Source :- SIRAJLIVE NEWS
ജിദ്ദ | രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സഊദി അറേബ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിലെത്തും. നാല് പതിറ്റാണ്ടിന് ശേഷം സഊദി അറേബ്യയുടെ വാണിജ്യ തലസ്ഥാനത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം ഇന്ത്യ-സഊദി ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിക്കും
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക തലങ്ങളിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള ശ്രദ്ധേയമായ പരിവര്‍ത്തനത്തെയാണ് സന്ദര്‍ശനത്തിലൂടെ
അടിവരയിടുന്നത്
ഇന്ത്യയും-സഊദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ജിദ്ദ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് 11 മന്ത്രിതല സന്ദര്‍ശനങ്ങളാണ് നടന്നത്
നേരത്തെ രണ്ട് തവണ അദ്ദേഹം സഊദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ആദ്യ ജിദ്ദ സന്ദര്‍ശനമാണെന്നും,പ്രതിരോധ പങ്കാളിത്തം, ഊര്‍ജ്ജ സഹകരണം, പ്രാദേശിക, ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി വിഷയങ്ങളില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ചകള്‍ നടക്കുമെന്നും സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഹെല്‍ അജാസ് ഖാന്‍ പറഞ്ഞു
സഊദി അറേബ്യയില്‍ 27 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സമൂഹം സഊദി അറേബ്യയുടെ വികസനത്തില്‍ പങ്കാളികളാണെന്നും ഇന്ത്യയുമായി ശക്തമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ അഭിവൃദ്ധിക്ക് സംഭാവന നല്‍കുന്നത് തുടരുകയാണെന്നും അംബാസഡര്‍ പറഞ്ഞു.
ഹജ്ജ് വിഷയവും ചര്‍ച്ച ചെയ്‌തേക്കും
സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് അപേക്ഷ നല്‍കിയ
42,000 അപേക്ഷകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാരും,ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ഇടപെടല്‍ തേടിയിരുന്നു. വിഷയത്തില്‍ സഊദി ഹജ്ജ് മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷ