Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. യൂനിയന്‍ ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരണത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.

ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശമ്പള കമ്മീഷന്‍.

ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും പുതിയ കമ്മീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.