Source :- SIRAJLIVE NEWS
മലപ്പുറം| കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി ഐ എസ് എഫ്- കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധ ഇടങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിന് പുറത്ത് അമൃത്സർ, ഹരിയാന എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോ ഗസ്ഥരുടെ വീടുകളിലും അവരുടെ സഹായികളുടെ വീടുകളിലുമാണ് പരിശോധന നടന്നത്. സ്വർണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ.
2023ൽ കരിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിജിലൻസിന് കൈമാറിയിരുന്നു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും റെയ്ഡ് നടന്നു. സി ഐ എസ് എഫ് അസ്സി. കമാൻഡന്റ് നവീൻ കുമാറും കൊണ്ടോട്ടി സ്വദേശി ഷറഫലിയും മുഖ്യപ്രതികളായ കേസിലാണ് റെയ്ഡ്.
അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലും ഹരിയാനയിലും പഞ്ചാബിലുമായി ഒമ്പത് ഇടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ റെയ്ഡ് നടന്നത്. ഒന്നാം പ്രതിയായ സി ഐ എസ് എഫ് അസ്സി. കമാൻഡന്റ് നവീൻ കുമാറിന്റെ ഹരിയാന ഹിസോറിലുള്ള വീട്, രണ്ടാം പ്രതി ഷറഫലിയുടെ കൊണ്ടോട്ടിയിലെ വീട്, കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെ കൈത്തൽ, പഞ്ചാബിലെ അമൃത്സർ എന്നിവിടങ്ങളിലുള്ള വീടുകൾ, കോഴിക്കോട്ടും കൊച്ചി വില്ലിംഗ്ടൺ ഐലന്റിലുമുള്ള കസ്റ്റംസ് ക്വാർട്ടേഴ്സുകൾ, ഒന്നാം പ്രതി നവീൻ കുമാറിന്റെ ബന്ധുവിന്റെ ഹിസോറിലുള്ള വീട്ടിലും ഏജന്റുമാരായി സംശയിക്കുന്നവരുടെ കോഴിക്കോട്, താമരശ്ശേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ വീടുകളിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചടുത്തു.
കോഴിക്കോട് വിജിലൻസ് റേഞ്ച് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം, കോഴിക്കോട് ഡിവൈ എസ് പിമാർ ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പരിശോധന നടത്തിയത്. സി ഐ എസ് എഫ് അസ്സി. കമാൻഡന്റായ നവീൻ കുമാറിന്റെ സഹായത്താൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില ജ്വല്ലറികളിൽ എത്തിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന ഹവാല പണം ഡൽഹിയിലേക്ക് പോകുന്നുവെന്നായിരുന്നു കേസ്.
ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ് വിജിലൻസിന് കൈമാറിയിരുന്നു. കേസ് നേരിടുന്ന നവീൻ കുമാർ നിലവിൽ സസ്പെൻഷനിലാണ്.