Source :- KERALA BHOOSHANAM NEWS

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ക്ക് മാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ ആര്‍എസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാര്‍ ഗവര്‍ണര്‍ ആകും.
നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍. ബിഹാറില്‍ നിന്നാണ് അര്‍ലേകര്‍ കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണര്‍ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിന് പുതിയ ഗവര്‍ണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്കാണ് മണിപ്പൂര്‍ ഗവര്‍ണറായി നിയമനം. ഈ വര്‍ഷം ഓഗസ്റ്റ് വരെ കാലാവധിയുണ്ടെന്നിരിക്കെയാണ് നിയമനം.