Source :- SIRAJLIVE NEWS

കൊച്ചി | കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ചത് ആത്മഹത്യയെന്ന സൂചന ലഭിച്ചതായി പോലീസ്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരില്‍ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്നു വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നതായും നേരത്തെ മറ്റൊരു സ്‌കൂളില്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ കുട്ടിയെ സ്‌കൂള്‍ മാറ്റി ചേര്‍ത്തിരുന്നുവെന്നും പോലീസിന് വിവരം കിട്ടി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഹിര്‍.

തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ -രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ളാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)