില്‍ താമസിക്കുന്ന നര്‍ഗീസ് ബീഗം ആണ് പാക് ഷെല്ലാക്രമണത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തില്‍ ഷെല്‍ പതിക്കുന്നത്.

സംഭവസ്ഥലത്ത് വെച്ചുതന്നെ നര്‍ഗീസ് മരണപ്പെടുകകയിരുന്നു. നര്‍ഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീക്കും ഷെല്ലാക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജി എം സി ബാരാമുള്ളയിലേക്ക് മാറ്റി. പാകിസ്താന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കി.