Source :- SIRAJLIVE NEWS
തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍ നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
16 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വര്‍ഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നു.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ 238 ടൈറ്റില്‍ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ 205 ടൈറ്റില്‍ പാഠപുസ്തകങ്ങളും ആണ് രണ്ട് വര്‍ഷം കൊണ്ട് പരിഷ്‌കരിച്ചത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളില്‍ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെല്‍ത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്.
തൊഴില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാര്‍പ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, പ്ലംബിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എണ്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി