Source :- SIRAJLIVE NEWS

“ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണ ഘട്ടമാണ് ഗസ്സയിലെ ജനത അനുഭവിക്കുന്നത്. ഒരു ഭാഗത്ത് ഇസ്‌റാഈലിന്റെ കര, വ്യോമ ആക്രമണം. മറുവശത്ത്, ജീവന്‍ നിലനിര്‍ത്താനായി അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയ സഹായം ഗസ്സയിലെത്താതിരിക്കാനായി ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ ഉപരോധം. ഈ മനുഷ്യര്‍ അതിരൂക്ഷമായ ക്ഷാമത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്’- ഇത് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകളാണ്. 2023 ഒക്‌ടോബര്‍ ഏഴിന് ഗസ്സക്ക് നേരെ ഇസ്‌റാഈല്‍ ആരംഭിച്ച വംശഹത്യാ ആക്രമണങ്ങളില്‍ ഗുട്ടെറസ് നേരത്തേയും ശക്തമായ പ്രതികരണം നടത്തിയിട്ടുണ്ട്. ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് ഗസ്സയാണെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി. യു എന്‍ രക്ഷാ സമിതിയില്‍ കൃത്യമായ നിലപാടെടുക്കാന്‍ അമേരിക്കന്‍ വീറ്റോ അധികാരം തടസ്സം നില്‍ക്കുകയും അന്താരാഷ്ട്ര സംഘടന ഫലശൂന്യമാകുകയും ചെയ്യുമ്പോള്‍ ഈ സെക്രട്ടറി ജനറല്‍ ഇങ്ങനെയൊക്കെ സംസാരിക്കുകയെങ്കിലും ചെയ്യുന്നത് ആശ്വാസകരമാണ്. ഒറ്റക്കോളം വാര്‍ത്തയിലേക്കും സ്പീഡ് ന്യൂസുകളിലേക്കും ചുരുങ്ങിപ്പോയ ഗസ്സയുടെ സത്യം ഇങ്ങനെയെങ്കിലും ലോകത്തെ കേള്‍പ്പിക്കാനാകുമല്ലോ.

ഗസ്സ പൂര്‍ണമായി പിടിച്ചടക്കും വരെ പിന്നോട്ടില്ലെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഓസ്‌ലോ കരാറിന് മുമ്പത്തെ അവസ്ഥയിലേക്ക് കൊണ്ടുപോകുകയാണ് ലക്ഷ്യം. അതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ട്. സേഫ് സോണ്‍, ബഫര്‍ സോണ്‍ തുടങ്ങിയ പേരുകളിട്ട് മനുഷ്യരെ ആട്ടിയോടിക്കുകയാണ്. ആക്രമണ സൈറണുകള്‍ മുഴങ്ങാത്ത ഒരിടവും ഗസ്സയിലില്ല. അഭയ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തു. ആശുപത്രികള്‍ക്കും രക്ഷയില്ല. ഭക്ഷണവുമായെത്തിയ ട്രക്കിന് ചുറ്റും നില്‍ക്കുന്നവരെ പോലും ആക്രമിച്ചു. കരയില്‍ നിന്നും ആകാശത്ത് നിന്നും കൊല്ലുന്നത് പോരാഞ്ഞാണ് പട്ടിണിക്കിട്ട് കൊല്ലുന്നത്. എണ്‍പത് ദിവസത്തിലേറെയായി ക്രോസ്സിംഗുകള്‍ അടച്ച് കാവല്‍ നില്‍ക്കുകയാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന. ഇവര്‍ ആരെയാണ് പ്രതിരോധിക്കുന്നത്? കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പ്പൊടിയും ബിസ്‌കറ്റും അതിര്‍ത്തി കടന്നുവരുന്നത് തടയാന്‍ നില്‍ക്കുന്ന സൈന്യത്തെ ലോകത്തെവിടെയെങ്കിലും കാണാനാകുമോ? ഫ്രാന്‍സും ബ്രിട്ടനും കാനഡയുമെല്ലാം ശക്തമായ നടപടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒന്നോ രണ്ടോ ട്രക്കുകള്‍ കടത്തി വിടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ, അത് എങ്ങുമെത്തുന്നില്ല. ഒരാഴ്ചക്കിടെ 300 ട്രക്കുകള്‍ കടത്തിവിട്ടുവെന്നാണ് ഇസ്‌റാഈല്‍ നുണ പറയുന്നത്. ഈ എണ്ണം തന്നെ എത്ര പരിമിതമാണ്. ഗസ്സയെ സഹായിക്കാന്‍ ലോകം തയ്യാറാണ്. യു എ ഇയടക്കം അറബ് രാജ്യങ്ങളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും അയച്ച ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ്. പക്ഷേ, ഇസ്‌റാഈലിന്റെ നൃശംസത അനുവദിക്കുന്നില്ല. ഈയിടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിച്ച് മടങ്ങിയ ട്രംപ് വലിയ വര്‍ത്തമാനം പറഞ്ഞുവെന്നല്ലാതെ ചുരുങ്ങിയ പക്ഷം ബ്ലോക്കേഡ് നിര്‍ത്താന്‍ പോലും സയണിസ്റ്റ് രാഷ്ട്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ തയ്യാറായില്ല. അടിയന്തര മാനുഷിക സഹായം ലഭിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം ഗസ്സയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന യു എന്‍ മുന്നറിയിപ്പ് മനഃസാക്ഷിയുള്ള മുഴുവന്‍ പേരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായം ഗസ്സയിലേക്ക് പ്രവഹിച്ചില്ലെങ്കില്‍ വലിയ മാനുഷിക ദുരന്തമാണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് നല്‍കിയത് യു എന്‍ ഹ്യൂമാനിറ്റേറിയന്‍ മേധാവി ടോം ഫ്‌ലെച്ചറായിരുന്നു. ഫ്‌ലെച്ചറിന്റെ ആശങ്ക ശരിവെക്കുന്ന വാര്‍ത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയില്‍ നിന്ന് വന്നത്. പോഷകാഹാരം കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുകയാണ്. പുറത്ത് വരുന്ന വാര്‍ത്തകളേക്കാള്‍ ഭീകരമാണ് ഗസ്സാ ചീന്തിലെ മാനുഷിക പ്രതിസന്ധി.

ഗസ്സയില്‍ പട്ടിണി മരണമില്ല, പര്‍വതീകരിക്കപ്പെട്ട വാര്‍ത്തകളാണ് അവിടെ നിന്ന് വരുന്നതെന്നാണ് ഇസ്‌റാഈല്‍ അധികൃതരുടെ വാദം. ആവശ്യത്തിന് ഭക്ഷണവും മരുന്നും അവിടെയുണ്ട്. ട്രക്കുകള്‍ നിര്‍ബാധം കയറ്റിവിട്ടാല്‍ അത് ഹമാസിന് ഗുണം ചെയ്യും. ബന്ദികളെ വിട്ടുകിട്ടാന്‍ ഇത്തരം കടുത്ത നടപടികള്‍ ചെയ്യേണ്ടി വരുമെന്നും നെതന്യാഹു സര്‍ക്കാര്‍ ന്യായീകരിക്കുന്നു. സത്യത്തില്‍ ഇപ്പോള്‍ നടക്കുന്ന കൊടും ക്രൂരതക്ക് ഹമാസുമായോ ബന്ദി മോചനവുമായോ ഒരു ബന്ധവുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഇസ്‌റാഈലിലെ വലതുപക്ഷ നേതാവ് മോശെ ഫീഗ്ലിന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹമാസല്ല, ഗസ്സയിലെ ഓരോ കുഞ്ഞും ശത്രുവാണെന്നാണ് ഫീഗ്ലിന്‍ ആക്രോശിച്ചത്. ഗസ്സ ഞങ്ങള്‍ പിടിച്ചടക്കും. അവിടെ ഒരു കുഞ്ഞിനെപ്പോലും അവശേഷിപ്പിക്കില്ല. ആരും ഞങ്ങളെ തടയില്ല- നെസ്സറ്റ് (ഇസ്‌റാഈല്‍ പാര്‍ലിമെന്റ്) മുന്‍ അംഗം കൂടിയായ ഫീഗ്ലിന്റെ വാക്കുകള്‍ അയാളുടേത് മാത്രമല്ല. നെതന്യാഹുവിനെ പിന്തുണക്കുന്ന മുഴുവന്‍ പേരുടേതുമാണ്.
ബന്ദികളെ മോചിപ്പിക്കലും സംഘര്‍ഷം അവസാനിപ്പിക്കലുമായിരുന്നു ലക്ഷ്യമെങ്കില്‍ നേരത്തേ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുകയായിരുന്നു നെതന്യാഹു ചെയ്യേണ്ടിയിരുന്നത്. മൂന്ന് ഘട്ടങ്ങളുള്ള ആ കരാറിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയ നെതന്യാഹു പുതിയ ആക്രമണ പരമ്പര തുടങ്ങുകയായിരുന്നുവല്ലോ. ഈ ചോരക്കളി ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഇസ്‌റാഈലിനകത്ത് നിന്ന് തന്നെ ഉയരുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇസ്‌റാഈലിനെതിരെ ഉപരോധ ഭീഷണിയുമായി രംഗത്ത് വന്നിട്ടുമുണ്ട്. ഈ ഘട്ടത്തില്‍ യു എന്നും ആഗോള ശക്തികളും നിവര്‍ന്നു നിന്ന് ഫലസ്തീനായി സംസാരിച്ചില്ലെങ്കില്‍ ഈ ജനത എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടും. നമ്മുടെയൊക്കെ കൈയിലെ ആ ചോരമണം ഏത് സുഗന്ധം പുരട്ടിയാലാണ് ഒഴിഞ്ഞു പോകുക?