Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ പ്രഖ്യാപനം പാകിസ്താന്‍ ലംഘിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി .വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് പാകിസ്താന്‍ പ്രകോപനം തുടങ്ങിയത്. രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യ അറിയിച്ചത്.
ന്യൂഡല്‍ഹി ഈ വിഷയം വളരെ വളരെ ഗൗരവമായി എടുക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ വിദേശകാര്യ സെക്രട്ടറി ഇസ്ലാമാബാദിനോട് സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഇന്ത്യയുടെയും പാകിസ്താന്റേയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മില്‍ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ധാരണയുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ നടക്കുന്നുണ്ട്. ധാരണയുടെ ലംഘനമാണിത്. സായുധ സേന ഈ ലംഘനങ്ങള്‍ക്ക് മതിയായതും ഉചിതവുമായ പ്രതികരണം നല്‍കുന്നുണ്ടെന്നും ഈ ലംഘനങ്ങളെ വളരെ ഗൗരവമായി കാണുന്നു. അവ പരിഹരിക്കുന്നതിനും സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിനും പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ സേനക്ക് നിര്‍ദേശം നല്‍കിയതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.
ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്നും അറിയിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലിങ്ങും നടത്തിയതായും വിവരമുണ്ട്. ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്താന്‍ വീണ്ടും പ്രകോപനം തുടരുന്നത്.