Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ കോർഡൻ ആൻഡ് സെർച്ച് ഓപ്പറേഷനിടെ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
കിഷ്ത്വാറിലെ സിങ്‌പ്പോരയിലെ വനമേഖലയില്‍ നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ നാല് ഭീകരര്‍ സേനയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചിറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ജമ്മു കശ്മീര്‍ പോലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.