Source :- SIRAJLIVE NEWS
തിരുവനന്തപുരം | മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ സംയുക്ത യൂണിയനുകള്‍ നടത്തിയ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. യൂണിയനുകളുമായി മന്ത്രിമാര്‍ 24ന് ശനിയാഴ്ച ചര്‍ച്ച നടത്തും. തൊഴില്‍, ക്ഷീര വികസന മന്ത്രിമാരാണ് ചര്‍ച്ച നടത്തുക.
സര്‍വീസില്‍ നിന്ന് വിരമിച്ച മേഖലാ യൂണിയന്‍ എം ഡിക്ക് പുന:ര്‍നിയമനം നല്‍കിയതിനെതിരെയായിരുന്നു സമരം. പണിമുടക്കിനെ തുടര്‍ന്ന് ജില്ലകളില്‍ പാല്‍ വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. പലയിടത്തും പാല്‍ക്ഷാമമുണ്ടായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം മേഖല യൂണിയന്‍. പ്രതിസന്ധി രൂക്ഷമായതോടെ സമരക്കാരുമായി 24ന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
മില്‍മ തിരുവനന്തപുരം മേഖല യൂണിയനു കീഴിലെ ഐ എന്‍ ടി യു സി, സി ഐ ടി യു ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ എം ഡി ആയിരിക്കെയാണ് ഡോ. പി മുരളിയെ തിരുവനന്തപുരം മേഖലാ യൂണിയന്‍ എം ഡിയായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്. കഴിഞ്ഞ മാസം 30 ന് 58 വയസ്സ് പൂര്‍ത്തിയായതോടെ മുരളി വിരമിച്ചു. ഇതിനു പിന്നാലെ മില്‍മ മാനേജ്‌മെന്റ് തിരുവനന്തപുരം യൂണിയനില്‍ തന്നെ മുരളിക്ക് എം ഡിയായി പുന:ര്‍നിയമനം നല്‍കിയതിനെതിരെയാണ് യൂണിയനുകള്‍ രംഗത്തു വന്നത്.