Source :- SIRAJLIVE NEWS

മലപ്പുറം |  കൂരിയാട് നിര്‍മ്മാണത്തിലിരിക്കുന്ന ആറ് വരി ദേശീയപാത തകര്‍ന്നതില്‍ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗതമന്ത്രിക്കും ,ദേശീയപാത അതോറിറ്റിക്കും നിവേദനം നല്‍കി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.

തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ വയല്‍പ്രദേശത്തെ ത്തിന്റെ സ്വഭാവം പരിഗണിക്കാതെയും പാടത്തെ മഴവെള്ളം യഥേഷ്ടം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് സംവിധാനങ്ങളൊരുക്കാതെയുമാണ്‌ ഇത് ചെയ്തത്. ഇതിനാലാണ് ഇപ്പോള്‍ തലപ്പാറയിലും കാഞ്ഞങ്ങാടും ഹൈവേയില്‍ വിള്ളലും സര്‍വ്വീസ് റോഡുകള്‍ ഉപ്പെടെ തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

വലിയ ഉയരത്തില്‍ പുട്ടുകട്ടള്‍ കെട്ടിപ്പൊക്കി അല്പം പോലും കോണ്‍ഗ്രീറ്റ് ചെയ്യാതെ വലിയ അളവില്‍ മണ്ണ് നിറച്ചാണ് റോഡിനായി സൗകര്യപ്പെടുത്തിയിയത്. ഇത്തരം നിര്‍മ്മാണ രീതി യില്‍ അനിവാര്യമായ പൊളിച്ചെഴുത്തു വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ധൃതി കൂട്ടി നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് എങ്ങിനെയെങ്കിലും പണി പൂര്‍ത്തിയാക്കി ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള കരാറുകാരുടെ കുത്സിത ശ്രമമാണോ ഇതെന്നും അന്വേഷിക്കണം. ഇനിയൊരിക്കലും ആളപായമോ വാഹനങ്ങള്‍ക്ക് നാശ നഷ്ടമോ സംഭവിക്കാതിരിക്കാനുള്ള കര്‍ശന ജാഗ്രതയാകണം തുടര്‍ന്നുള്ള ജോലികള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ടത്. പരിക്ക് പറ്റിയവര്‍ക്കും വാഹനങ്ങള്‍ക്ക് കേട് പാട് സംഭവിച്ചവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ല പബ്ലിക് റിലേഷന്‍സ് സെക്രട്ടറി കെ.പി. ജമാല്‍ കരുളായി നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു