Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});
എയർ കേരളയുടെ ആദ്യ സർവീസ് ജൂണിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. കൊച്ചി വിമാനത്താവളത്തെ വിമാനക്കമ്പനിയുടെ ഹബ്ബായി എയർ കേരള ചെയർമാൻ അഫി അഹമദ് പ്രഖ്യാച്ചു. 76 സീറ്റുകളുള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കണോമിക് സീറ്റുകളായിരിക്കും.
ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സർവീസ് നടത്തുന്നത്. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ പറഞ്ഞു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു.
പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ആദ്യത്തേത് ഏപ്രിലിൽ കൊച്ചിയിലെത്തും. വിമാന ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികളായിരിക്കുമെന്നാണ് ചെയർമാൻ പറഞ്ഞത്. എയർ കേരള സർവീസ് തുടങ്ങി രണ്ട് വർഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനാണ് തീരുമാനം. പിന്നാലെ വിദേശ സർവീസുകൾ തുടങ്ങാനും എയർ കേരള പദ്ധതിയിടുന്നുണ്ട്. ഗൾഫ് മേഖലയിലായിരിക്കും ആദ്യ വിദേശ സർവീസ്.
കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും എയർ കേരളയിൽ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് സംരംഭം വലിയ സാധ്യതകൾ തുറക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി രാജീവാണ് അധ്യക്ഷനായത്. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അനവർ സാദത്ത് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ജി മനു, എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കീർത്തി റാവു, ഓപ്പറേഷൻസ് ഹെഡ് ഷാമോൻ സയിദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.