Source :- DESHABHIMANI NEWS
ഹൈദരാബാദ്
തുടർതോൽവികളിൽ നട്ടംതിരിയുന്ന ഹൈദരാബാദ് എഫ്‌സിയെ ഐഎസ്‌എൽ ഫുട്‌ബോളിൽ വിജയവഴിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഷമീൽ ചെമ്പകത്ത്. തുടർച്ചയായി നാലുകളിയിൽ തോൽവി ഏറ്റുവാങ്ങിയതോടെ കോച്ച് താങ്‌ബോയ് സിങ്‌തോയെ പുറത്താക്കിയാണ് സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഹൈദരാബാദ് മുഖ്യപരിശീലകനാക്കിയത്. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ്. ചുമതലയേറ്റെടുത്തശേഷമുള്ള ആദ്യകളിയിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോളിന് ലീഡ് നേടിയിട്ടും 2–5ന് തോറ്റു. എന്നാൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ്. ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‌ബോൾ പരിശീലന ലൈസൻസായ എഎഫ്‌സി പ്രോ കഴിഞ്ഞ മാസമാണ് ലഭിച്ചത്.
ചുമതല കടുപ്പം
കഴിഞ്ഞ കളികളിൽ വൻ തിരിച്ചടിയാണ് ടീം നേരിട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മികച്ച രീതിയിലുള്ള തയ്യാറെടുപ്പാണ് നടത്തിയത്. കളിക്കാരെ മാനസികമായി കരുത്തരാക്കാനായിരുന്നു ആദ്യശ്രമം. വരുംകളികളിൽ മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. ലീഗിൽ 12 മത്സരങ്ങൾ അവശേഷിക്കുന്നു. തിരിച്ചുവരാൻ ഇനിയും സമയമുണ്ട്.
എട്ട് മലയാളികൾ
എന്നോടൊപ്പം ടീമിലെ എട്ട് കളിക്കാർ മലയാളികളാണ്. ഇതിൽ പലരുമായും ഏറെനാളായി അടുത്ത ബന്ധമുണ്ട്. അബ്ദുൾ റബീഹിനൊപ്പം ഞാൻ കേരള ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്നു. സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലൂടെയും സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം നടത്തിയവരെയും ടീമിലെത്തിക്കാനായി.
സന്തോഷ് ട്രോഫി
സന്തോഷ് ട്രോഫി ടൂർണമെന്റിൽ നിരവധി മികച്ച യുവതാരങ്ങൾ പന്ത് തട്ടുന്നുണ്ട്. ഇവരെ നിരീക്ഷിച്ച് വരികയാണ്. ഇവരിൽ പലരും ഭാവിയിൽ ഹൈദരാബാദ് എഫ്‌സിയടക്കമുള്ള ഐഎസ്‌എൽ ക്ലബ്ബുകളിൽ കളിക്കുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ