Source :- SIRAJLIVE NEWS

പത്തനംതിട്ട  |  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നത് സംബന്ധിച്ച് എല്‍.ഡി.എഫിലെ ചര്‍ച്ചകള്‍ തര്‍ക്കത്തിലെത്തി. മുന്നണി മര്യാദ പാലിച്ച് ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിഞ്ഞാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പി.രാജപ്പന്‍ രാജിവയ്ക്കുമെന്ന് സി.പി.ഐ.

മുന്നണിയിലെ പ്രധാന കക്ഷികള്‍ തമ്മില്‍ പുതിയ തര്‍ക്കം രൂപപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് കാത്തിരിക്കേണ്ടി വരും. മുന്നണി മര്യാദ എല്ലാ കക്ഷികള്‍ക്കും ബാധകമാണെന്ന് സി.പി.ഐ നേതാക്കള്‍ പറയുന്നു. ധാരണപ്രകാരം മൂന്ന് വര്‍ഷം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഓമല്ലൂര്‍ ശങ്കരന്‍ രാജിവയ്ക്കാന്‍ മാസങ്ങള്‍ വൈകി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് രാജിവച്ചത്. സി.പി.ഐയ്ക്ക് ഒരു വര്‍ഷമാണ് പറഞ്ഞിരുന്നത്. അതുപ്രകാരം രാജിവയ്‌ക്കേണ്ടത് വരുന്ന മാര്‍ച്ച് മാസത്തിലാണെന്ന് സി.പി.ഐ പറയുന്നു. കേരള കോണ്‍ഗ്രസിന് ഒരു വര്‍ഷം പറഞ്ഞിട്ടുള്ളതുകൊണ്ട് രാജി വയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം സി.പി.ഐയ്ക്ക് ഒഴിഞ്ഞു കൊടുക്കണം. മുന്നണിയിലെ പ്രധാന കക്ഷി ആദ്യം ധാരണ പാലിക്കട്ടെ, എന്നിട്ടാവാം തങ്ങളെന്ന നിലപാടിലാണ് സി.പി.ഐ.

കഴിഞ്ഞദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുന്‍ ധാരണ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ അധികാര കൈമാറ്റം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.ഐയുടെ രാജി പി.രാജപ്പന്‍ രാജിവയ്ക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസിലെ ജോര്‍ജ് ഏബ്രഹാമാണ് ഇനി പ്രസിഡന്റാകേണ്ടത്.