Source :- SIRAJLIVE NEWS

ഗസ്സ | ഗസ്സയുടെ മൊത്തം വിസ്തൃതിയുടെ 77 ശതമാനവും ഇപ്പോൾ ഇസ്റാഈൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് വിവിധ ഏജൻസികൾ. കരയിലൂടെയുള്ള കടന്നുകയറ്റത്തിലൂടെയും ജനവാസ മേഖലകളിൽ അധിനിവേശ സേനയെ വിന്യസിക്കുന്നതിലൂടെയും നിർബന്ധിത കുടിയൊഴിപ്പിക്കൽ നയങ്ങളിലൂടെയുമാണ് ഈ കൈകടത്തലെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ പൗരന്മാർ അവരുടെ വീടുകൾ, പ്രദേശങ്ങൾ, ഭൂമികൾ, സ്വത്ത് എന്നിവയിലേക്ക് പ്രവേശിക്കാതിരിക്കാനായി കനത്ത വെടിവെപ്പാണ് മേഖലയിൽ ഇസ്റാഈൽ സൈന്യം നടത്തുന്നത്. ഇസ്റാഈലിന്റെ കടന്നുകയറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സമൂഹത്തോടും എജൻസികൾ ആവശ്യപ്പെട്ടു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന വംശഹത്യാ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ബലപ്രയോഗത്തിലൂടെ ഗസ്സ പിടിച്ചെടുക്കാനാണ് ഇസ്റാഈലിന്റെ ശ്രമമെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗസ്സയിൽ ആയിരക്കണക്കിന് ഫലസ്തീൻ കുടുംബങ്ങളെ ഇസ്റാഈൽ സൈന്യം കൊലപ്പെടുത്തിയതായി യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്ററിന്റെ ചെയർമാൻ റാമി അബ്ദു പറഞ്ഞു. 1,010 കുടുംബങ്ങൾ പൂർണമായും തുടച്ചുനീക്കപ്പെട്ടു. 2,620 കുടുംബങ്ങളിൽ അതിജീവിക്കുന്നത് ഒരു അംഗം മാത്രമാണ്. 4,126 കുടുംബങ്ങൾക്ക് രണ്ടിൽ കൂടുതൽ അതിജീവിച്ച അംഗങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സയിലെ കുട്ടികൾ നേരിടുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 950 കുട്ടികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ കുട്ടികൾ നേരിടുന്നത് മനുഷ്യരാശിക്ക് സങ്കൽപ്പിക്കാനാകാത്ത ക്രൂരതയാണെന്നും യു എൻ ഏജൻസി ചൂണ്ടിക്കാട്ടി. അവർ പട്ടിണി കിടക്കുകയും കുടിയിറക്കപ്പെടുകയും ആക്രമണങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു. ഇത് അവസാനിപ്പിക്കണം. കുട്ടികളെ സംരക്ഷിക്കണമെന്നും ഏജൻസി കൂട്ടിച്ചേർത്തു. അതിനിടെ, ഗസ്സാ മുനമ്പിന്റെ തെക്ക്, വടക്കൻ ഭാഗങ്ങളിൽ ഇസ്റാഈൽ സൈന്യം ആക്രമണങ്ങൾ ശക്തമാക്കി. പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനായാണ് ആക്രമണം കടുപ്പിച്ചതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം ആരോപിച്ചു. നിർബന്ധിത സ്ഥലംമാറ്റത്തിലൂടെ ഗസ്സയുടെ വടക്കൻ ഭാഗം മുഴുവൻ കൈയടക്കാനുള്ള തന്ത്രമാണ് ഇസ്റാഈൽ സൈന്യം നടപ്പാക്കുന്നതെന്നും ഗസ്സാ അധികൃതർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുടനീളം ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ പ്രാദേശിക പത്രപ്രവർത്തകനും ഒരു മുതിർന്ന രക്ഷാപ്രവർത്തക ഉദ്യോഗസ്ഥനും ഉൾപ്പെടെ 38 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 204 പേർക്ക് പരുക്കേറ്റു. ഖാൻ യൂനുസ്, ജബലിയ, നുസ്വീറാത്ത് മേഖലകളിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിലാണ് 38 പേർ കൊല്ലപ്പെട്ടതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയയിലുണ്ടായ വ്യോമാക്രമണത്തിലാണ് പ്രാദേശിക പത്രപ്രവർത്തകൻ ഹസൻ മജ്ദി അബു വർദയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.