Source :- SIRAJLIVE NEWS
ഗസ്സ വെടിനിര്‍ത്തല്‍ ധാരണയുടെ ആദ്യ ഘട്ടം പ്രാബല്യത്തിലായിരിക്കുന്നു. ഇസ്റാഈല്‍ തടവറയില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിച്ച മനുഷ്യര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ചേരുന്നതിന്റെ വൈകാരിക ദൃശ്യങ്ങളാണ് ഫലസ്തീനില്‍ നിന്ന് വരുന്നത്. ഹമാസ് ബന്ദിയാക്കിയ ഇസ്റാഈലി പൗരന്‍മാരെ വിട്ടുകൊടുക്കുന്നതും ഒപ്പം നടക്കുന്നു. വെടിനിര്‍ത്തല്‍ ധാരണയിലേക്ക് നെതന്യാഹു ഭരണകൂടത്തെ കൊണ്ടുവന്നത് ഡൊണാള്‍ഡ് ട്രംപോ ജോ ബൈഡനോ ഖത്വര്‍ അമീറോ ഈജിപ്ത് പ്രസിഡന്റോ അല്ല. ഹമാസിന്റെ ഒളിയിടങ്ങളില്‍ കഴിഞ്ഞ ബന്ദികളുടെ അമ്മമാരും ബന്ധുജനങ്ങളുമാണ് നെതന്യാഹുവിന് മേല്‍ അതിശക്തമായ സമ്മര്‍ദമുയര്‍ത്തിയത്. അവരാണ് ഇസ്റാഈലിലെ സയണിസ്റ്റ് വിരുദ്ധ, യുദ്ധവിരുദ്ധ ആക്ടിവിസ്റ്റുകള്‍ക്കും എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമൊപ്പം തെരുവിലിറങ്ങിയത്. ഇതാമര്‍ ബെന്‍ ഗിവിറിനെപ്പോലുള്ള സയണിസ്റ്റ് തീവ്രവാദി നേതാക്കളുടെ ആക്രമണാഹ്വാനങ്ങളെ ആ മനുഷ്യര്‍ വെല്ലുവിളിച്ചു. ‘ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നത് മതി, ഇത് ഞങ്ങള്‍ക്ക് വേണ്ടിയല്ല’ എന്ന മുദ്രാവാക്യം നെതന്യാഹുവിന്റെ യുദ്ധ ക്യാബിനറ്റിനെ പിടിച്ചുലച്ചു. ആ മനുഷ്യര്‍ അതേ തെരുവില്‍ ആനന്ദ നൃത്തമാടുകയാണിപ്പോള്‍. ജീവിക്കാന്‍ അനുവദിച്ചുകൊണ്ടേ ജീവിക്കാനാകൂ എന്ന സത്യം അവര്‍ ഉദ്ഘാഷിക്കുന്നു.
പുതിയ കാരണം കണ്ടെത്തും
പക്ഷേ, എത്രനാള്‍ ഈ സമാധാനം നീണ്ടുനില്‍ക്കുമെന്ന ചോദ്യമാണ് എല്ലായിടത്തും മുഴങ്ങുന്നത്. 42 ദിവസത്തെ ആദ്യ ഘട്ടം വലിയ തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയാലും രണ്ടും മൂന്നും ഘട്ടങ്ങളില്‍ എന്താകും സ്ഥിതി? സമ്പൂര്‍ണ സൈനിക പിന്‍മാറ്റത്തിന് ഇസ്റാഈല്‍ തയ്യാറാകുമോ? നീതിയുക്തമായ ഫലസ്തീന്‍ സാധ്യമാക്കുകയെന്ന യഥാര്‍ഥ പരിഹാരത്തിലേക്ക് ലോക ശക്തികളെയും യു എന്നിനെയും വലിച്ചു കൊണ്ടുപോകാന്‍ ഗസ്സയില്‍ മരിച്ചുവീണ കുഞ്ഞുങ്ങളുടെ സ്മരണക്ക് സാധിക്കുമോ? ദൗര്‍ഭാഗ്യകരമെന്നേ പറയാനുള്ളൂ, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒട്ടും പ്രത്യാശാഭരിതമല്ല. വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹുവിന്റെ ഭരണസഖ്യത്തില്‍ കൂട്ടരാജി സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗിവിറിന്റെ നേതൃത്വത്തിലുള്ള ഒട്‌സ്മ യെഹൂദിത് പാര്‍ട്ടി അംഗങ്ങളാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഗിവിറിനെ കൂടാതെ പാര്‍ട്ടിയിലെ മറ്റു രണ്ട് പേരും മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍ വിവിധ സമിതികളിലെ സ്ഥാനം രാജിവെച്ചിട്ടുണ്ട്. ഇവരുടെ രാജി തത്കാലം നെതന്യാഹു ഭരണകൂടത്തിന് ഭീഷണിയല്ലെങ്കിലും ഭാവിയില്‍ അത് പ്രതിസന്ധിയുണ്ടാക്കും. അവരുത്പാദിപ്പിക്കുന്ന യുദ്ധോത്സുകതക്കും അതിര്‍ത്തി വ്യാപന മോഹത്തിനും കൊന്നുതീര്‍ക്കല്‍ യുക്തിക്കും നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയിലടക്കം ആരാധകരുണ്ട്. ഗ്രേറ്റര്‍ ഇസ്റാഈല്‍ എന്ന സ്വപ്നം പേറുന്നവരാണ് മഹാഭൂരിപക്ഷം ഇസ്റാഈല്‍ നേതാക്കളും. ബന്ദികളെ വിട്ടുകിട്ടാനുള്ള താത്കാലിക നീക്കുപോക്ക് മാത്രമായി വെടിനിര്‍ത്തല്‍ കരാറിനെ കണ്ടാല്‍ മതിയെന്നും അതിനപ്പുറത്തേക്കുള്ള സമാധാനം കീഴടങ്ങലാണെന്നും വിശ്വസിക്കുന്നവരാണിവര്‍. വടക്കന്‍ ഗസ്സയെ സ്ഥിരം ബഫര്‍ സോണാക്കുകയായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം. ഹമാസിനെ ശിഥിലമാക്കുകയും. രണ്ടും നടക്കാതെയാണ് വെടിനിര്‍ത്തല്‍ കരാര്‍. അതുകൊണ്ട് ആക്രമണത്തിന്റെ അടുത്ത തരംഗത്തിനായി ഇസ്റാഈല്‍ സൈന്യം കാത്തിരിക്കുക തന്നെ ചെയ്യും. രണ്ടും മൂന്നും ഘട്ടത്തിലേക്ക് വെടിനിര്‍ത്തല്‍ കരാര്‍ നീങ്ങുമ്പോള്‍ കാരണങ്ങള്‍ കണ്ടെത്തി അക്രമം പുനരാരംഭിക്കാന്‍ നെതന്യാഹു ശ്രമിക്കും. ഒന്നുമില്ലെങ്കില്‍ ഹമാസ് റീ ഗ്രൂപ്പ് ചെയ്യുന്നുവെന്ന കാരണമെങ്കിലും കണ്ടെത്തുമെന്ന് അമേരിക്കന്‍ എഴുത്തുകാരനും ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റി പ്രൊഫസറുമായ മാര്‍ക് ലിന്‍ഷ് വിലയിരുത്തുന്നു.
വെസ്റ്റ് ബാങ്കിലേക്ക്
സമാധാനത്തിന്റെ അപോസ്തലനായി സ്വയം അടയാളപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഗസ്സയെ തത്കാലം വെറുതെ വിടണമെന്ന് ശഠിച്ചേക്കാം. അങ്ങനെയെങ്കില്‍ നെതന്യാഹു ഭരണകൂടം വെസ്റ്റ് ബാങ്കിലേക്ക് തിരിയും. ഗസ്സാ വംശഹത്യക്കിടയില്‍ തന്നെ വെസ്റ്റ് ബാങ്കില്‍ വ്യാപക കൈയേറ്റം നടന്നിരുന്നു. വെടിനിര്‍ത്തല്‍ ദിനങ്ങളില്‍ കൂടുതല്‍ ജൂത തീവ്രവാദികള്‍ വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ സൈന്യത്തിന്റെ പിന്തുണയോടെ കൈയേറും. ആ നീക്കത്തിന് ട്രംപിന്റെ പിന്തുണയുണ്ടാകും. വെസ്റ്റ് ബാങ്ക് പൂര്‍ണമായി ഇസ്റാഈലിന്റെ ഭാഗമാണെന്ന് തന്റെ ആദ്യ ഊഴത്തില്‍ തന്നെ പ്രഖ്യാപിച്ചയാളാണ് ട്രംപ്. ഗസ്സയില്‍ താങ്കള്‍ പറയുന്നത് കേട്ടു, പകരം വെസ്റ്റ് ബാങ്കില്‍ സഹായം വേണമെന്ന് ട്രംപിനോട് വിലപേശാന്‍ നെതന്യാഹുവിന് സാധിക്കും. ഫലസ്തീന്‍ രാഷ്ട്ര സ്വപ്നത്തിന് മേലുള്ള ആ അതിക്രമം ഇസ്റാഈലിലെ എല്ലാ തീവ്രവലതുപക്ഷ സംഘങ്ങളെയും തൃപ്തിപ്പെടുത്തുകയും ചെയ്യും. ഫലസ്തീന്‍ പോളിസി നെറ്റ്്വര്‍ക്കിലെ യാരാ ഹവാരി ഇക്കാര്യം വിശദമാക്കുന്നുണ്ട്്.
നെതന്യാഹുവിനെ കാത്തിരിക്കുന്നത്
ബന്ദികള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നതോടെ, അഥവാ യുദ്ധാന്തരീക്ഷം അവസാനിക്കുന്നതോടെ ഇസ്റാഈലിന്റെ ആഭ്യന്തര രാഷ്ട്രീയം 2023 ഒക്ടോബര്‍ ഏഴിന് മുമ്പുള്ള വിഷയങ്ങളിലേക്ക് മടങ്ങും. നെതന്യാഹുവിനെതിരായ കേസുകളില്‍ വിചാരണാ നടപടികള്‍ തുടങ്ങും. സുപ്രീം കോടതിയെ ദുര്‍ബലമാക്കാന്‍ നെതന്യാഹു നടത്തുന്ന നീക്കങ്ങളും ചര്‍ച്ചയിലേക്ക് വരും. ഗസ്സാ അധിനിവേശ ആക്രമണം നിശ്ചലമാക്കിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തമാകും. അധികാരത്തില്‍ കടിച്ചു തൂങ്ങാനായി സംഘര്‍ഷത്തുടര്‍ച്ച മാത്രമാണ് നെതന്യാഹുവിന് മുന്നിലുള്ളത്. വിശുദ്ധ റമസാനില്‍ അല്‍ അഖ്സ പള്ളിയില്‍ കുഴപ്പമുണ്ടാക്കുന്നത് പോലുള്ള വൃത്തികെട്ട കളികളിലേക്കാകും സയണിസ്റ്റ് തീവ്രവാദികളെ ഉപയോഗിച്ച് അദ്ദേഹം പോകുക.
അബ്രഹാം അക്കോര്‍ഡ്സ്
വെടിനിര്‍ത്തല്‍ കരാറിനെ മുന്‍നിര്‍ത്തി അബ്രഹാം അക്കോര്‍ഡ്സ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കാം. അറബ് ഭരണ തലപ്പത്തെ ഉന്നതര്‍ക്ക് ഇസ്റാഈലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍കൈയിലാണ് നേരത്തേ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോയത്. ആ ചര്‍ച്ചകളുടെ ഒടുവില്‍ 2020ല്‍ യു എ ഇയും ബഹ്റൈനും ഇസ്റാഈലുമായി ഒപ്പുവെച്ച നയതന്ത്ര കരാറാണ് അബ്രഹാം അക്കോര്‍ഡ്സ് എന്ന പേരില്‍ അറിയപ്പെടുന്നത്. സഊദി അറേബ്യയെ കൂടി ഈ നിരയിലേക്ക് കൊണ്ടുവരാന്‍ ട്രംപിന്റെ മരുമകനും ജൂതനുമായ ജെറാള്‍ഡ് കുഷ്നര്‍ വലിയ ശ്രമം നടത്തിയതാണ്. എന്നാല്‍ ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണം എല്ലാം തകിടം മറിച്ചു. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ കൂട്ടക്കുരുതി ലോകത്താകെ പ്രതിഷേധത്തീ പടര്‍ത്തുമ്പോള്‍ അറബ് നേതാക്കള്‍ ജൂതരാഷ്ട്രവുമായി എങ്ങനെ ചര്‍ച്ചക്ക് പോകും? താത്കാലികമായെങ്കിലും യുദ്ധവിരാമം സാധ്യമായ സ്ഥിതിക്ക് ബന്ധുത്വ ചര്‍ച്ചകളിലേക്ക് നീങ്ങാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നേക്കാം. യുദ്ധവിരാമം സാധ്യമാക്കിയത് തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനും തുടര്‍ന്നും സമാധാനപാതയില്‍ താനുണ്ടാകുമെന്ന ഉറപ്പ് നല്‍കാനും ട്രംപ് ശ്രമിക്കും. പക്ഷേ, അത് ചെവികൊണ്ട് അബ്രഹാം ചര്‍ച്ചകളിലേക്ക് ഊളിയിടാന്‍ അറബ് ഭരണാധികാരികള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം, ഇത്തവണത്തെ ഇസ്റാഈല്‍ ആക്രമണം വംശഹത്യ തന്നെയായിരുന്നുവെന്ന വികാരം അതിശക്തമായി അറബ് ജനസാമാന്യത്തിലുണ്ട്. ഈ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കില്ല.
ഫലസ്തീന്‍ അതോറിറ്റി
ഹമാസിനെ ഗസ്സയുടെ അധികാരത്തില്‍ നിന്ന് ഇറക്കിവിട്ട്, വെസ്റ്റ് ബാങ്കിന്റെ അധികാരം കൈയാളുന്ന ഫലസ്തീന്‍ അതോറിറ്റിയെ മൊത്തം നിയന്ത്രണം ഏല്‍പ്പിക്കണമെന്ന വാദം വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടര്‍ച്ചയില്‍ ഇസ്റാഈല്‍ ഉന്നയിക്കാനിടയുണ്ട്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നേതൃത്വം നല്‍കിയ ഫതഹ്- ഹമാസ് ഐക്യ ചര്‍ച്ചയുടെ അന്തസ്സത്തക്ക് വിരുദ്ധമായ ആ നീക്കത്തിന് ഫലസ്തീന്‍ അതോറിറ്റി തലവെച്ച് കൊടുക്കുമോയെന്ന് വ്യക്തമല്ല. ഒരു കാര്യം വ്യക്തമാണ്. ഇസ്റാഈലിന്റെ നിയന്ത്രണത്തിലുള്ള ഒരു ഭരണ സംവിധാനം ഗസ്സക്കാര്‍ അനുവദിക്കില്ല. നേതൃനഷ്ടം കൊണ്ട് ഹമാസ് ക്ഷയിച്ചുവെങ്കിലും ശിഥിലമായിട്ടില്ല.
1920കളില്‍ തുടങ്ങിയ അക്രമാസക്ത കുടിയേറ്റത്തിന്റെയും 1940കളിലെ നക്ബയുടെയും 1960കളിലെ ഇസ്റാഈല്‍ അതിര്‍ത്തി വ്യാപന ആക്രമണങ്ങളുടെയും പിന്നീട് കൃത്യമായ ഇടവേളകളില്‍ നടന്ന അധിനിവേശ കൂട്ടക്കുരുതിയുടെയും ചരിത്രമറിയുന്ന ഒരാളും ജൂത രാഷ്ട്രം സമാധാനത്തിന്റെ പാതയിലൂടെ നടക്കുമെന്ന് പ്രതീക്ഷിക്കില്ല. കിഴക്കന്‍ ജറൂസലമും വെസ്റ്റ് ബാങ്കും ഗസ്സയും എല്ലാമടങ്ങുന്ന, യു എന്‍ വരച്ച അതിര്‍ത്തിയിലെങ്കിലും ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകാതെ യഥാര്‍ഥ സമാധാനം പുലരില്ല. ജീവിക്കാന്‍ അനുവദിച്ചു മാത്രമേ ജീവിക്കാനാകൂ.