Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ഐക്യ ആഹ്വാനവുമായി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ യോഗത്തില്‍ കടുത്ത വിമര്‍ശമുണ്ടായി. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു നേതാക്കളുടെ വിമര്‍ശം. എപി അനില്‍കുമാറും ശൂരനാട് രാജശേഖരനുമാണ് പ്രധാനമായി വിമര്‍ശമുന്നയിച്ചത്. ഒരു ഘട്ടത്തില്‍ സതീശനും അനില്‍കുമാറും പരസ്പരം കൊമ്പുകോര്‍ക്കുന്ന സ്ഥിതവരെയുണ്ടായി. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി യോഗലുണ്ടായി

സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.ഒരുമിച്ച് നില്‍ക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സമിതി മാസംതോറും യോഗം ചേരണം. കൃത്യമായ കൂടിയാലോചനകള്‍ നടത്തണം. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും അദ്ദേഹം വേണുഗോപാല്‍ ആവശ്യപ്പെട്ടു.ഐക്യത്തില്‍ പോകാന്‍ തീരുമാനിച്ചത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദീപാ ദാസ് മുന്‍ഷിയും പങ്കെടുക്കും.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ പറഞ്ഞു.യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ പറഞ്ഞു. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനകാര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല