Source :- SIRAJLIVE NEWS

തിരൂരങ്ങാടി | പേവിഷബാധയേറ്റ് പെരുവള്ളൂരിലെ അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് ആശുപത്രിയുടെ പ്രതികരണം. കാറ്റഗറി മൂന്നില്‍ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാന്‍ പാടില്ല എന്നാണ് ഗൈഡ്‌ലൈന്‍ എന്നുമാണ് തിരൂരങ്ങാടി താലൂക് ആശുപത്രി അധികൃതരുടെ വിശദീകരണം.

കാഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും സിയയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് പറഞ്ഞിരുന്നു. വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുമ്പോള്‍ ഇതില്‍ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ സിയ എന്ന പെണ്‍കുട്ടി മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിക്ക് നായയുടെ കടിയേല്‍ക്കുന്നത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി. ആദ്യം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടര്‍ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു.