Source :- SIRAJLIVE NEWS

കല്‍പ്പറ്റ| ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.

സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്കും നല്‍കും. ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നടപടിക്രമങ്ങളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.