Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യ പരിശീലകനും ബി ജെ പി മുന്‍ എം പിയുമായ ഗൗതം ഗംഭീറിന് കശ്മീരില്‍ നിന്നു വധഭീഷണി. ഐ എസ് ഐ എസ് കശ്മീരിന്റെ പേരിലാണ് ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഭീഷണി ഉള്‍പ്പെട്ട രണ്ട് ഇ മെയില്‍ സന്ദേശങ്ങളാണ് ഏപ്രില്‍ 22ന് ലഭിച്ചത്. ഉച്ചയ്ക്കും വൈകീട്ടുമായി ലഭിച്ച രണ്ട് സന്ദേശങ്ങളിലും ഐ കില്‍ യൂ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ഇതാദ്യമായല്ല ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം വരുന്നത്. ഗൗതം ബി ജെ പി എംപിയായിരുന്ന സമയത്ത് 2021 നവംബറിലും അദ്ദേഹത്തിന് ഭീഷണി നേരിടേണ്ടി വന്നിരുന്നു.

26 വിനോദസഞ്ചാരികളുടെ ജീവന്‍ കവര്‍ന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ പ്രതികരണമായിരുന്നു ഗൗതം ഗംഭീര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. ഭീകരാക്രമണത്തിനെതിരെ ഇന്ത്യ പൊരുതുമെന്നും ഇതിന് ഉത്തരവാദികളായവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും ഗൗതം ഗംഭീര്‍ എക്സില്‍ കുറിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥനയുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയിലുണ്ടാകുന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമിലുണ്ടായത്.