Source :- DESHABHIMANI NEWS
മെൽബൺ
അപമാനകരമായ തോൽവിയിൽ നീറി ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വർഷം നിരാശയോടെ അവസാനിപ്പിച്ചു. ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞു. സമനില പ്രതീക്ഷയുമായി അഞ്ചാംദിനം ഇറങ്ങിയ ഇന്ത്യ അവസാനഘട്ടത്തിൽ കൂട്ടത്തോടെ കൂടാരം കയറി. മിന്നുന്ന ബൗളിങ് പ്രകടനവുമായി ഓസീസ് 184 റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. കളി അവസാനിക്കാൻ 15 ഓവർ മാത്രം ശേഷിക്കെ 155 റണ്ണിനായിരുന്നു ഇന്ത്യ പുറത്തായത്. 34 റണ്ണെടുക്കുന്നതിനിടെയാണ് അവസാന ഏഴ് വിക്കറ്റ് നഷ്ടമായത്. തോൽവിയോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷ മങ്ങി.
സ്‌കോർ: ഓസീസ് 474, 234; ഇന്ത്യ 369, 155.
പന്തുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ഓസീസ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസാണ് മാൻ ഓഫ് ദി മാച്ച്. രണ്ട് ഇന്നിങ്‌സിലുമായി 90 റണ്ണും ആറ് വിക്കറ്റുമാണ് ക്യാപ്‌റ്റൻ നേടിയത്. അഞ്ചാംദിനം 92 ഓവറിൽ 340 റണ്ണായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഒമ്പതിന് 228 എന്ന നിലയിൽ അഞ്ചാംദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് വേഗം തീർന്നു. നതാൻ ല്യോണിനെ (41) ബൗൾഡാക്കി ജസ്‌പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് തികച്ചു.
സമനില ലക്ഷ്യംവച്ചാണ് ഇന്ത്യ തുടങ്ങിയത്. പക്ഷേ, കമ്മിൻസിന്റെ പന്തുകൾ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒരിക്കൽക്കൂടി ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമയുടെ (9) ദുർബല പ്രതിരോധത്തെ കമ്മിൻസ് കശക്കി. അതേ ഓവറിൽ കെ എൽ രാഹുലും (0) പുറത്ത്. വിരാട് കോഹ്‌ലിയെ (5) മിച്ചെൽ സ്‌റ്റാർക്കും മടക്കി. 33/3 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ഒത്തുചേർന്ന യശസ്വി ജയ്‌സ്വാളും (84) ഋഷഭ് പന്തും (30) ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. കളി അവസാനഘട്ടത്തിലായി. ഇതിനിടെ പന്തിന്റെ അമിതാവേശം കൂട്ടത്തകർച്ചയ്‌ക്ക് വളമിട്ടു. പാർട് ടൈം ബൗളറായ ട്രാവിസ് ഹെഡിനെ സിക്‌സർ പായിക്കാനുള്ള ശ്രമം മിച്ചെൽ മാർഷിന്റെ കൈയിലാണ് അവസാനിച്ചത്. 121 ആയിരുന്നു ഇന്ത്യയുടെ സ്‌കോർ ആ ഘട്ടത്തിൽ. പിന്നെ കാര്യങ്ങൾ വേഗത്തിൽ അവസാനിച്ചു. രവീന്ദ്ര ജഡേജയ്‌ക്കും (2) ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരൻ നിതീഷ് കുമാർ റെഡ്ഡിക്കും (5) പിടിച്ചുനിൽക്കാനായില്ല. കമ്മിൻസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ജയ്‌സ്വാളും മടങ്ങി. മുഹമ്മദ് സിറാജിനെ (0) ല്യോൺ വിക്കറ്റിനുമുന്നിൽ കുരുക്കിയതോടെ തകർച്ച പൂർണമായി.
ക്യാപ്റ്റൻ രോഹിതിന് കീഴിൽ ഈ വർഷം അഞ്ച് ടെസ്റ്റാണ് ഇന്ത്യ തോറ്റത്. ബാറ്റിലും പൂർണ പരാജയമായി. ജനുവരി മൂന്നിന് സിഡ്‌നിയിലാണ് അവസാന ടെസ്‌റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ