Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യ പാക്കിസ്താന്റെ നൂര്‍ ഖാന്‍, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിച്ചു. ഇതിന് തിരിച്ചടിക്കുമെന്നും പാകിസ്താന്‍ പറയുന്നു. ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ രൂക്ഷമായ പോരാട്ടം തുടരുകയാണ്.

പാക്കിസ്താന്റെ മിസൈന്‍ ഹരിയാനയില്‍ ഇന്ത്യ തകര്‍ത്തു. പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ സുപ്രധാന വാര്‍ത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചു. കാലത്ത് ആറുമണിക്ക് നടത്തുമെന്നറിയിച്ച വാര്‍ത്താ സമ്മേളനം പത്തുമണിയിലേക്ക് മാറ്റി. പ്രതിരോധമന്ത്രിയും വിദേശ കാര്യമന്ത്രിയുമായിരിക്കും വാര്‍ത്താ സമ്മേളനം നടത്തുക എന്നാണ് അറിയിപ്പ്.

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്നലെയും പാകിസ്താന്‍ ജനവാസ മേഖലകളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇന്ത്യ ഇതിന് മുന്‍പ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി വീണ്ടും പ്രകോപനം തുടര്‍ന്ന പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തുകളഞ്ഞു. നിയന്ത്രണരേഖയിലെ ഷെല്ലിങില്‍ തുടങ്ങി ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോണ്‍ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവില്‍ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു.

എന്നാല്‍ ഫിറോസ്പൂരില്‍ ജനവാസമേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ള മുതല്‍ ഭുജ് വരെ പാകിസ്ഥാന്‍ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോണ്‍ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

ഇന്ത്യ – പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്താനിലെത്തിയത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.