Source :- SIRAJLIVE NEWS
തെല്‍ അവീവ് | ഗസ്സയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യത്തിലേക്കെന്ന റിപോര്‍ട്ടുകള്‍ക്കിടെ കരാറില്‍ അന്തിമ തീരുമാനം വൈകിപ്പിച്ച് ഇസ്‌റാഈല്‍. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനുള്ള ക്യാബിനറ്റ് വോട്ടെടുപ്പ് മാറ്റിവെച്ചതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ചില വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്‌റാഈലിന്റെ നീക്കം.
ഈ മാസം 19ന് പ്രാബല്യത്തില്‍ വരുമെന്ന സൂചനകള്‍ക്കിടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തിലാക്കും വിധം ഇസ്‌റാഈലിന്റെ തീരുമാനം. ഇന്നലെയായിരുന്ന ക്യാബിനറ്റ് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ക്യാബിനറ്റ് ഇന്ന് ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ടുണ്ട്. വോട്ടെടുപ്പ് മാറ്റിവെച്ചെങ്കിലും, ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസാദിന്റെ പ്രതിനിധികള്‍ തുടരുന്നുണ്ട്.
അതേസമയം, ഇസ്‌റാഈലിന്റെ ആരോപണം ഹമാസ് തള്ളിക്കളഞ്ഞു. മധ്യസ്ഥര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ്സത്ത് അല്‍ റാശിഖ് പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ നിന്ന് സംഘടന പിന്നോട്ടു പോകുന്നുവെന്ന നെതന്യാഹുവിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഹമാസ് വക്താവ് സമി അബൂ സുഹ്രിയും വ്യക്തമാക്കി. എന്നാല്‍, നെതന്യാഹു ഉന്നയിച്ച പ്രശ്നങ്ങളെ കുറിച്ച് അറിയാമെന്നും അവ പരിഹരിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. അവസാന നിമിഷത്തെ ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച മുതല്‍ തന്നെ വെടിനിര്‍ത്തല്‍ നടപ്പാകുമെന്നും യു എസ് പ്രതിനിധി പറഞ്ഞു.
ഇന്നലെ ഗസ്സയിലുടനീളം കനത്ത ആക്രമണമാണ് ഇസ്‌റാഈല്‍ അഴിച്ചുവിട്ടത്. 78 പേര്‍ കൊല്ലപ്പെട്ടു.