Source :- SIRAJLIVE NEWS

പത്തനംതിട്ട | ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ നിജാമുദ്ധീന്‍ (23), അസറുദ്ദീന്‍ (32), അബൂബക്കര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 10.30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് റോഡ് സിഗ്നലിന് സമീപത്തുനിന്നും യുവാക്കളെ വളഞ്ഞുപിടികൂടുകയായിരുന്നു. മൂവരും തിരുവല്ലയിലെ ഒരു ബേക്കറിയിലെ ജീവനക്കാരാണ്. അസമില്‍ നിന്നും അസറുദ്ദീനും അബൂബക്കറും ബ്രൗണ്‍ഷുഗറുമായി തിരുവല്ലയില്‍ എത്തി. നിജാമുദ്ദീന്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്തു കാത്തുനിന്നു. താമസസ്ഥലത്തേക്ക് നടന്നു വരുമ്പോഴാണ് പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

പ്ലാസ്റ്റിക് ബോട്ടിലില്‍ അഞ്ച് മില്ലിഗ്രാം ബ്രൗണ്‍ ഷുഗര്‍ 2,000 നും 2,500 നുമിടയിലുള്ള തുകയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷ്, എസ് ഐ. ജി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.