Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരോട് കൂടിയ യാത്രാ കൂലി വാങ്ങുന്നത് അനീതിയാണെന്നും മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുമായി താരതമ്യം ചെയ്യുമ്പോള്‍ അനീതിയാണെന്നും എയര്‍ ഇന്ത്യ സി ഇ ഒ കാമ്പല്‍ വില്‍സണെ നേരിട്ട് ബോധ്യപ്പെടുത്തി ഹാരിസ് ബീരാന്‍ എം പി. കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് സര്‍വീസ് ബിഡിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ എം ഡിയും സി ഇ ഒയും കൂടിയായ കാമ്പല്‍ വില്‍സണുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട്‌നിന്നുള്ള സാധാരണക്കാരായ തീര്‍ഥാടകാരോട് നീതി കാണിക്കണമെന്നും കൂടിയ വിമാന ചാര്‍ജ്ജ് പുനപരിശോധിച്ച് ചാര്‍ജ്ജില്‍ ഇളവ് വരുത്തണമെന്നും എം പി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കും കണ്ണൂരേക്കും മുമ്പ് ഉണ്ടായിരുന്ന ഡയറക്റ്റ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും അതുപോലെ മലബാറില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും എം പി നിര്‍ദ്ദേശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കൊച്ചിയില്‍ നിന്നും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എം പി സൂചിപ്പിച്ചു. കൂടാതെ വിമാന ചാര്‍ജ്ജില്‍ നിലവിലുള്ള ഫെസ്റ്റിവല്‍ ഹൈക്കുകള്‍ നിയന്ത്രിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കണ്‍സഷന്‍ ആരഭിക്കുന്നതിനും എം പി ശുപാര്‍ശ ചെയ്തു.

അടുത്ത ദിവസങ്ങളിലായി വാങ്ങുന്ന പുതിയ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുന്നമുറക്ക് കോഴിക്കോട്ടേക്ക് മുമ്പുണ്ടായിരുന്ന സര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ പുനരാരംഭിക്കുമെന്ന് കാമ്പല്‍ വില്‍സണ്‍ എം പി യോട് പറഞ്ഞു. ഡല്‍ഹി ഗുരുഗ്രാമിലെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ ഗവേണന്‍സ് ഹെഡ് പി ബാലാജിയും പങ്കെടുത്തു.