Source :- SIRAJLIVE NEWS
കോഴിക്കോട്| കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു.കെട്ടിടം ഉടമ എന്ന നിലയില്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും കോര്‍പ്പറേഷന്‍ ചെയ്തിട്ടില്ല. ലിഫ്റ്റ് ഉള്‍പ്പെടെ ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തില്‍ ഇല്ല. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ല. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നഗരത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്നും ശോഭിത പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്‍പറേഷന്‍ പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന് ടി സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് ആരോപിച്ചു.
അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലെ തീപിടിത്തത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കത്തിയ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കവും പോലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെ പരിശോധനയും നടക്കും.