Source :- SIRAJLIVE NEWS

കൊളത്തൂര്‍|‘മഹ് റജാന്‍ 25’ നഗരിയായ ഇര്‍ശാദിയ്യ ക്യാമ്പസിനകത്ത് കയറിയാല്‍ മധുരം നുണയാം, കൂടെ വയറും നിറക്കാം. മലപ്പുറം ‘തക്കാരത്തിന്റെ’ എരിവും പുളിയുടെ മധുരവം സംഘമിക്കുന്നിടമായി മാറിയിരിക്കുകയാണു നഗരയിലെ ‘ഹലാവ സെന്റര്‍’. എന്തൊക്കെ വിഭവങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു എന്ന ചോദിച്ചാല്‍ ഒരു ശ്വാസത്തിന് എല്ലാം പറഞ്ഞ് തീര്‍ക്കുക പ്രയസാമാകും. ഇര്‍ശാദിയ്യയുടെ സാരഥിയായി വിടപറഞ്ഞ എം പി അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെ നാമേധയത്തില്‍ ഒരുക്കിയ ‘ഹലാവ സെന്റര്‍’ ആണ് നഗരിയിലെത്തുന്നവരെ സ്‌നേഹവും മധുരവും നല്‍കി വിരുന്നൂട്ടിയത്.

ഇര്‍ശാദിയ്യ സ്ഥാപനങ്ങളായ ദഅവ കോളജ്, ഖുര്‍ആന്‍ അക്കാദമി, സഹ്‌റ ഗാര്‍ഡന്‍, ഇംഗ്ലീഷ് സ്‌കൂള്‍, ഓഫ് ക്യാംപസുകളായ എം ഇ ടി ശരീഅത്ത് കോളജ് കൊളമംഗലം, എം ഇ ടി സികൂള്‍ എജ്യുമൗണ്ട്,സിറാജ് വാലി മൂര്‍ക്കനാട്, വാദീ ബദ്ര്‍ വെങ്ങാട്, വാദീ ഹസന്‍ വെങ്ങാട് മേല്‍മുറി, വാദീസ്സുന്ന കൊളത്തൂര്‍, വാദീ റശാദ് കൊളത്തൂര്‍ ജംഗ്ഷന്‍, വാദീ റഹ്‌മ ഓണപ്പുട, വാദീ രിഫാഈ മാലാപറമ്പ്, വാദീ അമാന്‍ പള്ളിയാല്‍ കുളമ്പ്, ജിലാനി സ്‌ക്വയര്‍ ഈസ്റ്റ് പാങ്ങ്, വാദി തൈ്വബ പൂക്കാട്ടിരി, ബദ് രിയ്യ സ്‌ക്വയര്‍ പടപ്പറമ്പ്, അന്‍വാറുല്‍ മദീന കരുപറമ്പ്, എസ് ജെ എം കൊളത്തൂര്‍ മേഖല എന്നിവയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ എത്തിക്കുന്നത്. വിഭവങ്ങളെത്തിക്കുന്ന കാര്യത്തില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ സൗഹൃദ മല്‍സരം കാഴ്ച്ചവച്ചതോടെ ‘ഹലാവ സെന്റര്‍’ ശരിക്കും വിരുന്നുകാരെ ഞെട്ടിച്ചു.

ചായ, വിവിധ ഇനം ജ്യൂസുകള്‍, നെയ്യപ്പം, കല്‍ത്തപ്പം, ഉണ്ണിയപ്പം തുടങ്ങി വത്യസ്ത ഇനം പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, ഉപ്പിലിട്ടത്, പോപ്പ്‌കോണ്‍ എന്നിവ ‘ഹലാവ സെന്ററില്‍ ഒരുക്കിയത് നഗരിയിലെത്തുന്നവര്‍ക്കും മത്സരാര്‍ഥികള്‍ക്കും ആവേശം നല്‍കുന്നതായി. ഫെസ്റ്റിന്റെ സമാപന ദിവസവും ഹലാവ സെന്ററില്‍ മധുരം വിളമ്പി. വയറൊഴിഞ്ഞിരിക്കാന്‍ ഒരിക്കലും അനുവദിക്കാതെ മനസ്സറിഞ്ഞ് അതിഥികളെ വിരുന്നൂട്ടി സന്തോഷിപ്പിക്കുന്നിടമായി ‘ഹലാവ സെന്റര്‍’ മാറി.