Source :- DESHABHIMANI NEWS

ഹൈദരാബാദ്‌
ഒരു കളിമാത്രം അകലെയുള്ള സന്തോഷക്കിരീടത്തിൽ മുത്തമിടാൻ കേരളം ഇന്നിറങ്ങുന്നു. ഹൈദരാബാദിലെ ഗച്ചിബൗളി ജിഎംസി ബാലയോഗി സ്‌റ്റേഡിയത്തിൽ രാത്രി 7.30ന്‌ കരുത്തരായ ബംഗാളുമായാണ്‌ കലാശപ്പോരാട്ടം. എട്ടാം സന്തോഷ്‌ ട്രോഫി കിരീടത്തോടെ പുതുവർഷത്തെ വരവേൽക്കാനാണ്‌ കോച്ച്‌ ബിബി തോമസും സംഘവും ആഗ്രഹിക്കുന്നത്‌. എസ്‌എസ്‌ഇഎൻ ആപ്പിൽ കളി തത്സമയം കാണാം.

സെമിയിൽ വടക്കുകിഴക്കൻ കരുത്തരായ മണിപ്പുരിനെ 5–-1ന്‌ നിലംപരിശാക്കിയ ആവേശത്തിലാണ്‌ മുൻ ചാമ്പ്യൻമാർ. ഹാട്രിക്‌ നേടിയ സൂപ്പർ സബ്‌ മുഹമ്മദ്‌ റോഷാലിന്റെ മികവും കേരളത്തിന്‌ തുണയാണ്‌. മുഹമ്മദ്‌ അജ്‌സൽ ഫോമിലേക്ക്‌ തിരിച്ചെത്തിയതും കിരീടപ്രതീക്ഷയ്‌ക്ക്‌ ബലമേകുന്നു. നസീബ്‌ റഹ്മാൻ–-അജ്‌സൽ കൂട്ടുകെട്ട്‌ എതിർനിരയിൽ നാശം വിതയ്‌ക്കും. വിങ്ങുകളിൽ മുഹമ്മദ്‌ റിയാസും നിജോയും എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ നിജോയ്‌ക്ക്‌ പരിക്കേറ്റത്‌ ആശങ്കയാണ്‌. നിജോ സുഖംപ്രാപിച്ചതായും ഫൈനലിൽ ഇറങ്ങുമെന്നും പരിശീലകൻ പറഞ്ഞു. എന്നാലും മുഴുവൻസമയം കളിക്കാൻ സാധ്യതയില്ല.
പ്രതിരോധനിരയിൽ മികച്ച ഒത്തിണക്കത്തോടെ കളിച്ച ക്യാപ്‌റ്റൻ സഞ്ജു–-മനോജ്‌ കൂട്ടുകെട്ട്‌ പൊളിയുന്നത്‌ കേരളത്തിന്‌ തിരിച്ചടിയാണ്‌. സെമിയിൽ ചുവപ്പ്‌ കാർഡ്‌ കിട്ടിയ മനോജിന്‌ കലാശപ്പോരിന്‌ ഇറങ്ങാനാകില്ല. ഈസ്റ്റ്‌ ബംഗാൾ താരം ആദിൽ അമൽ പകരക്കാരനാകും.  ബംഗാളുകാരുടെ കളിശൈലി കൂടുതൽ പരിചയമുള്ള ആദിൽ എത്തുന്നത്‌ ടീമിന്‌ ഗുണം ചെയ്‌തേക്കും. 

ഫുട്ബോൾ പരിശീലകൻ പ്രതാപൻ, ടീം സെലക്ടർമാരായ പ്രഹ്ലാദൻ, കെ ടി ചാക്കോ, കെഎഫ്എ ഭാരവാഹി 
റെജിനോൾഡ്  വർഗീസ് എന്നിവർ ഗച്ചിബൗളിയിലെ 
ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ.

ഫുട്ബോൾ പരിശീലകൻ പ്രതാപൻ, ടീം സെലക്ടർമാരായ പ്രഹ്ലാദൻ, കെ ടി ചാക്കോ, കെഎഫ്എ ഭാരവാഹി 
റെജിനോൾഡ് വർഗീസ് എന്നിവർ ഗച്ചിബൗളിയിലെ 
ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ.

മധ്യനിരയിൽ ക്രിസ്റ്റി ഡേവിസും മുഹമ്മദ്‌ അർഷഫും എത്തും. കളി മെനയുന്നതിനൊപ്പം എതിർടീമിന്റെ മുന്നേറ്റം തടയുന്നതിനും മിടുക്കുള്ള ക്രിസ്റ്റി ഇതുവരെ സ്ഥിരതയാർന്ന പ്രകടനമാണ്‌ നടത്തിയത്‌. മണിപ്പുരിനെതിരെ മികച്ച രക്ഷപ്പെടുത്തലുമായി കളം നിറഞ്ഞ ഗോളി ഹജ്‌മലും ഫോമിലാണ്‌.
അർധാവസരങ്ങൾപോലും ഗോളാക്കാൻ മിടുക്കുള്ള മുന്നേറ്റനിരയാണ്‌ ബംഗാളിന്റെ ശക്തി. 11 ഗോളുമായി കുതിക്കുന്ന റോബി ഹാൻസ്‌ദ, നരോഹരി ശ്രേഷ്‌ഠ എന്നിവരാണ്‌ ബംഗാളിനെ ഫൈനലിലേക്ക്‌ നയിച്ചത്‌. ഗോളടിക്കുന്നതിനൊപ്പം ഗോളവസരം സൃഷ്ടിക്കുന്നതിലും നരോഹരിക്ക്‌ മിടുക്കുണ്ട്‌. ശാരീരികക്ഷമതയും എടുത്തുപറയണം. മനോറ്റോസ്‌ മാജി ഇരുവർക്കും മികച്ച പിന്തുണയും നൽകുന്നു. വിങ്ങുകളിൽ തിളങ്ങുന്ന സുപ്രിയ പണ്ഡിറ്റിനെയും വിക്രം പ്രധാനെയും പൂട്ടാനായില്ലെങ്കിൽ കേരളത്തിന്‌ തിരിച്ചടിയായേക്കും.

ഏഴഴകുള്ള 
കിരീടങ്ങൾ
സന്തോഷ്‌ ട്രോഫിയിൽ കേരളം നേടിയത്‌ ഏഴു കിരീടങ്ങൾ. അവസാന കിരീടം 2022ൽ മലപ്പുറം മഞ്ചേരിയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ്‌. തുടർന്ന്‌ രണ്ടുതവണയും ക്വാർട്ടറിൽ തോറ്റു.  ബിനോ ജോർജിന്റെ ശിക്ഷണത്തിലാണ്‌ അവസാനമായി ജേതാക്കളായത്‌. ജിജോ ജോസഫായിരുന്നു ക്യാപ്‌റ്റൻ. ഫൈനലിൽ ബംഗാളിനെതിരെ ഷൂട്ടൗട്ടിൽ 5–-4ന്‌ ജയിച്ചു. സതീവൻ ബാലൻ പരിശീലകനും  രാഹുൽ വി രാജ്‌ ക്യാപ്‌റ്റനുമായ ടീം 2018ൽ കിരീടം നേടി. ബംഗാളിനെ കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ഷൂട്ടൗട്ടിൽ 4–-2ന്‌ മറികടന്നു. പഞ്ചാബിനെ ഗോൾഡൻ ഗോളിൽ തോൽപ്പിച്ചാണ്‌ 2004ൽ ജേതാക്കളായത്‌. ഡൽഹിയിൽ നടന്ന ടൂർണമെന്റിൽ എം പീതാംബരൻ കോച്ചും സിൽവസ്‌റ്റർ ഇഗ്‌നേഷ്യസ്‌ ക്യാപ്‌റ്റനുമായിരുന്നു. മുംബൈയിൽ ൨൦൦൧ൽ കിരീടം നേടുമ്പോൾ വി ശിവകുമാറായിരുന്നു ക്യാപ്‌റ്റൻ. എം പീതാംബരൻ കോച്ചും. ഫൈനലിൽ അബ്‌ദുൽ ഹക്കീമിന്റെ ഹാട്രിക്കിൽ ഗോവയെ 3–-2ന്‌ തോൽപ്പിച്ചു.  എറണാകുളത്ത്‌ 1993ൽ ചാമ്പ്യൻമാരായ ടീം എക്കാലത്തെയും മികച്ച താരങ്ങൾ നിറഞ്ഞതായിരുന്നു. ടി എ ജാഫർ കോച്ചും കുരികേശ്‌ മാത്യു ക്യാപ്‌റ്റനുമായ സംഘത്തിൽ യു ഷറഫലി, ഐ എം വിജയൻ, സി വി പാപ്പച്ചൻ എന്നിവരുണ്ടായിരുന്നു. ഫൈനലിൽ മഹാരാഷ്‌ട്രയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു.കോയമ്പത്തൂരിൽ 1992ൽ കിരീടം നേടുമ്പോൾ ടി എ ജാഫർ കോച്ചും വി പി സത്യൻ ക്യാപ്‌റ്റനുമായിരുന്നു. ഫൈനലിൽ താരനിബിഡമായ ഗോവയെ മൂന്ന്‌ ഗോളിന്‌ കീഴടക്കി.ആദ്യകിരീടം 1973ൽ എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനത്താണ്‌. ഒളിമ്പ്യൻ സൈമൺ സുന്ദർരാജ്‌ പരിശീലിപ്പിച്ച ടീം ഫൈനലിൽ മഹാരാഷ്‌ട്രയെ പരാജയപ്പെടുത്തി. ക്യാപ്‌റ്റൻ മണിയുടെ ഹാട്രിക്കിൽ 3–-2നാണ്‌ ജയം.‘സാഹചര്യങ്ങൾ അനുകൂലം’



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ