Source :- SIRAJLIVE NEWS
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന കാറ്ററിംഗ് വിഭാഗങ്ങളുടെ ഭക്ഷണം വാങ്ങിക്കഴിക്കുന്നവരാണ് ദൂരയാത്രക്കാരില്‍ ബഹുഭൂരിഭാഗവും. ഭക്ഷണത്തിന് അവരുടെ മുമ്പില്‍ മറ്റു മാര്‍ഗമില്ല. എത്രത്തോളം ഗുണനിലവാരമുള്ളതും സുരക്ഷിതവുമാണ് ഈ ഭക്ഷ്യസാധനങ്ങള്‍? അതേക്കുറിച്ച് അധിക പേരും ചിന്തിക്കാറില്ല. റെയില്‍വേയുടെ ഉത്തരവാദിത്വത്തില്‍ വിതരണം ചെയ്യുന്നതാകയാല്‍ ഗുണനിലവാരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് അത് വാങ്ങി ഭക്ഷിക്കുന്നത്.
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി റെയില്‍വേ അധികൃതര്‍ ഇടക്കിടെ അവകാശപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ ഈ അവകാശവാദത്തിന്റെ പൊള്ളത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്ന, ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ ഭക്ഷണം തയ്യാറാക്കുന്ന കൊച്ചി കടവന്ത്രയിലെ ഒരു കാറ്ററിംഗ് സെന്ററില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടത്.
അഴുകിയ മാംസവും ചീമുട്ടയുമടക്കം വൃത്തിഹീനവും ഉപയോഗശൂന്യവുമായ വസ്തുക്കള്‍ ഈ സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂടിവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷ്യവിതരണം നടത്തുന്ന ഈ സ്ഥാപനത്തില്‍ നിന്ന് വിഭവങ്ങള്‍ പിടികൂടിയത്. “വന്ദേഭാരതി’ന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും ഭക്ഷ്യനിര്‍മാണ ശാലകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ശ്രദ്ധിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
ഇതൊരു പുതിയ സംഭവമല്ല. ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ശുചിത്വരാഹിത്യവും ഗുണനിലവാരമില്ലായ്മയും തുറന്നു കാണിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. റെയില്‍വേ കാറ്ററിംഗ് സ്റ്റാഫ് ചായ തയ്യാറാക്കാന്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്ന് വെള്ളമെടുക്കുന്ന വീഡിയോ ദൃശ്യം വൈറലായതാണ്. ഒരു ട്രെയിന്‍ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് തീരെ നിലവാരമില്ലെന്ന പരാതി വ്യാപകമാണ്. ഓരോ വര്‍ഷവും ഇതുസംബന്ധിച്ച പരാതികള്‍ ഏറിവരികയാണ്. ഭക്ഷണത്തിന്റെ നിലവാരക്കുറവിനെക്കുറിച്ച് 2022ല്‍ 1,192 പരാതികളാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന് (ഐ ആര്‍ സി ടി സി) ലഭിച്ചതെങ്കില്‍, 2023 ഫെബ്രുവരിക്കും 2024 മാര്‍ച്ചിനുമിടയില്‍ 6,948 പരാതികള്‍ ലഭിച്ചു. 500 ശതമാനമാണ് രണ്ട് വര്‍ഷത്തിനിടെ പരാതികളിലുണ്ടായ വര്‍ധന. വന്ദേഭാരത്, രാജധാനി തുടങ്ങി എക്‌സ്പ്രസ്സ് ട്രെയിനുകളിലാണ് പരാതി കൂടുതലും. നടപടിയെന്ന നിലയില്‍ ഭക്ഷണ വിതരണത്തിന് കരാറെടുത്ത 68 കമ്പനികള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് കമ്പനികളുടെ കരാര്‍ റദ്ദാക്കുകയും ചെയ്തതായി ഐ ആര്‍ സി ടി സിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ട്രെയിനിലെ ഭക്ഷണങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് ഒരു മാസം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ വിവരിച്ചിരുന്നു. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ഗുണനിലവാരത്തോടെയാണോ ഭക്ഷണം തയ്യാറാക്കുന്നതെന്ന് നിരീക്ഷിക്കാന്‍ കിച്ചണുകളില്‍ സി സി ടി വി ക്യാമറ, ഭക്ഷ്യോത്പാദനത്തിന് ഉപയോഗിക്കുന്ന പാചക എണ്ണ, അരി, ആട്ട, പയര്‍ വര്‍ഗങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, മസാല ഇനങ്ങള്‍ തുടങ്ങിയവ ഏറ്റവും ജനപ്രിയ ബ്രാന്‍ഡുകള്‍ തന്നെയാണോ ഉപയോഗിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ ബേസ് കിച്ചണുകളില്‍ ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍മാര്‍, ഭക്ഷണ പാക്കറ്റുകളില്‍ തയ്യാറാക്കിയ അടുക്കളയുടെ പേര്, പാക്കറ്റിംഗ് തീയതി തുടങ്ങിയവ അടങ്ങുന്ന ക്യൂആര്‍ കോഡുകള്‍, ട്രെയിനുകളില്‍ ഭക്ഷണ മെനുകളും വിലയും പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി പറയുന്നു.
ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിന് പതിവായി ഭക്ഷണ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. എന്നിട്ടും ഗുണനിലവാരമില്ലായ്മയെ കുറിച്ച് പരാതികള്‍ വര്‍ധിച്ചു വരികയാണ്.
1,518 കാറ്ററിംഗ് കോണ്‍ട്രാക്ടുകളാണ് ഐ ആര്‍ സി ടി സിക്കുള്ളത്. കരാറെടുത്ത സ്ഥാപനങ്ങള്‍ മിക്കതും റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറത്തുവെച്ച് ഭക്ഷണം പാകം ചെയ്ത് പാക്കറ്റാക്കിയാണ് ട്രെയിനുകളില്‍ എത്തിച്ച് വിതരണം നടത്തുന്നത്. ഇതുമൂലം അധികൃതര്‍ക്ക് അതിന്റെ ശുചിത്വ രീതിയും നിലവാരവും കൃത്യമായി മനസ്സിലാക്കാന്‍ പ്രയാസമാണ്. കിച്ചണുകളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന നിര്‍ദേശം പലരും പാലിക്കാറില്ല. സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തന്നെ ബന്ധപ്പെട്ടവര്‍ യഥാസമയം അവ പരിശോധിച്ച് വിലയിരുത്താറില്ല. എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കലില്‍ ഒതുങ്ങുന്നു റെയില്‍വേയുടെ നിയമ നടപടി. പരമാവധി പിഴ ചുമത്തലിലെത്തും. കടവന്ത്രയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ സ്ഥാപനത്തില്‍ നേരത്തേ റെയ്ഡ് നടത്തുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതാണ്. സ്ഥാപനത്തിലെ അഴുക്കുജലം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ സമീപവാസികള്‍ നല്‍കിയ പരാതിയിലായിരുന്നു അന്നത്തെ പരിശോധന. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് അന്നാണ് അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് അധികൃതര്‍ പിഴ ചുമത്തുകയും ലൈസന്‍സ് എടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് നല്‍കുകയും ചെയ്തു. സ്ഥാപനം ഇതുവരെ ലൈസന്‍സ് എടുത്തിട്ടില്ല.
ട്രെയിനുകളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രഖ്യാപനങ്ങള്‍ പോരാ; നിശ്ചിത സമയങ്ങളില്‍ പരിശോധന നടത്തി അത് ഉറപ്പാക്കുകയും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. റെയില്‍വേയെ വിശ്വസിച്ച് ട്രെയിനുകളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നവരോട് നീതി പുലര്‍ത്താന്‍ വകുപ്പ് അധികൃതര്‍ ബാധ്യസ്ഥരാണ്.