Source :- SIRAJLIVE NEWS
ഈ നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വംശഹത്യക്കാണ് ഫലസ്തീന്‍ ജനത ഇരയായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെയും അമ്മമാരെയും കൊന്നൊടുക്കി ഫലസ്തീനികളായ അറബ് വംശജരെ ഇല്ലാതാക്കാനും ഗസ്സയെ ട്രംപിന്റെ അഭീഷ്ടമനുസരിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കാനും തങ്ങളുടെ ആചാര്യനായ തിയോഡോര്‍ ഹെര്‍സലിന്റെ സ്വപ്‌നമായ മഹാ ഇസ്‌റാഈല്‍ സാക്ഷാത്കരിക്കാനുമുള്ള യുദ്ധമാണ് നെതന്യാഹു ഭരണകൂടം നടത്തി ക്കൊണ്ടിരിക്കുന്നത്.
ലോകത്തോട് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണ് ഞങ്ങളെ കൊല്ലുന്നതെന്നാണ്. ലോകത്തിന്റെ മനഃസാക്ഷിയോട് സയണിസ്റ്റുകളുടെ മിസൈലുകളും ബോംബുകളും ജീവനെടുത്ത കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് ഞങ്ങളെ എന്തിന് കൊന്നുവെന്നാണ്? ഇസ്‌റാഈലിന്റെ കൂട്ടക്കൊലകള്‍ക്ക് കൂട്ടുനില്‍ക്കുന്ന യു എസും അവരുടെ ശിങ്കിടി രാഷ്ട്രങ്ങളും ഇതിന് ഉത്തരം പറയേണ്ടിവരും. ലോകാഭിപ്രായത്തെ കാറ്റില്‍ പറത്തി ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തെ ന്യായീകരിക്കുന്നവരും അതിന് നേരെ കണ്ണടക്കുന്നവരും ചരിത്രത്തിന്റെ നിര്‍ണായകമായ ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഡോളറുകളും മിസൈലുകളും കൊണ്ട് ലോകത്തെ കീഴടക്കാനിറങ്ങി പുറപ്പെട്ടിരിക്കുന്നവരെ, വംശീയ ഉന്മാദമിളക്കി വിട്ട് മെഡിറ്ററേനിയന്‍ തീരത്തെ ശവപ്പറമ്പാക്കുന്നവരെ കാത്തിരിക്കുന്നത് നിര്‍ണായകമായ വിധിദിനങ്ങളാണ്. മരിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും കണ്ണുകളില്‍ നിന്ന് ഉയരുന്ന രോഷാഗ്നിയില്‍ നിന്ന് സയണിസ്റ്റുകള്‍ക്കും അവരുടെ യജമാനന്മാര്‍ക്കും രക്ഷപ്പെടാനാകുമെന്ന് കരുതേണ്ട. കണ്ണും കരുണയുമില്ലാത്ത സയണിസ്റ്റ് ഭീകരത ഗസ്സയെ ശവപ്പറമ്പാക്കിയിരിക്കുന്നു. കഴിഞ്ഞ 2023 ഒക്ടോബര്‍ ഏഴിന് ശേഷം 16,500ലേറെ കുഞ്ഞുങ്ങളാണ് ഇസ്‌റാഈല്‍ സേനയുടെ മിസൈല്‍, ബോംബാക്രമണങ്ങളില്‍
മാത്രം കൊലചെയ്യപ്പെട്ടത്. അഭയാര്‍ഥി ക്യാമ്പുകളെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിട്ട് കൊണ്ടുള്ള വംശീയ ഉന്മൂലനമാണ് ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്രാ നിയമങ്ങളെയും ലംഘിച്ച് ഇസ്‌റാഈല്‍ സേന ഗസ്സക്കുള്ള എല്ലാ സഹായങ്ങളും തടഞ്ഞുവെച്ചിരിക്കുകയാണ്. മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സയില്‍ 14,000 കുഞ്ഞുങ്ങള്‍ മരണ മുഖത്താണെന്നാണ് കഴിഞ്ഞ ദിവസം യു എന്‍ നല്‍കിയ മുന്നറിയിപ്പ്. ഗസ്സയിലെ 93 ശതമാനം കുട്ടികളും കടുത്ത പോഷകാഹാര കുറവ് നേരിടുകയാണെന്നും അടിയന്തരമായി സഹായമെത്തിച്ചില്ലെങ്കില്‍ 14,000 കുട്ടികള്‍ മരണത്തിലേക്ക് എടുത്തെറിയപ്പെടുമെന്നുമാണ് ലോകത്തോട് യു എന്‍ പറയുന്നത്. പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്നത് ഗസ്സയില്‍ നിത്യ സംഭവമാണ്. യുദ്ധവും അധിനിവേശവും തീര്‍ത്ത മരണമുനമ്പായി ഗസ്സ മാറിയിരിക്കുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഏകപക്ഷീയമായി ലംഘിച്ചുകൊണ്ടാണ് സയണിസ്റ്റുകള്‍ മിസൈലുകളും ബോംബ് വര്‍ഷവും തുടരുന്നത്.
മരുന്നും ഭക്ഷണവും നിഷേധിച്ച് ഗസ്സയിലെ കുഞ്ഞുങ്ങളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുമ്പോഴും ലോകം അത് കണ്ടെന്ന് നടിക്കുന്നില്ല. കണ്ണും കരുണയുമില്ലാത്ത ഈ ഭീകരതക്കെതിരെ എങ്ങനെയാണ് ലോക സമൂഹത്തിന് മൗനം പൂണ്ടിരിക്കാനാകുക? എന്നും ഫലസ്തീന്‍ ജനതക്കൊപ്പം നിന്ന ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നാട്ടുകാര്‍ക്കെങ്ങനെ നിശബ്ദരായിരിക്കാന്‍ കഴിയുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സ മുനമ്പിലുടനീളം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 59 പേരാണ് കൊല്ലപ്പെട്ടത്. ബൈതു ലാഹിയ, ജബാലിയ അഭയാര്‍ഥി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള നോര്‍ത്ത് ഗസ്സയിലെ വിശാല പ്രദേശങ്ങളിലെ താമസക്കാരോട് ഉടന്‍ സ്ഥലം വിടാന്‍ ഇസ്‌റാഈല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ യെനിന്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിക്കുന്ന വിദേശ നയതന്ത്രജ്ഞര്‍ക്ക് നേരെ ഇസ്‌റാഈല്‍ സേന വെടിയുതിര്‍ക്കുക വരെ ചെയ്തിരിക്കുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടും ഇസ്‌റാഈല്‍ തങ്ങളുടെ സൈനിക നീക്കങ്ങളില്‍ ഒരു മര്യാദയും കാണിക്കാന്‍ തയ്യാറാകുന്നില്ല. വംശീയ ഉന്മൂലനത്തിന്റെ ഉന്മാദം പിടിപ്പെട്ടവരെ പോലെയാണ് ഇസ്‌റാഈല്‍ സേന ഫലസ്തീനികളോട് പെരുമാറിക്കൊണ്ടിരിക്കുന്നത്.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൊടും ക്രൂരതയില്‍ കടുത്ത വിമര്‍ശവും പ്രതിഷേധവും ഉയര്‍ത്തി അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മധ്യ ഇടതുപക്ഷ നിലപാട് സൂക്ഷിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാവ് യെയര്‍ ഗോലനാണ് നെതന്യാഹു ഭരണകൂടം ഗസ്സയിലെ സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന സൈനികാക്രമണങ്ങളെ അപലപിച്ച് രംഗത്ത് വന്നത്. ഇസ്‌റാഈല്‍ ലോകത്തിന്റെ മുമ്പില്‍ ഒരു പരിഹാസ്യ രാഷ്ട്രമാകുകയാണെന്ന കടുത്ത വിമര്‍ശമാണ് യെയര്‍ ഗോലന്‍ ഉയര്‍ത്തിയത്. സ്വബോധമുള്ള രാജ്യം സിവിലിയന്മാര്‍ക്കെതിരെ പോരാടില്ലെന്നും കുഞ്ഞുങ്ങളെ കൊല്ലുന്നത് ഹോബിയാക്കില്ലെന്നും ഒരു ജനതയെ പുറത്താക്കുക എന്ന ലക്ഷ്യം സ്വയം നിശ്ചയിക്കില്ലെന്നും ഗോലന്‍ ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞുവെക്കുന്നു.
പശ്ചിമേഷ്യയിലെ തങ്ങളുടെ അധിനിവേശ താത്പര്യങ്ങളുടെ വിശ്വസ്ത സഖ്യശക്തിയായ ഇസ്‌റാഈല്‍ രാഷ്ട്രത്തെ എല്ലാ കാലത്തും അതിനീചമായ മാര്‍ഗങ്ങളിലൂടെ സംരക്ഷിച്ചു പോന്ന പാരമ്പര്യമാണ് അമേരിക്കക്കുള്ളത്. ലോക ജനതയാകെ ജൂത മതത്തെ അടിസ്ഥാനമാക്കി ഒരു വംശീയ രാഷ്ട്രമുണ്ടാക്കുന്നതിനെ എതിര്‍ത്തതാണ്. ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഫലസ്തീനികള്‍ക്കെതിരായ സയണിസ്റ്റുകളുടെ വംശീയമായ കൈയേറ്റമായിട്ടാണ് ഇസ്‌റാഈല്‍ രാഷ്ട്രത്തെ കണ്ടത്. അക്കാലത്ത് അവരൊക്കെ അതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. അമേരിക്കയും ബ്രിട്ടനുമെല്ലാം അറബ് നാടുകളിലെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഉണര്‍വുകളെ അടിച്ചമര്‍ത്താനും വഴിതിരിച്ചു വിടാനുമുള്ള തന്ത്രമായി ഇസ്‌റാഈല്‍ രാഷ്ട്രത്തെ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ഇസ്‌റാഈല്‍ ഭീകരതക്കെതിരെ ഉയര്‍ന്നുവന്ന ഫലസ്തീനികളുടെ പ്രതിരോധങ്ങളെ ലോക സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയാകുന്ന ഭീകരവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ച് അടിച്ചമര്‍ത്തി.
എല്ലാ അന്താരാഷ്ട്ര വേദികളിലും ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെ ഫലസ്തീനികള്‍ക്കെതിരായ കൂട്ടക്കൊലകളെയും വിവേചനങ്ങളെയും അമേരിക്കയും അവരുടെ ശിങ്കിടി രാഷ്ട്രങ്ങളും ന്യായീകരിക്കുകയായിരുന്നു. വംശീയതക്കെതിരായി 2002ല്‍ ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടന്ന ഉച്ചകോടിയില്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശീയ ഭീകരതയെ പരാമര്‍ശിക്കുന്ന പ്രമേയങ്ങളെ അമേരിക്ക എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യു എസ് സമ്മര്‍ദത്തിന് വഴങ്ങി സയണിസത്തിനെതിരായ പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ വോട്ട് ചെയ്തു. 1978ലും 1983ലും വംശീയതക്കെതിരായ സമ്മേളനങ്ങള്‍ അമേരിക്ക ബഹിഷ്‌കരിച്ചു. ചേരിചേരാ രാഷ്ട്രങ്ങളും സോവിയറ്റ് യൂനിയനും ഇസ്‌റാഈലിനെതിരായി സ്വീകരിച്ച നിലപാടുകളെ എല്ലാ കാലത്തും എതിര്‍ക്കുകയായിരുന്നു അമേരിക്ക ചെയ്തത്. ഗസ്സയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ രക്തത്തില്‍ ഇസ്‌റാഈലിനോളം തന്നെ അമേരിക്കക്കും പങ്കുണ്ട്.