Source :- SIRAJLIVE NEWS
കേരളം വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്. നവകേരളം പടുത്തുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. സമകാലിക പ്രതിസന്ധികളെ മറികടക്കുക എന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെന്തായിരിക്കണമെന്ന ഉറച്ച കാഴ്ചപ്പാടുകളും അവ സാക്ഷാത്കരിക്കാനുള്ള ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നവകേരള നിര്‍മിതിയെ സവിശേഷമാക്കുന്നത്. കേരളത്തിന്റെ ഭാവിതലമുറയെ കൂടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നയങ്ങളും കര്‍മപദ്ധതികളും ആവിഷ്‌കരിക്കുന്നത്. സമത്വവും സാഹോദര്യവും പുലരുന്ന ഒരു വികസിത സമൂഹമായിരിക്കും നവകേരളം. സാമൂഹിക രംഗത്തെ സാഹോദര്യം, പൊതുജീവിത രംഗത്തെ സുരക്ഷിതത്വം, ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സമഗ്ര ക്ഷേമ ആശ്വാസ നടപടികള്‍, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ എന്നിവയൊക്കെ ഭരണത്തിന്റെ മുഖമുദ്രകളായി.
2021 മേയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഏറെ ചാരിതാര്‍ഥ്യത്തോടെയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്. എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പക്ഷേ കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വികസന വഴിയില്‍ നയിക്കണമെന്ന നിശ്ചയദാര്‍ഢ്യം സര്‍ക്കാറിനുണ്ടായിരുന്നു. അതിനായി സമഗ്ര കര്‍മ പദ്ധതി അടങ്ങിയ പ്രകടന പത്രികയുമായാണ് മുന്നോട്ട് പോയത്.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണകള്‍ ഇക്കാലയളവില്‍ അപ്രത്യക്ഷമായി. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവര്‍ നിശബ്ദരായി. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഹൈവേ വികസനം ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാറാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകള്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. അതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6,000 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാര്‍ഥ്യമാക്കാനും സാധിച്ചു.
ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂര്‍ വിമാനത്താവളവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി നാടിനു സമ്മാനിച്ചു. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച, യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദൂരീകരിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്ന് വീണ്ടെടുത്ത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ ടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍, കോസ്റ്റല്‍ ഹൈവേ, വയനാട് തുരങ്കപാത, കെ ഫോണ്‍, കൊച്ചി വാട്ടര്‍ മെട്രോ, പശ്ചിമ തീരകനാല്‍ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വന്‍പദ്ധതികള്‍ പുരോഗമിക്കുകയാണ്. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും നിര്‍മാണം നല്ല നിലയില്‍ പുരോഗമിക്കുകയാണ്.
സമൂഹത്തിലെ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിത മുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഇതിനകം 5,79,568 വീടുകള്‍ അനുവദിക്കുകയും അതില്‍ 4,52,156 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവ നിര്‍മാണ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ലൈഫ് മിഷന്‍ മുഖേന 1,51,992 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു. 45,048 പട്ടിക വര്‍ഗക്കാര്‍ക്കാണ് വീട് അനുവദിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയിലൂടെ ഇതിനകം 2,300ഓളം വീടുകള്‍ നല്‍കി. 390 ഫ്‌ലാറ്റുകളും കൈമാറി. 944 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കാനായി പ്രതിവര്‍ഷം 11,000 കോടി രൂപയോളം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത സര്‍ക്കാറെന്ന അഭിമാനകരമായ നേട്ടം ഈ സര്‍ക്കാര്‍ കൈവരിച്ചു. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി 43,058 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്തതോടെ ഈ നാല് വര്‍ഷത്തിനുള്ളില്‍ 2,23,945 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്ത റെക്കോര്‍ഡാണ് ഈ സര്‍ക്കാര്‍ മറികടന്നിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്താകട്ടെ, അടിസ്ഥാന സൗകര്യ രംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത ഇടപെടലുകളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 5,000 കോടിയോളം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപ ചെലവില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 139 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപ ചെലവില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിക്കുകയാണ്. അവയില്‍ 179 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ നവീകരിക്കുന്ന 446 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 195 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. അങ്ങനെ ആകെ 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചവയില്‍ 513 എണ്ണവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 50,000ത്തിലധികം ക്ലാസ്സ് മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്. സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബ്, റോബോട്ടിക് ലാബുകള്‍ എന്നിവ സജ്ജീകരിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഫലപ്രദമായ ഇടപെടല്‍ ഫലം കണ്ടു. കേരളത്തിലെ 28 കോളജുകള്‍ക്ക് എ ഡബിള്‍ പ്ലസ് ഗ്രേഡും 49 കോളജുകള്‍ക്ക് എ പ്ലസ് ഗ്രേഡും ലഭിച്ചു. 82 കോളജുകള്‍ക്ക് എ ഗ്രേഡുമുണ്ട്. എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ രാജ്യത്തെ മികച്ച 200 കോളജുകളില്‍ 42 എണ്ണവും കേരളത്തിലേതാണ്.
പൊതുജനാരോഗ്യ സംവിധാനത്തെ ആധുനിക സംവിധാനങ്ങളോടെ രോഗീസൗഹൃദമാക്കി. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. അവയില്‍ 674 എണ്ണത്തെ ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം ജനകീയ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായി. ജില്ലാ ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്ലാബും ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂനിറ്റും ആരംഭിച്ചു. താലൂക്ക് ആശുപത്രികളില്‍ 44 അധിക ഡയാലിസിസ് യൂനിറ്റുകളാണ് ലഭ്യമാക്കിയത്. നിലവില്‍ 83 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍ക്കായി പ്രത്യേക മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കുകയാണ്.
കേരളത്തിലാകെ 131 പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷംകൊണ്ട് ഇവയുടെ പ്രവര്‍ത്തനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016ല്‍ 41 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 53 പൊതുമേഖലാ സ്ഥാപനങ്ങളായി ഉയര്‍ന്നിരിക്കുകയാണ്. 2016ല്‍ അവയുടെ പ്രവര്‍ത്തന ലാഭം 584 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 1,913 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊതുമേഖലാ സ്ഥാപനങ്ങളോട് കാണിക്കുന്ന സവിശേഷമായ കരുതലിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായിട്ടുള്ളത്.
ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധമാണ് കേരളം ഉയര്‍ത്തുന്നത്. ലഹരി പദാര്‍ഥങ്ങളുടെ വിപണനവും സംഭരണവും ഉപയോഗവും തടയാന്‍ ഓപറേഷന്‍ ഡി-ഹണ്ട് എന്ന കര്‍മപദ്ധതി കേരള പോലീസ് നടപ്പാക്കിവരികയാണ്. ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്തമാക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. പ്രതിസന്ധികളില്‍ തളരുകയല്ല, അവയെ അവസരങ്ങളാക്കി മുന്നോട്ടു പോകുകയാണ് നാം ചെയ്യുന്നത്.