Source :- SIRAJLIVE NEWS

ഇതിനായിരുന്നോ സർക്കാർ കൊട്ടിഘോഷിച്ച് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്? മുനമ്പം-ചിറായി പ്രദേശത്തെ 407 ഏക്കർ വരുന്ന വഖ്ഫ് ഭൂമിയിലെ താമസക്കാരെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള ഒരു പ്രശ്‌ന പരിഹാരവും നടക്കില്ലെന്നും വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് മുനമ്പത്തെ ജനങ്ങൾക്ക് എതിരായാൽ സമവായത്തിലൂടെയോ വഖ്ഫ് ഭൂമി സർക്കാർ ഏറ്റെടുത്തോ മുനമ്പം നിവാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നുമാണ് തന്റെ റിപോർട്ടിലെ പ്രധാന നിർദേശമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മുനമ്പത്തെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് റിപോർട്ട് സമർപ്പിക്കാനാണ് സർക്കാർ തന്നോട് ആവശ്യപ്പെട്ടതെന്നും മറ്റു വിഷയങ്ങളൊന്നും തന്റെ പരിധിയിൽ വരുന്നില്ലെന്നും കമ്മീഷൻ പറയുന്നു.

എന്നാൽ കമ്മീഷൻ നിയമനത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ ഇത് മാത്രമല്ല അദ്ദേഹത്തിന്റെ ഉത്തരവാദിത്വമെന്ന് വ്യക്തമാകും. മുനമ്പത്തെ വിവാദഭൂമി വഖ്ഫാണെന്ന് നേരത്തേ റവന്യൂ അധികൃതരും ഇതേക്കുറിച്ചന്വേഷിച്ച കമ്മീഷനുകളും കോടതികളും രേഖകൾ പരിശോധിച്ച് തറപ്പിച്ചു പറഞ്ഞതാണ്. ഇതടിസ്ഥാനത്തിൽ താമസക്കാരിൽ നിന്ന് കരം സ്വീകരിക്കുകയോ അവർക്ക് ക്രയവിക്രയത്തിന് അനുമതി നൽകുകയോ ചെയ്യരുതെന്ന് 2022 ജനുവരി 13ന് വഖ്ഫ് ബോർഡ് കൊച്ചി തഹസിൽദാർക്ക് നോട്ടീസ് നൽകുകയും ഇതിനെതിരെ താമസക്കാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കമ്മീഷനെ നിയമിച്ചത്. മുനമ്പത്തെ വഖ്ഫ് ഭൂമി തർക്കം പഠിച്ച് പരിഹാരം നിർദേശിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിൽ വഖ്ഫ് ബോർഡിന്റെ അഭിപ്രായവും നിലപാടും കൂടി പഠിച്ചറിഞ്ഞ് വേണമായിരുന്നു കമ്മീഷൻ നിലപാട് സ്വീകരിക്കാനും റിപോർട്ട് തയ്യാറാക്കാനും.

ഏകപക്ഷീയവും പക്ഷപാതപരവുമാണ് നിലവിൽ കമ്മീഷൻ റിപോർട്ട്. സർക്കാറിന് സമർപ്പിക്കുന്നതിനു മുമ്പേ റിപോർട്ടിലെ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയ കമ്മീഷന്റെ നടപടിയും സംശയമുയർത്തുന്നു. രഹസ്യസ്വഭാവമുള്ളതാണ് സർക്കാർ നിയമിക്കുന്ന അന്വേഷണ കമ്മീഷനുകളുടെ റിപോർട്ടുകൾ. മുഖ്യമന്ത്രിക്ക് സമർപ്പിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭയിൽ വെക്കുമ്പോൾ മാത്രമാണ് അവ പൊതുരേഖയായി മാറുന്നത്. അതിനു മുമ്പ് കമ്മീഷൻ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ചട്ടങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരാണ്.

മുനമ്പത്തെ താമസക്കാർക്ക് പാർപ്പിട സൗകര്യം വേണമെന്നതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. പാർപ്പിട സൗകര്യം ഓരോ പൗരന്റെയും അവകാശമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കുടിയൊഴിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ 2024 ജൂലൈയിൽ സുപ്രീം കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പാർപ്പിട സൗകര്യം വഖ്ഫ് ഭൂമിയിൽ തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നിടത്താണ് പ്രശ്‌നം. മുനമ്പം ഭൂമി വഖ്ഫാണെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടതാണ്. ഒരു ഭൂമി വഖ്ഫാക്കിക്കഴിഞ്ഞാൽ എക്കാലത്തും വഖ്ഫായിരിക്കും. അത് റദ്ദാക്കാനോ ഭൂമിയുടെ സ്വഭാവം മാറ്റാനോ വാഖിഫിനോ വഖ്ഫ് ഭൂമി കൈകാര്യം ചെയ്യുന്നവർക്കോ അവകാശമില്ല. കേന്ദ്രത്തിന്റെ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷിചേരൽ അപേക്ഷയിൽ പിണറായി സർക്കാറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

മുനമ്പം ഭൂമിയുടെ കാര്യത്തിലും ബാധകമാണല്ലോ ഈ നിയമം. അതിനാൽ ഭൂമി വഖ്ഫായി തന്നെ നിലനിർത്തി അവിടുത്തെ താമസക്കാർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുകയോ സർക്കാർ മുൻകൈയെടുത്ത് പുനരധിവാസം നടപ്പാക്കുകയോ ആണ് പ്രായോഗികവും അഭികാമ്യവും. ഭൂമി ഫാറൂഖ് കോളജ് അധികൃതരിൽ നിന്ന് വിലകൊടുത്ത് വാങ്ങിയവരുണ്ടെങ്കിൽ അവർക്കുള്ള നഷ്ടപരിഹാരം ഫാറൂഖ് കോളജ് മാനേജ്‌മെന്റിൽ നിന്ന് ഈടാക്കുകയും വേണം. ദശകങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽ നിന്ന് കുടിയിറങ്ങുന്നതിന്റെ പ്രയാസമാണ് ചിലർ ഇക്കാര്യത്തിൽ ഒരു പ്രതിബന്ധമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അനിവാര്യഘട്ടത്തിൽ കുടിയൊഴിപ്പിക്കൽ പതിവ് കാര്യമാണ്. സംസ്ഥാനത്തും രാജ്യത്തെമ്പാടും വികസന പ്രവർത്തനങ്ങൾക്കു വേണ്ടി താമസക്കാരെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, വല്ലാർപ്പാടം കണ്ടെയ്‌നർ റെയിൽവേ ലൈൻ, ദേശീയപാതാ വികസനം, വിമാനത്താവള നിർമാണം തുടങ്ങി നിരവധി പദ്ധതികൾക്കു വേണ്ടി കേരളത്തിൽ തന്നെ പലപ്പോഴായി താമസക്കാരെ കുടിയിറക്കിയിട്ടുണ്ട്. അവർക്ക് ബദൽ സംവിധാനമൊരുക്കിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.

നിയമപരായി അവകാശപ്പെട്ടതും സ്വന്തമെന്ന് കൃത്യമായ രേഖകളുള്ളതുമായ ഭൂമിയും വീടുമാണ് ഇവർക്കൊക്കെ കൈയൊഴിയേണ്ടി വന്നതെങ്കിൽ മുനമ്പം ഭൂമിയുടെ സ്ഥിതി അതല്ല. നിലവിലെ താമസക്കാർക്ക് നിയമപരമായി അതിൽ അവകാശമില്ല. ഭൂമി വഖ്ഫാണെന്ന് അതേക്കുറിച്ച് പഠിച്ചവരെല്ലാം വിധിയെഴുതിയതാണ്. ഭൂമി ഫാറൂഖ് കോളജിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വഖ്ഫാക്കപ്പെട്ടതാണെന്നാണ് 1971ൽ പറവൂർ കോടതി വിധി പ്രസ്താവിച്ചത്. 1975ൽ ഹൈക്കോടതി ആ വിധി ശരിവെക്കുകയും ചെയ്തു.

പറവൂർ കോടതിയിൽ ഫാറൂഖ് കോളജ് മാനേജ്‌മെന്റ്‌നൽകിയ സത്യവാങ്മൂലത്തിലും ഭൂമി വഖ്ഫാണെന്ന് തറപ്പിച്ചു പറയുന്നു. ഫാറൂഖ് കോളജ് നൽകിയ ഈ സത്യവാങ്മൂലത്തിന്റെ കോപ്പി വഖ്ഫ് ബോർഡ് അടുത്തിടെ കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കുകയുമുണ്ടായി. 2008ൽ വി എസ് അച്യുതാനന്ദർ സർക്കാർ നിയമിച്ച നിസാർ കമ്മീഷനും വഖ്ഫാണെന്ന് സ്ഥിരീകരിച്ചു. പിന്നെ ഏതടിസ്ഥാനത്തിലാണ് ഭൂമി സംസ്ഥാന സർക്കാർ പിടിച്ചെടുത്ത് മുനമ്പം നിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന് കമ്മീഷൻ ശിപാർശ നൽകുക? എന്തധികാരത്തിലാണ് കമ്മീഷൻ ഈയൊരു നിർദേശം മുന്നോട്ടുവെച്ചത്? ഭരണഘടന ഉറപ്പ് നൽകിയ മതപരമായ അവകാശങ്ങളിന്മേലുള്ള കൈയേറ്റമായി വേണം ഇതിനെ കാണാൻ?